സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ ചേർത്ത് പിടിക്കാം ഈ പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
ചേർത്ത് പിടിക്കാം ഈ പ്രകൃതിയെ

കോടാനു കോടി വർഷം പഴക്കമുള്ളതാണ് നമ്മുടെ ഭൂമി. ഭൂമിയിൽ മനുഷ്യർക്കും മറ്റ് സസ്യജാലങ്ങൾക്കും ജീവിക്കാൻ തക്ക രീതിയിൽ പരിവർത്തനപ്പെട്ട് നൂറ്റാണ്ടുകൾ കൊണ്ട് ഉരുത്തിരിഞ്ഞ ഒന്നാണ് ഭൂമിയുടെ പരിസ്ഥിതി.

ആദ്യകാലങ്ങളിൽ ചുട്ടുപഴുത്തു കൊണ്ടിരുന്ന ഭൂമി മെല്ലെ തണുക്കാനും അതിനെ തുടർന്ന് ഭൂമിയിൽ ജീവന്റെ കണിക ഉത്ഭവിക്കാനും ഇടയായി. ശാസ്ത്ര നിഗമനം കടലിലാണ് ജീവന്റെ ആദ്യ മുള പൊന്തിയത് എന്നാണ്. അങ്ങനെ ചെറു പ്രോട്ടീൻ കണങ്ങളായ അവ ധാരാളം പ്രതിസന്ധികൾ തരണം ചെയ്ത് ഇന്ന് കാണുന്ന പരിസ്ഥിതിയും ജീവജാലങ്ങളും ആയി പരിണമിച്ചു.

ഭൂമിയിലെ ജീവന്റെ സാന്നിധ്യവും ജലവും വായുവും, മഴയും, മഞ്ഞും, ഭൂമിയുടെ പുതപ്പ് ആയ ഓസോൺപാളിയും, ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.ഭൂമിക്ക് ദൈവം നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് ചന്ദ്രൻ. ഭൂമിയായി ശരീരത്തിൽനിന്ന് ചിതറിത്തെറിച്ചു കൂടിച്ചേർന്ന് ഭൂമിയെ തന്നെ വലയം ചെയ്യുന്ന ചന്ദ്രൻ; ഭൂമിയുടെ ഗുരുത്വാകർഷണ നിയന്ത്രണം ഉൽക്കവർഷണ നിയന്ത്രണം തുടങ്ങിയ നിരവധി കാര്യങ്ങളിൽ ചന്ദ്രന്റെ നിറ സാന്നിധ്യം മൂലം അവയെല്ലാം സന്തുലിതാവസ്ഥയിൽ വർത്തിക്കുന്നു.

ഇത്രയും വൈവിധ്യങ്ങൾ ഉള്ള ഭൂമിയെ നമുക്ക് 'അത്ഭുത സ്വർഗ്ഗം' എന്ന് വിളിക്കാം. എന്നാൽ ഈ സ്വർഗത്തിന് ഇന്ന് കോട്ടങ്ങൾ അനുഭവപ്പെടുന്നു. കാരണക്കാരൻ മനുഷ്യൻ മാത്രമാണ്. മനുഷ്യന്റെ അത്യാർത്തിയും ബുദ്ധി ശൂന്യതയും ആണ് ഇതിലെ മുഖ്യപ്രതികൾ. ഭൂമിയിലെ ഓരോ വസ്തുക്കളുടെയും അവകാശം മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങളും അതിന് അവകാശികളാണ്.

ഒരു ജീവിയും സ്വന്തം ആവാസസ്ഥലം നശിപ്പിക്കാറില്ല. അത് വരും തലമുറയ്ക്കും സുരക്ഷിതമായി പകർന്നുനൽകുന്നു. എന്നാൽ മനുഷ്യൻ വരുംതലമുറയ്ക്കായി എന്താണ് സംരക്ഷിക്കുന്നത്. ആകാശം മുട്ടെ വളർന്നുനിൽക്കുന്ന സൗദ ങ്ങളോ? എങ്കിൽ മനസ്സിലാക്കുക. ഈ സൗദങ്ങൾ വരും ജീവനെ പിന്തുണയ്ക്കില്ല. അവ താമസസ്ഥലം മാത്രമാണ്. അത് താമസയോഗ്യമായ പരിസ്ഥിതി പ്രദാനം ചെയ്യില്ല. ഉയർന്ന സൗദങ്ങളും വികസനവും നല്ലതാണ്. ഇവ വരുംതലമുറയെയും, രാജ്യത്തെയും ആകാശവും പിന്തള്ളി വളർന്നു വലുതാകാൻ സഹായിക്കും. എന്നാൽ അവ പ്രകൃതിയെ ഹനിക്കാതെ ആയിക്കൂടെ?

ഇത്തരം വളർച്ചകൾ നാളത്തെ യുഗത്തിനും കെട്ടിപ്പെടുക്കാവുന്നതാണ്. എന്നാൽ ഇന്ന് നാം നശിപ്പിക്കുന്ന പ്രകൃതി അങ്ങനെയല്ല. അത് ഒരു ക്ഷണം കൊണ്ട് പൊട്ടിമുളയ്ക്കുന്നതല്ല. ഇന്ന് നാം മലിനമാക്കുന്ന വായുവും, മണ്ണും, എന്തിന് നിസ്സാരനായി കാണാവുന്ന ഒരു പച്ചില പോലും മനുഷ്യനെക്കൊണ്ട് പുന:സൃഷ്ടിക്കാൻ ആവുന്നതല്ല. സൃഷ്ടിച്ചാൽ തന്നെ അവ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതുമാവില്ല.

ഭൂമിയുടെ രക്തമായി ആടിത്തിമിർത്തു ഒഴുകിയിരുന്ന നദികൾ ഉണ്ടായിരുന്നു ഇവിടെ. എന്നാൽ ഇന്ന് അവയുടെ ഓർമ്മപോലെ കൈകുമ്പിളിൽ ഒതുങ്ങാൻ തക്ക ശുദ്ധജലം മാത്രം. ഇന്ന് പുഴ നിറയെ ജലമൊഴുകണം എങ്കിൽ 'പ്രളയം' ഉണ്ടാവണം! എങ്കിൽ വെള്ളമുള്ള സ്ഥലങ്ങളിൽ ആകട്ടെ ഫാക്ടറി മാലിന്യം തുപ്പുന്ന വലിയ വായകൾ അവിടേക്ക് തുറന്നിരിക്കുന്നു. അവയുടെ ഉത്ഭവസ്ഥാനം ആണ് രാസ ഫാക്ടറികൾ. ഇങ്ങനെ ജലമലിനീകരണം സംഭവിക്കുമ്പോൾ ജലജീവികൾക്ക് മാത്രമാണ് പ്രശ്നം എന്ന് വിചാരിക്കരുത്. പ്രകൃതിയുടെ 'ഓക്സിജൻ ഫാക്ടറികൾക്ക്‌' കൂടിയാണ് ഹാനി ആകുന്നത്. ഒരു കാലത്ത് ഓക്സിജൻ എന്ന വാതകം ഭൂമിയിൽ ഇല്ലായിരുന്നു. അന്ന് ആയിറോബുകൾ എന്ന അണു കോശങ്ങൾ കോശങ്ങൾ രൂപംകൊണ്ടു. അവ ഓക്സിജൻ പുറംതള്ളി. അങ്ങനെ പ്രകൃതിയിൽ ഓക്സിജന്റെ അളവ് വർദ്ധിച്ചു തുടങ്ങി. അവയിൽ പ്രധാനപ്പെട്ട അയിറോബ്‌ ആണ് ജലാശയത്തിൽ ജീവിക്കുന്ന 'സൈനോ ബാക്ടീരിയ'. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഓക്സിജൻ ഇല്ലാതെ ആയാൽ ഇവയ്ക്ക് മാത്രമേ അവ പുന:സ്ഥാപിക്കാൻ സാധിക്കുകയുള്ളു. മലിനീകരണത്തിലൂടെ ഇവയും ഭൂമിയിൽ നിന്ന് പതിയെ പതിയെ ഇല്ലാതാവും. പിന്നീട് ഓക്സിജൻ ഇല്ലാതായാൽ എന്ത് സംഭവിക്കുമെന്ന് ആരെയും ആരും പഠിപ്പിക്കേണ്ടതില്ലല്ലോ?

ഇനിയുമുണ്ട് ഫാക്ടറികൾക്ക് ഭൂമിയുടെ നിലതെറ്റിക്കാൻ തക്ക കുഴലുകൾ. വിഷം തുപ്പുന്ന പുകക്കുഴലുകൾ. ശുദ്ധവായു കിട്ടാത്ത സാഹചര്യം ഇന്ന് ലോകത്ത് പലയിടത്തും ഉണ്ട്. പരിഹാരമായി ഓക്സിജൻ പാർലറുകളും. വായു മലിനീകരണത്തിലുമുണ്ട് പ്രധാനമായ രണ്ടു വില്ലന്മാർ:-

പ്ലാസ്റ്റിക്ക്‌, വനനശീകരണം.

പ്ലാസ്റ്റിക്- ലോകത്തിലെ തന്നെ ഏറ്റവും മനോഹരവും ഉപയോഗപ്രദവുമായ കണ്ടുപിടിത്തം. എന്നാൽ മനുഷ്യന്റെ അശ്രദ്ധമൂലം നായകനായിരുന്ന പ്ലാസ്റ്റിക്കിന് വില്ലൻ പരിവേഷം ഉടലെടുക്കേണ്ടി വന്നു. അത് വായുവിനെയും, ഭൂമിയേയും, ജലത്തെയും ഒരുപോലെ മെല്ലെമെല്ലെ കാർന്നു തിന്നാൻ തുടങ്ങി. അത് അവൻ വിനാശം ആയി ഇപ്പോൾ പതിക്കുന്നു. മനുഷ്യന് ബോധോദയമുണ്ടായി പ്ലാസ്റ്റിക്കിന് നിരോധനാജ്ഞ പുറപ്പെടുവിച്ചു. അങ്ങനെ ആ വില്ലനെ ഏറെക്കുറെ ഒതുക്കി. ഇനി വനനശീകരണം. ഇതിനു ഗവൺമെന്റ് തട ഇട്ടിട്ടുണ്ട് എന്നാൽ നേരത്തെ നശിപ്പിച്ചു മരങ്ങൾക്ക് പരിഹാരം ചെയ്യുന്നവർ വിരളം.

വായുമലിനികരണം ആധുനിക കാലത്തെ ഏറ്റവും വലിയ പ്രശ്നമാണ് വായുമലിനീകരണം വായു മലിനപ്പെട്ടാൽ അത് വിള്ളൽ വീഴത്തുന്നത് ഭൂമിയുടെ സംരക്ഷണം കവചത്തിന് കൂടിയാണ്. അത് സൂര്യന്റെ യുവി രശ്മികൾ മൂലമുണ്ടാകുന്ന കഠിനമായ ത്വക്ക് രോഗങ്ങൾക്ക് കാരണമാക്കുന്നു. ഒരുപക്ഷേ മലിനീകരണവും ദുരുപയോഗവും ഒക്കെ അമിതമായാൽ മനുഷ്യരാശിയെ മാത്രമല്ല സകല ജീവജാലങ്ങളേയും കൊന്നൊടുക്കാൻ പ്രാപ്തിയുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത വിരളമല്ല.

അമൂല്യനിധി കളുടെ കലവറയാണ് ഭൂമി. ജലം, മണ്ണ്, ഭൂമിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെട്ടിരുന്ന നിധികൾ ഇങ്ങനെ എന്തെല്ലാം. ഈ സുഖഭോഗങ്ങൾ നാം മാത്രമായി ഉപയോഗിച്ച് തീർക്കാതെ വരും തലമുറയ്ക്ക് കൂടി കൈമാറാം. ഭൂമിയുടെ സ്വത്തുക്കൾ നമുക്ക് പൊതിഞ്ഞു പിടിച്ചു സംരക്ഷിക്കാം. വികസനവും വളർച്ചയും ഉണ്ടാകട്ടെ അത് പ്രകൃതിയെ ഹനിക്കാതെ ആകട്ടെ. ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ വറ്റിവരണ്ട വിണ്ടുകീറിയ ഒരു തരിശുഭൂമി മാത്രമേ നമുക്ക് വരും തലമുറയ്ക്ക് കൈമാറാനാകൂ. ചുട്ടുപഴുത്ത ഭൂമിയിൽ ഒരിറ്റു ദാഹജലത്തിനായി യാചിക്കുന്ന തലമുറയെ നമുക്ക് കാണേണ്ടി വരും.

മാനവകുലത്തിന്റെ നിലനിൽപ്പിനായുള്ള യുദ്ധം ആരംഭിച്ചു കഴിഞ്ഞു. മനുഷ്യന്റെ എതിരാളി ഒരിക്കലും തീരാത്ത ത്വര മൂലം മനുഷ്യൻ മാറ്റിമറിച്ച നശിപ്പിച്ച പ്രകൃതി തന്നെയാണ്. വരൂ നമുക്ക് മണ്ണിലേക്ക് ഇറങ്ങാം. വരാനിരിക്കുന്ന വറുതിയുടെ നാളുകളിൽ ചെറുത്തുതോൽപ്പിക്കാൻ നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം. അന്തരീക്ഷ ഊഷ്മാവ് ഉയർത്തുന്ന ഒരു നടപടികളും ഇനി ഉണ്ടാകരുത്. കാരണങ്ങൾക്കപ്പുറം കാര്യങ്ങൾ ചെയ്യുന്നവരാണ് കർമ്മശേഷി ഉള്ളവർ. അവനവന്റെ ഉള്ളിലെ നിശ്ചയദാർഢ്യമാണ് ജീവതത്തിനു വില ഇടേണ്ടത്. മാനവകുലത്തിന് പൂർണ്ണതയുടെ പാരമ്യത്തി നായി വരൂ നമുക്ക് പ്രകൃതിയോട് ഒത്തു മുന്നേറാം.

സാന്ദ്ര മരിയ ഡെന്നി
8 C സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം