വ്യക്തിയും സമൂഹവും
ശരീരവും മനസ്സും രണ്ടല്ല. അതുപോലെ സമൂഹവും വ്യക്തിയും രണ്ടല്ല. ആരോഗ്യത്തിന്റെ ഉത്തരവാദിത്വം ഓരോ വ്യക്തിയിലും ആണ് അടങ്ങിയിട്ടുള്ളത്.അപ്പോൾ വ്യക്‌തിശുചിത്വം സമൂഹത്തിനും കൂടി ഉപയോഗപ്രദം ആണ്. ഓരോ വ്യക്തിയുംസ്വന്തം ശുചിത്വത്തെയും ആരോഗ്യത്തെയും കുറിച്ച് ബോധം ഉള്ളവരാണെങ്കിൽ അവർ സമൂഹത്തിനു വേണ്ടി ജീവിക്കുന്നവരാണ്. സമൂഹത്തിനോടും നാടിനോടും പ്രതിബദ്ധത ഉള്ളവർ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നവർ ആണ്.
വ്യക്തികൾ സ്വയം ആയി പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവയെല്ലാം കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളിൽ നിന്നും അതുപോലെ മറ്റുരോഗങ്ങളിൽ നിന്നും എല്ലാം മോക്ഷം നേടുവാൻ കഴിയും നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ പാലിക്കേണ്ട ശുചിത്വ മര്യാദകൾ കുറവുകൂടാതെ പാലിച്ചാൽ ,ആരോഗ്യപ്രദമായ ജീവിതം നയിക്കാൻസാധിക്കും.
കൂടെക്കൂടെ കൈകൾ കഴുകുക,ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.ഇതിലൂടെ വയറിളക്ക രോഗങ്ങൾ , വിരകൾ തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം. ഈ കാലഘട്ടത്തിൽ പൊതു സ്ഥലങ്ങൾ സന്ദർശി ച്ചതിനു ശേഷം നിർബന്ധമായും സോപ്പു പയോഗിച്ചു കൈകൾ കഴുകണം. കുറഞ്ഞത് ഇരുപത് സെക്കന്റ് നേരം എങ്കിലും കൈകൾ ഉരച്ചു കഴുകുന്നത് നല്ലതാണ്. ഇതിലൂടെ രോഗങ്ങളിൽ നിന്നും ഒഴിവാകാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ, തൂവാല കൊണ്ടോ മുഖം മറക്കുക. മറ്റുള്ളവർക്ക് രോഗം പകരാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. തൂവാ ലയും മാസ്കും ഉപയോഗിക്കുന്നത് കൊണ്ട് വായുവിൽ രോഗാണുക്കൾ പടരുന്നത് തടയാൻ സാധിക്കും. വായ, മൂക്ക് , കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതെ ഇരിക്കുക. പകർച്ചവ്യാധികളോ മറ്റു രോഗങ്ങളോ ഉള്ളവർ പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നന്നത് ഒഴിവാക്കുക. അഥവാ രോഗബാധിതരുമായി ഇടപഴക്കേണ്ടി വന്നാൽ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക ഉയർന്ന നിലവാരമുള്ള മാസ്ക് ഉപയോഗിക്കുക പരിചയമുള്ളവരെ കാണുമ്പോൾ ഹസ്തദാനം നൽകുന്നത് ഒഴിവാക്കുക ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലെയുള്ള രോഗാണുക്കളെ ചെറുത്തു നിൽക്കാൻ സഹായിക്കും.
മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത് , ചീപ്പ് , സോപ്പ് , ഷേവിങ്ങ് സെറ്റ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കഴിവതും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, അടി വസ്ത്രങ്ങളും മറ്റും വൃത്തിയായി കഴുകി ഉണക്കുക, എന്നീ കാര്യങ്ങളും ശ്രദ്ദിക്കേണ്ടതാണ്. ഫാസ്റ്റ് ഫുഡുകൾ കഴിവതും ഒഴിവാക്കുക, പഴങ്ങളും, പച്ചക്കറികളും, പയറുവർഗങ്ങളും മിതമായി ഉപയോഗിക്കുക. മത്സ്യവും മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക തുടങ്ങിയവ എല്ലാം രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ആരോഗ്യകരവും സുരക്ഷിതവുമായ ജീവിതം നയിക്കാനും രോഗങ്ങളിൽ നിന്നും മുക്തി നേടാനും ശുചിത്വം പാലിക്കുക അത്യാവശ്യമാണ്. രോഗം വന്നതിന് ശേഷം ചികിൽ സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|