സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ സ്കൂളിലെ ചെണ്ടമേളം കലാകാരൻ അജിത്

കേരളത്തിന്റെ തനതായ ഒരു തുകൽവാദ്യോപകരണമാണ്‌ ചെണ്ട. ഇംഗ്ലീഷ്: Chenda . [tʃeɳʈa]) ഒരു അസുര വാദ്യം എന്നാണറിയപ്പെടുന്നത്. വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ (ചെണ്ടക്കുറ്റി) നിന്നാണ് ചെണ്ട ഉണ്ടാക്കുക. ചെണ്ടകൊട്ടുകാരന്റെ കഴുത്തിൽ ലംബമായി തൂക്കിയിടുന്ന ഈ വാദ്യോപകരണത്തിന്റെ രണ്ടറ്റത്തും വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കുന്നതരത്തിലാണ് നിർമ്മിച്ചിരിക്കുക. ചപ്പങ്ങം പോലുള്ള മരത്തിന്റെ രണ്ട് കോലുകൾ ഉപയോഗിച്ച് ചെണ്ട കൊട്ടുന്നു. ചെണ്ട എന്നുമുതലാണ് ഉപയോഗത്തിൽ വന്നതെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഇല്ല.

കേരളീയ മേളവാദ്യങ്ങളായ ചെണ്ടമേളം, തായമ്പക , പഞ്ചാരി മേളം , പാണ്ടി മേളം, ശിങ്കാരി മേളം എന്നിവയിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണമാണ്‌ ചെണ്ട. കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലെയും കഥകളി, കൂടിയാട്ടം, കന്ന്യാർ കളി, തെയ്യം, തുടങ്ങിയ നാടൻ കലാരൂപങ്ങളിലേയും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും, തമിഴ് നാട്ടിൽ കന്യാകുമാരി ജില്ലയിലും, കർണാടകത്തിന്റെ തുളുനാടൻ ഭാഗങ്ങളിലും ചെണ്ട ഉപയോഗിക്കുന്നു. കർണാടകത്തിൽ ഇത് ചെണ്ടെ എന്ന് അറിയപ്പെടുന്നു. കർണാടകത്തിലെ യക്ഷഗാനം എന്ന നൃത്ത-നാടക കലാരൂപത്തിലും ചെണ്ട ഉപയോഗിക്കുന്നു. ഇടി മുഴക്കതിന്റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യോപകരണമാണു ചെണ്ടയെപ്പറ്റി പറയാറുണ്ട്. എല്ലാ താളവും ചെണ്ടക്ക് താഴെ എന്നൊരു പഴഞ്ചൊല്ല് ഉള്ളത് അതിന്റെ ശക്തി വിളിച്ചോതുന്നു. അത് കൊണ്ട് തന്നെ ചേണ്ടയെ 18 വാധ്യങ്ങൾക്ക്‌ തുല്യമായി കണക്കാക്കുന്നു.