സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/അക്ഷരവൃക്ഷം/ഗിന്നസ് പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
ഗിന്നസ് പക്ഷി

ഇന്ന് പ്രധാന മന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധന ടി.വിയിൽ കണ്ടു. ലോക്ഡൗൺ ‍നീട്ടുകയാണത്രേ! വെറുതെ കുത്തിയിരുന്ന് ബോറടിച്ചപ്പോൾ ചാച്ചൻ പറ‍ഞ്ഞു,ഒരു പ്രകൃതി നിരീക്ഷണം നടത്തുവാൻ. മതിലിനപ്പുറത്തെ ഓമനക്കുട്ടൻ ചേട്ടന്റെ പുളിമാവിന്റെ താഴത്തെ ചില്ലയിൽ ചുള്ളിക്കമ്പുകൾകൊട്ട നെയ്ത അമ്മക്കിളിയെ ഞാൻ കണ്ടു. ആറോ ഏഴോ മുട്ടകളുണ്ടാവും. അടയിരിപ്പ് തുടങ്ങിയിട്ട് ഇന്നത്തേയ്ക്ക് ഒൻപത് ദിവസമാകുന്നു. ദിവസവും രണ്ടു തവണ കിളിക്കൂടിനടുത്തെത്തി ഞാൻ കുശലം അന്വേഷിക്കുമായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ്, അതിരാവിലെ, കിളിക്കുഞ്ഞുങ്ങളുടെ കലപില ശബ്ദം കേട്ടാണ് ഞാൻ മാവിൻ ചുവട്ടിലെത്തിയത്. മഴവില്ലിന്റെ നിറം തോൽക്കുന്ന വർണ്ണത്തിൽ കിളിക്കുഞ്ഞുങ്ങൾ മുട്ടയിൽ നിന്നും പുറത്ത് വന്നിരിക്കുന്നു! നാലാം ക്ലാസിൽ കരോളിൻ സിസ്റ്റർ പഠിപ്പിച്ചിരുന്നു, കിളികളുടെ അടയിരിപ്പുകാലം 21 ദിവസമെന്ന്. ഇതിപ്പോൾ 12 ദിവസമല്ലേ ആയുള്ളൂ?. ചാച്ചനോട് ഓടിച്ചെന്ന് കൗതുകം പറഞ്ഞു. മുമ്പേ മുട്ട വിരിയാൻ എന്തായിരിക്കും കാരണം? അതു കണ്ടെത്താനായി ചാച്ചന്റെ നിർദേശം. ഞാൻ പ്രകൃതിയെ അറിയുകയായിരുന്നു. സ്കൂൾ വിട്ടു വരുന്ന കുട്ടികൾ കല്ലും കമ്പുമുയർത്തി എറിഞ്ഞ് ഇറ്റുവീഴ്ത്തിയിരുന്ന പുളിയൻ കണ്ണിമാങ്ങ ഞാനും ഉപ്പുമുക്കി രുചിച്ചിരുന്നു. ഇപ്പോൾ മാവിൻ ചവട്ടിൽ വീണുകിടക്കുന്ന പ്രായം മൂത്ത മാങ്ങകൾക്ക് കൂട്ട് ഈച്ചകൾ... മനുഷ്യൻ ലോക്ഡൗണിൽ ആയപ്പോൾ പ്രകൃതി എത്രയോ ശാന്തം....... പുഴകൾ ശ്രുതിമധുരമായി പാടുന്നു. വിനോദയാത്രയ്ക്കു പോയ കിളികളെല്ലാം സ്വദേശം പൂകിക്കഴിഞ്ഞിരിക്കുന്നു....... ചക്കപ്പഴം മരത്തിൽ നിന്നും തറയില് വീണു‍ പോട്ടിത്തെറിക്കുന്നു......... പക്ഷിമുട്ട വിരിയാൻ എന്തിനു 21 ദിവസം? മനുഷ്യൻ വീടിനുള്ളിൽ അടയിരിക്കുമെങ്കിൽ 12 ദിവസം തന്നെ ധാരാളം. (ഒരു ലോക്ഡൗൺ കണ്ടെത്തൽ)

ആഷൻ പി.ശശി
9A സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ