സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/എന്റെ ഗ്രാമം/നാട്ടുവാർത്തകൾ
ആവേശതാരമായി നീരജ് മാധവ്
കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഇന്നലത്തെ മുഖ്യാതിഥിയായി എത്തിയ നടൻ നീരജ് മാധവ് കയാക്കിങ് കായികതാരങ്ങൾക്കും ജനത്തിനും ആവേശമായി. വൻ ജനാവലിയാണ് പുലിക്കയത്തെത്തിയത്. ഉച്ചയോടെയെത്തിയ നീരജ് മാധവിനെ ആർപ്പുവിളിയോടെയാണ് ജനം സ്വീകരിച്ചത്. കയാക്കിങ് മേളയ്ക്കെത്തിയകായികതാരങ്ങളോടും മേള കാണാനെത്തിയ ജനത്തിനോടും നീരജ് അഭിനന്ദനം അറിയിച്ചു.പിന്നീടു മൽസരത്തിന്റെ സ്റ്റാർട്ടിങ് വേദിയായ കയാക്കിങ് ഡൈവിങ് റാംപിൽ കയറി മൈക്കെടുത്ത് കായികതാരങ്ങളെ ആവേശം കൊള്ളിക്കാനും വിദേശ-സ്വദേശ കായികതാരങ്ങളോടൊപ്പവും ജനങ്ങളോടൊപ്പം നിന്നും സെൽഫി എടുക്കാനും നീരജ്സമയം ചെലവഴിച്ചു. സെൽഫി എടുക്കുന്നവരുടെ തിക്കിലും തിരക്കിലും ഏറെ നേരം പവിലിയനിലിരുന്നു മത്സരം കണ്ട ശേഷം തുഷാരഗിരിയിലെയും അരിപ്പാറയിലെയും വെള്ളച്ചാട്ടങ്ങളും സന്ദർശിച്ചാണ് നീരജ് മാധവ് മടങ്ങിയത്.
ഏഴാമത് മലബാർ റിവർ ഫെസ്റ്റിവൽ ഉദ്ഘാടനം
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമുന ഹംസ, പഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി ചാക്കോ, പി.ടി.അഗസ്റ്റിൻ, കലക്ടർ സാംബശിവറാവു, ജോർജ് എം.തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ പങ്കെടുത്തു.
അഭിമാനമായി പൂർവ്വവിദ്യാർത്ഥികൾ
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ കയാക്കിങ് മത്സരത്തിൽ മാറ്റുരച്ചു കൊണ്ട് പുല്ലൂരാംപാറയിലെ വടക്കുംപുറം നിധിൻ ദാസും നിഖിൽ ദാസും നാടിന്റെ അഭിമാന താരങ്ങൾ ആയി മാറി. ഈ മത്സരത്തിൽ സൂപ്പർ ഫൈനലിൽ കയറിയ ആദ്യ മലയാളി എന്ന സ്ഥാനം കരസ്ഥമാക്കിയ നിധിൻ ദാസ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
യു.എൽ.സി.സി. മലബാർ സ്പോർട്സ് അക്കാദമി ജഴ്സി പ്രകാശനം ചെയ്തു.
പതിനാറോളം വർഷങ്ങളായി പുല്ലൂരാംപാറ ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന മലബാർ സ്പോർട്സ് അക്കാദമിയ്ക്ക് കേരളത്തിലെ നിർമ്മാണപ്രവർത്തനരംഗത്തെ അതികായൻമാരായ ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയുടെ സഹായം. അക്കാദമിയിലെ കായികതാരങ്ങൾക്കുള്ള 2019 - 20 വർഷത്തേക്കുള്ള ജഴ്സിയും ഡ്രസ്സ് കിറ്റും ഊരാളുങ്കൽ സൊസൈറ്റി സ്പോൺസർ ചെയ്തു.
കഴിഞ്ഞ പതിനാറ് വർഷങ്ങൾ കൊണ്ട് നേടിയ അഭിമാനാർഹമായ നേട്ടങ്ങൾക്കുള്ള അംഗീകാരമായി ഊരാളുങ്കൽ സൊസൈറ്റി നല്കിയ ഈ സ്പോൺസർഷിപ്പിനെ കണക്കാക്കാവുന്നതാണെന്ന് ജഴ്സി പ്രകാശനച്ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും അക്കാദമിയുടെ മുൻ കൺവീനറുമായ പി.ടി. അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പതിനാറ് വർഷങ്ങൾ കൊണ്ട് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഏറെ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കാൻ മലബാർ സ്പോർട്സ് അക്കാദമിക്ക് സാധിച്ചിട്ടുണ്ട്.
അക്കാദമി കൺവീനർ ടി.ടി. കുര്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് പി.ടി. അഗസ്റ്റിൻ ജഴ്സി പ്രകാശനം ചെയ്തു. അക്കാദമി ചീഫ് കോച്ച് ടോമി ചെറിയാൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, വിൽസൻ ടി മാത്യു, പുല്ലൂരാംപാറ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബെന്നി ലൂക്കോസ് , ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി മൈക്കിൾ, ടി.എം. ജോസഫ്, ജോസുകുട്ടി നീണ്ടുക്കുന്നേൽ, സോമൻ പുതുപ്പറമ്പിൽ, ബെന്നി തറപ്പേൽ, റോയ് ഓണാട്ട്, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.