സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പ്രാദേശിക പത്രം
കുഞ്ഞുങ്ങൾക്കൊപ്പം പിറന്നാളാഘോഷിച്ച് സെന്റ് ജെമ്മ
കുഞ്ഞുങ്ങൾക്കൊപ്പം പിറന്നാളാഘോഷിക്കാൻ നവംബർ 1 ന് ജെമ്മ വീണ്ടും എത്തി.കേരളപ്പിറവി ദിനാഘോഷത്തോടൊപ്പം സെന്റ് ജെമ്മാസ് അങ്കണത്തിൽ വിശുദ്ധ ജെമ്മയുടെ ജന്മദിനം കൊണ്ടാടി.സ്കൂളിൽനിന്നും 2017-18 അധ്യയനവർഷം വിരമിക്കുന്ന ലിസി ടീച്ചറും ബെസി ടീച്ചറും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്ത് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ശശി സാറുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പിൾ ഗ്രേസി ടീച്ചർ വിശുദ്ധ ജെമ്മയെക്കുറിച്ച് വിശദീകരിച്ചു. ഒന്നു മുതൽ പ്ലസ്‌റ്റു വരെയുള്ള കുട്ടികൾക്കായി വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് വാശിയേറിയ വടംവലി മത്സരവും അദ്ധ്യാപകരുടെ അത്യാവേശകരമായ മത്സരങ്ങളും നടന്നു.ശേഷം റവ:ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി.പരിപാടിയുടെ സമാപന വേളയിൽ മത്സരവിജയികൾക്ക് വിശുദ്ധ ജെമ്മ സ്നേഹസമ്മാനങ്ങൾ നൽകി.സ്കൂൾ ഹെഡ‌്മിസ്ട്രസ് സിസ്റ്റർ ലുസീന ചടങ്ങിന് നന്ദി പ്രകാശനം ചെയ്തു.തന്റെ സ്വർഗീയ ജന്മദിനം ആഘോഷിച്ച പ്രിയ മക്കൾക്ക് സ്നേഹാനുഗ്രഹം വർഷിച്ച് കൊണ്ട് ജെമ്മ യാത്രയായി. എല്ലാവരുടെയും മനസ്സിൽ ഉത്സവത്തിന്റെ അലകൾ തീർത്ത് സെന്റ്.ജെമ്മാസ് ഡേയ്ക്ക് പരിസമാപ്തി കുറിച്ചു.
കണ്ണീരും സങ്കടവുമില്ല : കുത്തിവെപ്പിന് മാന്ത്രികത്തുടക്കം
മറുമരുന്നില്ലാതിരുന്ന മീസിൽസ് ,റുബെല്ല തുടങ്ങിയ രോഗങ്ങൾക്കെതിരായുള്ള എം.ആർ വാക്സിനേഷൻ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം മലപ്പുറം സെന്റ് ജെമ്മാസിൽ വച്ച് നടന്നു. ആരോഗ്യവകുപ്പിന്റെ സാന്നിധ്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന മീസിൽസ് - റുബെല്ല വാക്സിനേഷൻ കാമ്പയിൻ വൻ വിജയകരമാക്കുകയായിരുന്നു സെന്റ് ജെമ്മാസ്. പ്രശസ്ത മജീഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാട്,ജില്ലാ കളക്ടർ അമിത് മീണ I A S , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:കെ.സക്കീന , നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഷിബുലാൽ എന്നിവരടങ്ങുന്ന പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. വിശിഷ്ടാതിഥി മജീഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാടിന്റെ ജാലവിദ്യകൾ വിദ്യാർത്ഥികൾക്ക് ഊർജം പകർന്നു.