സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/മായുന്ന കിനാവുകളും ഉയരുന്ന പ്രതീക്ഷകളും

Schoolwiki സംരംഭത്തിൽ നിന്ന്
മായുന്ന കിനാവുകളും ഉയരുന്ന പ്രതീക്ഷകളും


കൊറോണയെന്ന വൻ മഹാമാരിക്കു മുമ്പിൽ ഇന്നു ലോകം നടുങ്ങിയിരിക്കുന്നു. ശബ്ദകോലാഹലങ്ങൾ നിറഞ്ഞ വൻ നഗരങ്ങൾ ഇന്നു വിജനതയുടെ താഴ് വരയിലേയ്ക്ക് ചുരുങ്ങിക്കൂടിയിരിക്കുന്നു. മനുഷ്യരെല്ലാമിന്ന് കൂട്ടിലടച്ച കിളിയെപ്പോലെ വീടിനുള്ളിൽ കഴിയുന്നു. ആഘോഷങ്ങളുടെ ആരവം ഉയർത്തേണ്ട കുട്ടികൾ ഇന്നു മൂകരായിരിക്കുന്നു. എവിടെയും നിശബ്ദത. ഭയപ്പെടുത്തുന്ന മരണസംഖ്യകൾ. മനുഷ്യനേത്രങ്ങൾക്കു കാണാൻ പോലും സാധിക്കാത്ത ഒരു ചെറു വെെറസിന്റെ നടനമാണിത്. എല്ലാറ്റിനെയും അടക്കി വാഴാൻ സാധിക്കുമെന്ന മനുഷ്യമനസ്സിന്റെ തോന്നലിന് തിരിച്ചടിയാണ് ഈ വെെറസ്. എല്ലാ മനുഷ്യരെയും കൊറോണ ഒരു പോലെ ബാധിച്ചിരിക്കുകയാണ്. അവിടെ സമ്പന്നനെന്നോ ദരിദ്രനെന്നോ അറിവുള്ളവനെന്നോ ഇല്ലാത്തവനെന്നോ എന്ന വേർതിരിവില്ല. കൊറോണയെ നമ്മുടെ ലോകത്തിൽ നിന്ന് ചുരുട്ടിയെറിയേണ്ടത് നമ്മളാണ്. അതു നമ്മുടെ കടമയാണ്. ഇതിനുത്തമ മാതൃകയാണ് നമ്മുടെ കേരളം. കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറിയത് ഇപ്പോഴാണ്. ഒരു യുദ്ധത്തിൽ പടപൊരുതുന്ന സെെന്യത്തെപ്പോലെ കോവിഡിനെ എതിർക്കാൻ സ്വന്തം ജീവനേയും ജീവിതത്തേയും മറന്നു കൊണ്ട് നിസ്വാർത്ഥസേവനം കാഴ്ച വയ്ക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ എന്നിവർ ഏറെ അഭിനന്ദനമർഹിക്കുന്നു. ഇതിനിടെ സ്വന്തം ജീവിതം ബലി കഴിക്കേണ്ടി വന്നവരുണ്ട്. ഇവരാണ് യഥാർത്ഥ പോരാളികൾ. ചെെനയിലെ വുഹാനിൽ തുടങ്ങിയ കൊറോണ ഇന്നു ലോകത്താകമാനം വ്യാപിച്ചിരിക്കുന്നു. കൊറോണയെ തുരത്താൻ നമുക്കാവശ്യം ഭയമല്ല,മറിച്ച് പ്രത്യാശയും കരളുറപ്പുമാണ്. നിപ്പയേയും പ്രളയത്തേയും അതിജീവിച്ചവരാണ് നമ്മൾ. ആ ചങ്കുറപ്പുള്ള ജനത്തിന് ഈ കൊറോണയേയും തുരത്താൻ സാധിക്കും. കൊറോണയെ തുരത്താൻ നമ്മുടെ കെെവശമുള്ള വജ്രായുധമായ വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക. കെെകൾ വൃത്തിയായി കഴുകുക,ആവശ്യമെങ്കിൽ മാസ്ക് ധരിക്കുക. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കൊറോണയാകുന്ന മഹാമാരിയെ നമുക്കീ ലോകത്തിൽ നിന്നു തന്നെ കെട്ടുകെട്ടിക്കാം. ആഘോഷങ്ങളും സന്തോഷവും നിറഞ്ഞ ഒരു പുതു പുലരി പിറവിയെടുക്കുമെന്നും മാഞ്ഞു പോയ കിളികളുടെ രാഗം കേൾക്കാനാകുമെന്നും സമൃദ്ധിയുടെ വിളവെടുക്കാനാകുമെന്നും നമുക്കു പ്രതീക്ഷിക്കാം.


ക്രിസ്റ്റോ ജെറോം ബെന്നിച്ചൻ
8 A സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം