സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആദ്യകാല കുടിയേറ്റ ജനത തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേേണ്ടിി 1952ൽ ഒരു പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പടവുകൾ താണ്ടി ഒരു ഉത്തമ മാതൃകാവിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു.

1947 മുതൽ തിരുവിതാംകൂർ പ്രദേശത്ത് നിന്ന് ഇവിടെ കുടിയേറി താമസിച്ച് കൃഷി ചെയ്ത് ജീവിച്ചിരുന്നവരുടെ മക്കൾക്ക് വിദ്യാഭ്യാസത്തിനായി തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലെ സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നത് വളരെ ക്ലേശകരമായിരുന്നു.

അന്ന് തിരുവമ്പാടി പള്ളി വികാരിയായിരുന്ന അത്തനേഷ്യസ് അച്ചന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരു കമ്മിറ്റി രൂപീകരിച്ച് സ്കൂൾ തുടങ്ങുവാൻ ഒരു താല്ക്കാലിക ഷെഡ് പണിതുയർത്തി. 1952 ജൂൺ മാസത്തിൽ ഒന്നു മുതൽ മൂന്നുവരെ ക്ലാസുകളിലായി 82 ആൺകുട്ടികളും 59 പെൺകുട്ടികളും അടക്കം 141 കുട്ടികളും നാട്ടുകാരായ നാല് അധ്യാപകരുമായി വിദ്യാലയം ആരംഭിച്ചു. ജോസഫ് മത്തായി കണ്ടത്തിൽ ആയിരുന്നു ആദ്യം പ്രവേശനം നേടിയ വിദ്യാർഥി.1952-ൽ മൂന്നുവരെ ക്ലാസുകൾക്കും 1953-ൽ നാലാം ക്ലാസിനും അംഗീകാരം ലഭിച്ചു. പിന്നീട് നാട്ടുകാരായ അങ്ങേവീട്ടിൽ ഈപ്പൻ, ചോക്കാട്ട് ഔസേപ്പച്ചൻ, ടി.പി.കുര്യൻ, ജോസഫ് എന്നീ താല്ക്കാലിക അധ്യാപകർക്കു പകരം പുതിയതായി വി.ടി. ജോസഫ്, പി.എസ്. ചാക്കോ, ഇ.സി. പൊറിഞ്ചു,കെ.ജെ ചാക്കോ എന്നീ ട്രെയിൻഡ് അധ്യാപകർ നിയമിതരായി. ആദ്യകാല അധ്യാപകർക്ക് കമ്മിറ്റിക്കാർ പിരി വെടുത്ത് നാമമാത്രമായ വേതനം നല്കിയിരുന്നു. ക്ലാസുകൾ വർധിച്ചതനുസരിച്ച് കൂടുതൽ അധ്യാപകർ വന്നു ചേർന്നു. ഫാ. അത്തനേഷ്യസിനു പകരം നിയമിതനായ ഫാ. കെറുബിന്റെ ശ്രമഫലമായി അന്നത്തെ മദ്രാസ് സർക്കാരിൽ നിന്ന് സ്കൂളിന് അംഗീകാരം ലഭിച്ചു. 1954-ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ സ്കൂളിലെ ആദ്യ ബാച്ച് കുട്ടികൾ 1957-ൽ എസ് .എസ്.എൽ.സി. പരീക്ഷ എഴുതി. അക്കാലത്ത് പുന്നക്കൽ, ആനക്കാംപൊയിൽ, നെല്ലിപ്പൊയിൽ എന്നീ പ്രദേശങ്ങളിലെ കുട്ടികളും പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്. 1965-70 കാല ഘട്ടങ്ങളിൽ 1500 കുട്ടികളും അമ്പതോളം അധ്യാപകരുമുള്ള സ്ഥാപനമായി സ്കൂൾ വളർന്നു കഴിഞ്ഞിരുന്നു. സമീപ പ്രദേശങ്ങളിൽ സ്കൂളുകൾ വന്നതോടെ കുട്ടികൾ കുറഞ്ഞു.

1954-ൽ സ്ക്കൂളിന്റെ പ്രഥമ മാനേജരായി ചുമതലയേറ്റ ഫാ. ബർത്തലോമിയോ നാട്ടുകാരുടെ സഹായത്തോടെ സ്കൂളിന്റെ കെട്ടിട സൗകര്യം ഏറെ മെച്ചപ്പെടുത്തി. പിന്നീട് മാനേജർമാരായി എത്തിയ ഫാ. ബർണാഡിൻ, ഫാ.അഗസ്റ്റിൻ കീലത്ത്, എന്നിവരും സ്കൂളിന്റെ പുരോഗതിക്കായി പ്രയത്നിച്ചു. 1967-ൽ ഈ വിദ്യാലയം തലശ്ശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി. 1987-ൽ കോർപ്പറേറ്റ് വിഭജനത്തെ തുടർന്ന് സ്കൂൾ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിലായി. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട്ട് ആണ്.

വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ വിവിധകാലങ്ങളിൽ സ്കൂളിന്റെ ലോക്കൽ മാനേജർമാരായി സേവനമനുഷ്ഠിച്ച ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേൽ, ഫാ. മാത്യു കൊട്ടുകാപ്പള്ളിൽ, ഫാ.ഏബ്രഹാം പൊരുന്നോലിൽ, ഫാ ജോസ് മണിമലത്തറപ്പിൽ, ഫാ. ജോസഫ് മണ്ണൂർ, മോൺ. ഫ്രാൻസിസ് ആറുപറയിൽ,ഫാ. ജയിംസ് മുണ്ടയ്ക്കൽ എന്നിവർ വളരെയേറെ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ലോക്കൽ മാനേജരായ ഫാ. തോമസ് പൊരിയത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധി പ്പിക്കുന്നതിലും അച്ചടക്കവും പഠനനിലവാരവും നിലനിർത്തുന്നതിലും ഏറെ ശ്രദ്ധാലുവാണ്.

വിദ്യാലയത്തിന്റെ ആരംഭകാലത്ത് ഇ.സി പൊറിഞ്ചുവും തുടർന്ന് വി.റ്റി. താരു, എം.റ്റി തോമസ്, ടി.കെ. വർക്കി എന്നിവരും പ്രധാന അധ്യാപകരായി പ്രവത്തിച്ചിട്ടുണ്ട്. 1958 മുതൽ 1987 വരെ ഹെഡ്മാസ്റ്റർ പദവി വഹിച്ചിരുന്ന വി.റ്റി താരുവും 1987 മുതൽ 1994 വരെ ഹെഡ്മാസ്റ്ററായിരുന്ന കെ.എം. സെബാസ്റ്റ്യനും വിദ്യാലയത്തിന്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ചവരാണ്. ഇടയ്ക്ക് മൂന്നു വർഷക്കാലം എം. വി. ജോസഫ് പ്രധാന അധ്യാപകനായിരുന്നു. ശ്രീ. സിബി കുര്യക്കോസ് ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ. ഈ വിദ്യാലയത്തിന് മികച്ച തുടക്കം നൽകിയ ആദ്യകാല അധ്യാപകരിൽ പലരും ഈ ലോകത്തോടു വിട പറഞ്ഞു കഴിഞ്ഞു. ഒട്ടനവധി പേർ വിശ്രമ ജീവിതം നയിക്കുന്നവരാണ്. ഇപ്പോൾ നിലവിലുള്ള അധ്യാപകരിൽ പകുതിയോളം പേർ ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്.

പാഠ്യ-പാഠ്യേതര രംഗങ്ങളിൽ എന്നും മികവു പുലർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. നവോദയ വിദ്യാലയ പ്രവേശനവും, LSS,USS സ്കോളർഷിപ്പുകളും ഈ സ്കൂളിലെ വിദ്യാർഥികൾക്കു ലഭിക്കുന്നുണ്ട്. കായികമേള, കലാമേള, ശാസ്ത്രമേള പ്രവൃത്തിപരിചയമേള, വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയിലെല്ലാം പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. പതിറ്റാണ്ടുകളായി ഉപജില്ലാ കായിക മേളയിലെ ഓവറോൾ കിരീടം ഈ സ്കൂളിന്റെ കുത്തകയാണ്. നിരവധി ദേശീയ അന്തർദേശീയ കായിക പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

1987 -ൽ ആരംഭിച്ച കുട്ടികളുടെ ബാങ്കായ 'സഞ്ചയിക' സംസ്ഥാനത്തെ ഏറ്റവും മികച്ച യു.പി. സ്കൂൾ സഞ്ചയികകളിലൊന്നാണ്. 2020ഒക്ടോബർ 12 തിങ്കളാഴ്ച 11 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തിയ ഹൈടെക് സ്കൂൾ പ്രഖ്യാപനതിന്റെ ഭാഗമായി, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിലും ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചു. കാലപ്പഴക്കവും, സ്ഥലപരിമിതിയും മറികടക്കുന്നതിനായി പുതിയതായി നിർമ്മിച്ച മാർ പോൾ ചിറ്റിലപ്പള്ളി മെമ്മോറിയൽ ബ്ലോക്കിൻ്റെ ഉദ്ഘാടനം 2020 ഒക്ടോബർ 17 ന് താമരശേരി രൂപത അധ്യക്ഷൻ മാർ. റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.പുതിയ കെട്ടിടത്തിലെ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ പുരയിടത്തിലും നിർവഹിച്ചു.നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ്, സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ശാസ്ത്ര ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് കാർഷിക ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, വ്യക്തിത്വ വികസന ക്ലബ്ബ്,അറബിക് ക്ലബ്ബ്, ക്വിസ് ക്ലബ്ബ്, സംസ്‌കൃതം ക്ലബ്ബ്, ഉർദു ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി,ഇ റ്റി ഐ റ്റി ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് മുതലായവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. സർവസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിയോ വിഷ്യൽ ലാംഗ്വേജ് ലാബ്, ലൈബ്രറി,ഓഡിറ്റോറിയം, ഔഷധ സസ്യ തോട്ടം, ജൈവ വൈവിധ്യ പാർക്ക്‌, മീൻകുളം, പെഡഗോഗിക് പാർക്ക്‌, മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, ഓപ്പൺ സ്റ്റേജ്, മൈതാനം,റാമ്പ്, നെഹ്‌റു പ്രതിമ, കുടിവെള്ളം, ടോയ്ലറ്റ്, വാഷിംഗ്‌ ഫെസിലിറ്റീസ്, സാങ്കേതിക വിദ്യ, സ്കൂൾ ബാന്റ് സെറ്റ്,സയൻസ് ലാബ്, സ്കൂൾ ബസ്, തണൽ മരങ്ങൾ തുടങ്ങിയവ ഈ സ്കൂളിന്റെ മേന്മകളാണ്.