സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

1969 ജൂലൈ 20 ന്‌ ആണ്‌ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്‌. അവിടെനിന്നും ഇങ്ങോട്ട് കെപ്ലർ ടെലെസ്കോപ്പും ബഹിരാകാശ നിലയവും ചൊവ്വ ദൌത്യവും വരെ ഒത്തിരിയേറെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ മനുഷ്യൻ നേടിക്കഴിഞ്ഞു. ഡിജിറ്റൽ യുഗത്തിന്റെ വരവോടെ ഒരു വലിയ കെട്ടിടം മുഴുവൻ വ്യാപിച്ചുകിടന്ന കമ്പ്യൂട്ടർ ഒരു കൊച്ചു പെട്ടിക്കുള്ളിലേക്കും കൈക്കുള്ളിൽ ഒതുങ്ങുന്ന മൊബൈലിലേക്കും ചേക്കേറിക്കഴിഞ്ഞു. ഇന്റർനെറ്റ്‌ എന്ന ആഗോള നെറ്റ്‍വർക്ക്‌ നിമിഷ നേരംകൊണ്ട്‌ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവരുമായും ബന്ധം സ്ഥാപിക്കാൻ മനുഷ്യനെ ഇന്ന്‌ പ്രാപ്തനാക്കിയിരിക്കുന്നു.

അമേരിക്ക ചൈന തുടങ്ങിയ ആയുധ ഭീമന്മാരുടെ കൈവശം ലോകത്തെ മുഴുവൻ പല പ്രാവശ്യം നശിപ്പിക്കാൻ ആവശ്യമായ ആയുധശേഖരമുണ്ട്‌. അമേരിക്കയുടെ കൈയിൽനിന്നും എന്തെങ്കിലും ആയുധങ്ങൾ വാങ്ങാത്ത ലോക രാഷ്ട്രങ്ങൾ വളരെ കുറവാണ്‌. ഇനിയുമൊരു ലോക മഹായുദ്ധം ഉണ്ടായാൽ അത്‌ ആർക്കും വിജയം നൽകില്ല, പകരം നഷ്ടങ്ങളുടെ കണക്കെടുക്കാൻ പോലും ആരും അവശേഷിക്കില്ല എന്ന്‌ ഏറെക്കുറെ എല്ലാ രാഷ്ട്രങ്ങൾക്കും അറിയാം. അതിനാൽത്തന്നെ ആയുധങ്ങൾ കൈവശമുണ്ട്‌ എന്നുകാണിച്ച്‌ എതിരാളികളെ ഭയപ്പെടുത്തി നിറുത്താനാണ്‌ ഇന്ന്‌ മിക്ക രാഷ്ട്രങ്ങളും ശ്രമിക്കുന്നത്‌. എന്നിട്ടും പുതിയ ആയുധങ്ങൾക്കുവേണ്ടി രാഷ്ട്രങ്ങൾ കോടികൾ ചിലവഴിക്കുന്നു എന്നത്‌ വിചിത്രം തന്നെ.

ശാസ്ത്ര സാങ്കേതിക വിദ്യയിലും, ആയുധ ബലത്തിലും, വാർത്താവിനിമയ രംഗത്തും, എന്തിന്‌ ശൂന്യാകാശത്തുപോലും മനുഷ്യവാസം സാധ്യമാക്കിയ മനുഷ്യൻ ഇന്ന്‌ നഗ്നനേത്രങ്ങൾകൊണ്ട്‌ കാണാൻ കഴിയാത്ത ഒരു വൈറസിന്‌ മുൻപിൽ പകച്ചു നിൽക്കുന്നു. ലോകത്തെ ഒന്നടങ്കം നിമിഷങ്ങൾ കൊണ്ട്‌ ഭസ്മമാക്കാൻ തക്ക ആയുധ ശേഖരമുള്ള അമേരിക്കയാണ്‌ ഈ കൊച്ചു വൈറസിന്റെ ആക്രമണത്തിൽ ഇപ്പോൾ ഏറ്റവുമധികം മനുഷ്യജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യം. തങ്ങളുടെ ആയുധ കച്ചവടത്തിനുവേണ്ടി പല രാജ്യങ്ങളെയും യുദ്ധത്തിലേക്ക്‌ നയിച്ച്‌ ഒത്തിരിയേറെ മനുഷ്യജീവനുകൾ നഷ്ടപ്പെടുത്തിയ അമേരിക്കയ്ക്ക്‌ ഇത്‌ കാലം കാത്തുവെച്ച നീതി.

ഇവിടെയാണ്‌ നമ്മൾ നമ്മുടെ വളർച്ചയെ ഒന്ന്‌ വിലയിരുത്തി നോക്കേണ്ടത്‌. കരയിലെ ഏറ്റവും വലിയ ജീവി ആനയാണ്‌. എന്നാൽ ആനയ്ക്ക്‌ ഉറുമ്പിനെ പേടിയാണ്‌. കാട്ടിലെ രാജാവാണ്‌ സിംഹം. എന്നാൽ സിംഹത്തെയും ആനയെയും തന്റെ ചൊൽപ്പടിക്ക്‌ നിർത്താനും സർക്കസ്‌ കൂടാരത്തിലെത്തിച്ച്‌ അഭ്യാസങ്ങൾ ചെയ്യിക്കാനും കഴിവുള്ളവനാണ്‌ മനുഷ്യൻ. പക്ഷെ ആ നമ്മൾ നിസ്ലാരനായ ഒരു വൈറസിനു മുൻപിൽ മുഖം മറച്ച്‌ കൈകൾ കഴുകി സാമൂഹിക അകലം പാലിച്ച്‌ വീട്ടിൽത്തന്നെ ഇരിക്കുന്നു. അദൃശ്യനായ ഏതോ ശത്രു പുറത്തു നമ്മെ കാത്തിരിക്കുന്നു എന്ന ഭീതിയോടെ. എവിടെയാണ്‌ നമുക്ക്‌ പിഴച്ചത്‌?

വർഷങ്ങൾക്കു മുൻപേ പലരും - ലോക ധനവാനായ ബിൽഗേറ്റ്സ്‌ പോലും മുന്നറിയിപ്പ്‌ തന്നതാണ്‌ ഇനി വരുന്ന കാലത്തു വൈറസുകൾ നമുക്കുവേണ്ടി യുദ്ധം ചെയ്യുമെന്ന്‌. പ്രവചന രൂപേണ പലരും എഴുതിയ പുസ്തകങ്ങളിലും ഇക്കാര്യം പറഞ്ഞിരുന്നതാണ്‌. പക്ഷെ വസ്തുതകളുടെ പിൻബലമില്ലാത്ത അത്തരം വാക്കുകൾക്കു ആരും വിലകൊടുത്തില്ല എന്നതാണ്‌ സത്യം. അഥവാ ഭാവിയിൽ വരാൻ പോകുന്ന വൈറസ്‌ ഏതു വിധത്തിലുള്ളതാണ്‌ എന്നറിയാത്തതിനാൽ പ്രതിരോധ മാർഗങ്ങൾ എപ്രകാരം ആയിരിക്കണം എന്ന്‌ തീരുമാനിക്കാൻ ആർക്കും കഴിയാതെ പോയി.

ഇവിടെയാണ്‌ ഇന്ത്യയുടെ പ്രസക്തി. വികസിത രാജ്യങ്ങൾ എന്ന്‌ ഊറ്റംകൊണ്ടിരുന്ന യൂറോപ്യൻ രാജ്യങ്ങളും മറ്റു സാമ്പത്തിക ശക്തിരാഷ്ട്രങ്ങളും ഇന്ന്‌ മരുന്നിനുവേണ്ടി ഇന്ത്യക്കു മുൻപിൽ കൈനീട്ടുന്നു. ആരോഗ്യ മേഖലയിൽ വളരെ മുൻപന്തിയിൽ നിൽക്കുന്നു എന്നവകാശപ്പെട്ടിരുന്ന രാഷ്ട്രങ്ങൾ എല്ലാംതന്നെ ഇന്ന്‌ ആരോഗ്യ പ്രവർത്തകരുടെ സ്വയരക്ഷാ ഉപകരണങ്ങൾക്കായി നെട്ടോട്ടം ഓടുന്നു. ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തിയ അലോപ്പതി മേഖല ഇതിനുള്ള പ്രതിവിധി ഞങ്ങളുടെ കൈവശമില്ല എന്ന്‌ തുറന്നു സമ്മതിക്കുന്നു. പക്ഷെ അപ്പോഴും അവർ ഇന്ത്യയുടെ, കേരളത്തിന്റെ തനതായ ആയുർവേദത്തെയും, ജർമ്മനിയിൽ ഉത്ഭവിച്ച ഹോമിയോപ്പതി മരുന്നിനെയും തള്ളിപ്പറയുന്നു എന്നത്‌ അൽപ്പം സംശയ ദൃഷ്ടിയോടെ കാണേണ്ടിയിരിക്കുന്നു. 'കാരണം എനിക്കറിയില്ല പക്ഷെ നിനക്ക്‌ അറിയാൻ സാധിക്കുകയേ ഇല്ല' എന്ന നിലപാട് മരുന്ന്‌ മാഫിയകളുടെയും അലോപ്പതി ഡോകുർമാരുടെയും നിലനിൽപ്പിനായുള്ള നിലപാടായി മാത്രമേ കാണാൻ സാധിക്കു. കേരള സർക്കാർ ഇക്കാര്യത്തിൽ എടുത്ത ധീരമായ നിലപാടുകൾ പ്രശംസനീയം തന്നെയാണ്‌.

അഞ്ചാം പഞ്ചവത്സര പദ്ധതി ഇന്ത്യയിൽ രാസവളങ്ങളുടെ ഉപയോഗം വർധിപ്പിച്ചു. അത്‌ താൽക്കാലികമായി നമുക്കു വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യയുടെ തനതായ കൃഷി സംസ്കാരത്തെ നശിപ്പിക്കുകയാണ്‌ ചെയ്തത്‌. അതുപോലെ അലോപ്പതി മരുന്നിന്റെ തള്ളിക്കയറ്റം പല മേഖലകളിലും നമ്മെ കൈപിടിച്ചുയർത്തിയെങ്കിലും നമ്മുടെ തനതായ ആരോഗ്യ ജീവനത്തെ ഒരുപരിധിവരെ നശിപ്പിക്കുകയാണ്‌ ചെയ്യത്‌ എന്നുപറയേണ്ടിയിരിക്കുന്നു. നമുക്കും പഴമയിലൂന്നിയ ആധുനികതയിലേക്കു മടങ്ങേണ്ടിയിരിക്കുന്നു. നിസാര രോഗങ്ങൾക്കുപോലും കെമിക്കൽ മരുന്നുകൾ കഴിച്ച്‌ ശരീരത്തിന്റെ പ്രതിരോധശേഷി നശിപ്പിക്കുന്ന ആധുനിക യുഗത്തിന്റെ പ്രവണത നമ്മൾ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. പകരം ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉതകുന്ന നല്ല ഭക്ഷണ ശുചിത്വ ശീലങ്ങൾ നമ്മൾ ചെറുപ്പത്തിലേ ശീലമാക്കുക. നമ്മുടെ കൈകളുടെയും, ശരീരത്തിന്റെയും, പരിസരത്തിന്റെയും, പൊതു സ്ഥലങ്ങളുടെയും ശുചിത്വം നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്‌ എന്നും രോഗപ്രതിരോധത്തിന്റെ അടിസ്ഥാനം ശുചിത്വത്തിലാണ്‌ തുടങ്ങുന്നത്‌ എന്നും നാം ഓരോരുത്തരും മനസിലാക്കണം. കെട്ടി ഉയർത്തിയ പടുകൂറ്റൻ മാളുകൾ തങ്ങളുടെ ആരോഗ്യ സുരക്ഷക്ക്‌ മതിയാകില്ല എന്ന്‌ ലോകം തിരിച്ചറിഞ്ഞു. സംഭരിച്ചു വച്ചിരിക്കുന്ന ആയുധ ശേഖരം ജീവൻ രക്ഷിക്കാൻ ഉതകുന്നതല്ല എന്ന വികസിത രാഷ്ട്രങ്ങളുടെ തിരിച്ചറിവ്‌ ഭാവിയിലെ ആയുധ മത്സര ഭ്രാന്തിനുള്ള വിലങ്ങുതടിയാകും എന്ന കാര്യത്തിൽ സംശയമില്ല. മററു രാഷ്ട്രങ്ങളെയും മനുഷ്യരെയും ശത്രുക്കളായി കണ്ട്‌ പ്രതിരോധത്തിനായി ശതകോടികൾ മുടക്കുന്ന രാജ്യങ്ങളുടെ നിലപാടുകൾ മാറേണ്ടിയിരിക്കുന്നു. മനുഷ്യരെ മുഴുവൻ സഹജീവികളായി അംഗീകരിച്ച്‌ ആരോഗ്യ രംഗത്തെ അദൃശ്യ ശത്രുക്കൾക്കെതിരെ നമുക്ക്‌ ഒരുമിച്ചു പോരാടാം. രണ്ടാം ലോക മഹായുദ്ധവും ഡിജിറ്റൽ യുഗവും ഒക്കെ ഇനി പഴംകഥയായി മാറും. കൊറോണയ്ക്കു മുൻപും ശേഷവും എന്നായിരിക്കും ഇനി ലോകം അടയാളപ്പെടുത്താൻ പോകുന്നത്‌. ഇവിടെ ലോകം മാറുകയാണ്‌. മാറാം നമുക്കും. ശുചിത്വം ശീലമാക്കിയ, ഭക്ഷണം മരുന്നാക്കിയ, ആരോഗ്യം വികസനത്തിന്റെ മാനദണ്ഡമാക്കിയ നല്ലൊരു ജനതയായി നമുക്ക്‌ ഉയിർത്തെഴുന്നേൽക്കാം. ഇനിവരുന്നൊരു തലമുറയ്ക്കും ഇവിടെ ആരോഗ്യത്തോടെ ജീവിക്കാൻ സാധ്യമായ ഒരു വാസസ്ഥലമാക്കി ഭൂമിയെ മാറ്റിക്കൊണ്ട്‌ നമുക്കും കടന്നുപോകാം. അത്‌ മനുഷ്യനന്മയിലേക്കുള്ള മാറ്റമാകട്ടെ. ഇതിനെയും നാം അതിജീവിക്കും; കാരണം മനുഷ്യ ചരിത്രം തന്നെ അതിജീവനത്തിന്റെ ചരിത്രമാണല്ലോ.

നീന ജോബിന്ദ്
VII സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം