സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ നമ്മൾ സൂക്ഷിപ്പുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ സൂക്ഷിപ്പുകാർ

ദൈവം നമുക്ക് നൽകിയിരിക്കുന്ന അമൂല്യമായ സമ്പത്താണ് പ്രകൃതി. അനേകായിരം വൃക്ഷലതാദികൾ പക്ഷിമൃഗാദികൾ പൂവുകൾ പൂമ്പാറ്റകൾ മഞ്ഞുമൂടിയ മലനിരകൾ പതഞ്ഞൊഴുകുന്ന നദികൾ രൂപത്തിലും ഭാവത്തിലും വ്യത്യസ്തരായ മനുഷ്യർ ഇവയെല്ലാം കൂടിച്ചേരുന്ന മനോഹരമായ ഇടമാണ് ഈ പ്രപഞ്ചം. കാറ്റും മഴയും വെയിലും തണലുമെല്ലാം ഈ പ്രകൃതി നമുക്ക് നൽകിയിരിക്കുന്ന ഭാനങ്ങളാണ്. ഇവയൊന്നും മനുഷ്യന്റെ സൃഷ്ടിക്കളല്ല. മനുഷ്യന്റെ ആവശ്യങ്ങൾക്കായി ദൈവം നൽകിയിരിക്കുന്ന വരദാനങ്ങളാണ്.അതിനാൽ ഈ പ്രപഞ്ചത്തിന്റെ സൂക്ഷിപ്പുകാർ മാത്രമാണ് മനുഷ്യർ എന്ന സത്യം നാം വിസ്മരിക്കരുത്. പ്രപഞ്ചം നമുക്കൊരു പാഠപുസ്തകം കൂടിയാണ്.
" ഇറുപ്പവന്നും മലർ ഗന്ധമേകും
വെട്ടുന്നവന്നും തരു ചൂടകറ്റും
ഹനിപ്പവന്നും കിളി പാട്ടുപാടും
പരോപകാര പ്രവണം പ്രപഞ്ചം "
എന്ന ഉളളൂരിന്റെ വരികളിലൂടെ നമുക്ക് വ്യക്തമാണ്. നമ്മെ ഉപദ്രവിക്കുന്നവരെയും നാം സഹായിക്കണം എന്ന ജീവിതപാഠം പ്രകൃതി നമുക്ക് നൽകുന്നു.
എന്നാൽ മനുഷ്യന്റെ ഇടപെടൽ മൂലം പരിസ്ഥിതിയിൽ വലിയ വ്യതിയാനങ്ങൾ സംഭവിക്കുന്നു. വരൾച്ച, പ്രളയം, ഭൂമി കുലുക്കം തുടങ്ങിയവയെല്ലാം മനുഷ്യന്റെ പ്രവർത്തികളുടെ ഫലമാണെന്നത് നമുക്ക് വ്യക്തമാണ്. പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. തന്റെ ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ തിരിയുമ്പോഴുണ്ടാകുന്ന പരിണത ഫലങ്ങളാണ് നാം ഇന്ന് കാണുന്ന പരിസ്ഥിതി പ്രശ്നങ്ങൾ .ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ഇത്തരം പ്രശ്നങ്ങൾ. മനുഷ്യന്റെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന വലിയൊരു വെല്ലുവിളിയാണ് നാം ഇന്ന് നേരിട്ടുക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ .
'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം പോലും പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടാണ് വികസനത്തിന്റെ പടികൾ കുതിച്ചു ക്കയറുന്നത്. വ്യക്തി ശുചിത്വത്തിൽ മുൻപന്തിയിലുള്ള കേരളീയർ സാമൂഹിക ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്. വ്യക്തി ശുചിത്വത്തോടൊപ്പം സാമൂഹിക ശുചിത്വത്തിനും പരിഗണന നൽകിയാൽ മാത്രമേ നാം ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമാകുകയുള്ളു. കുന്നുകളും മലകളും പുഴകളും പോലെ തന്നെ തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും കയ്പ്പാടുനിലങ്ങളും പരിസ്ഥിതിയുടെ നില നിൽപ്പിന് അത്യന്താപേക്ഷിതമാണ്‌. അതിനാൽ അവയുടെ സംരക്ഷണവും നമ്മുടെ ധാർമ്മിക ഉത്തരവാദിത്വമാണ്. വികസനത്തിന്റെ പുതുവഴി തേടലിന്റെ ലഹരിയിൽ മനുഷ്യർ പാടം നികത്തിയും മണൽവാരി പുഴ നശിപ്പിച്ചും വനംവെട്ടിയും പ്രകൃതിയെ മുറിവേൽപ്പിക്കുന്നു. ഇത്തരം കാഴ്ചപ്പാടിനാണ് മാറ്റം വരേണ്ടത്.ഈ നാം തയ്യാറായില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നമുക്ക് അനുഭവിക്കേണ്ടി വരും. ഇത്തരം ചൂഷണങ്ങൾക്കെതിരെ പ്രകൃതി ശബ്ദമുയർത്താൻ തുടങ്ങിയിരിക്കുന്നു .പ്രളയവും വരൾച്ചയും കുടിവെള്ള ക്ഷാമവുമെല്ലാം മനുഷ്യർക്കുള്ള മുന്നിയിപ്പാണ്. ഇനിയും ഇത് തന്നെ തുടരുകയാണെങ്കിൽ മറ്റ് ഗ്രഹങ്ങൾ തേടേണ്ടി വരും എന്ന മുന്നറിയിപ്പ്.
പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കണം. ഇന്ന് പല രാജ്യങ്ങളും പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും പരിഹാരമാർഗങ്ങൾ തേടുകയും ചെയ്യുന്നു.'ലോകത്തിന്റെ ശ്വാസകോശം' എന്നറിയപ്പെടുന്ന ആമസോൺ കാടുകൾ പോലും കോർപറേറ്റ് കമ്പനികൾക്ക് വിൽക്കുന്ന കാഴ്ചകൾ വേദനയോടെ നോക്കി നിൽക്കാനേ നമുക്ക് കഴിയുന്നുള്ളൂ. കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെ പോരാടുന്ന സ്വീഡിഷ് പെൺകുട്ടി ഗ്രേറ്റ ട്യുൻബർഗ് നമുക്കെല്ലാവർക്കും പ്രചോദനമാണ്.ഗോയെപ്പോലെ പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ പോരാടാൻ ഓരോ വിദ്യാർത്ഥിക്കും കടമയുണ്ട്.
ഈ ഭൂമിയെ നമുക്ക് പൂർവികരിലൂടെ പാരമ്പര്യമായി ലഭിച്ചതല്ല. നാം നമ്മുടെ മക്കളിൽ നിന്ന് കടം വാങ്ങിയതാണ് എന്ന വാക്യം എത്ര അർഥവത്താണ് .നാം ഈ ഭൂമിയുടെ അധികാരികളല്ല, സംരക്ഷകർ മാത്രമാണ്. അതിനാൽ പരിസ്ഥിതി സൗഹാർദ്ദപരമായി ജീവിച്ചുകൊണ്ട് നല്ലൊരു നാളെയ്ക്കു വേണ്ടി നമുക്ക് പരിശ്രമിക്കാം.

ആൻ മരിയ ജോസഫ്
10 സി സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം