സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

എക്കോ ക്ലബ്

‘പ്രകൃതിക്കൊരു കുട’ എന്ന ആഹ്വാനവുമായി എക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ബോധവത്കരണറാലിയും, പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു. മണ്ണന്തല SHO ശ്രീ ബൈജു, പൂർവാദ്ധ്യാപിക ശ്രീമതി സൂസൻ ജോർജ്, ശ്രീ ബിനു ആൻ്റണി എന്നിവർ വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിനത്തിൽ പങ്കുകൊണ്ടു. സ്കൂൾ അങ്കണത്തിൽ കുട്ടികൾ പച്ചക്കറിത്തോട്ടം നിർമ്മിച്ച് മാതൃക നൽകി. പരിസ്ഥിതിദിനറാലി, പോസ്റ്റർ മത്സരം, പരിസ്ഥിതി ക്വിസ്, ഫ്‌ളാഷ്മോബ്, Plastic Pollution Awareness Programme എന്നിവ സംഘടിപ്പിച്ചു.

വിജയോത്സവം

2022 - 23 അധ്യയന വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 22 പേരെ വിജയോത്സവത്തിൽ ആദരിച്ചു സ്കൂളിൻറെ അഭ്യുദയകാംക്ഷിയും പൂർവ്വ വിദ്യാർത്ഥിയുമായ ഡോക്ടർ കെ ജയകുമാർ ഐഎഎസ് മുഖ്യ അതിഥിയായിരുന്നു

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളിൽ അന്തർലീനമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദി വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച  ശ്രീ പി എൻ പണിക്കരുടെ സ്മരണാർത്ഥം നടത്തി വരുന്ന വായനമാസാചരണം ശ്രീമതി കവിത ജി എൽ , ശ്രീ ബിന്നി സാഹിതി എന്നിവർ ഉത്‌ഘാടനം ചെയ്തു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം,  ആശംസാകാർഡ് നിർമ്മാണം, കാവ്യാലാപനം, വായനമത്സരം,  എക്സിബിഷൻ, പുസ്തകാസ്വാദനം, കവിതാരചന, കഥാരചന, ചിത്രരചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ ഇതിൻറെ ഭാഗമായി നടത്തി. കർണാടക സംഗീതത്തിൽ പരിശീലനം നേടുന്നതിനായി കേരളസംഗീത നാടക അക്കാദമി നൽകിവരുന്ന സ്കോളർഷിപ്പിന് ഇത്തവണയും 9 B ലെ അക്ഷയ എ ബി അർഹയായി. നവംബർ ഒന്നു മുതൽ ഏഴ് വരെ മലയാള ദിനാഘോഷവും ഭരണഭാഷ വാരാചരണവും സമുചിതമായി ആഘോഷിച്ചു. നവംബർ 1 മലയാള ദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും ശ്രീമതി ഷീബ വിജയൻ കേരളപ്പിറവി ദിന സന്ദേശം നല്കുകയും ചെയ്തു. കുട്ടികൾക്ക് ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും  മാതൃഭാഷയുടെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട് വിവിധ പരിപാടികൾ അരങ്ങേറുകയും ചെയ്തു. പദ്യപാരായണം, ക്വിസ്, കഥാരചന, തുടങ്ങിയ മത്സരങ്ങൾ വിവിധ ദിവസങ്ങളിലായി നടത്തി. പുസ്തകോത്സവത്തിൻറെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 200 ഓളം വിദ്യാർത്ഥികൾ നിയമസഭാമന്ദിരം, മ്യൂസിയം, മൃഗശാല, ആർട്ട് ഗ്യാലറി ഇവ സന്ദർശിച്ചു. ഭരണഭാഷ വാരാചരണവുമായി അനുബന്ധിച്ച് മലയാളം അസംബ്ലിയും കേരളത്തിൻറെ മോഡലും കുട്ടികൾ ഒരുക്കി ഇതിൽ പങ്കുചേർന്നു.

കെ സി എസ് എൽ 

വിശ്വാസം, പഠനം, സേവനം എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ സമഗ്ര വ്യക്തിത്വ വളർച്ച സഫലമാക്കുന്നതിനു സഹായകരമാകുന്ന വിധത്തിൽ KCSL ൻറെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു . നമ്മുടെ സ്കൂളിൻറെ സ്വർഗീയ മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേറ്റിയുടെ തിരുനാൾ ആഘോഷവും ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ജൂലൈ ആറിന് സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട റവ. ഫാദർ അരുൺദാസ് ഒ ഐ സി, സി കീർത്തന SIC എന്നിവർ വിഷിഷ്ട്ടാതിഥികൾ ആയിരുന്നു. വിദ്യാലയത്തിൻറെ കൂദാശ കർമ്മം റവ. ഫാദർ ഐസക്ക് പാറയ്ക്കൽ ഒ ഐ സി, റവ. ഫാദർ ജോഷി റെയ്‌മണ്ട് ഒ ഐ സി  എന്നിവർ നിർവഹിച്ചു. കെ സി എസ് എൽ അതിരൂപത എച്ച് എസ് വിഭാഗം സെക്രട്ടറിയായി ജോയൽ സുനു വർഗീസ് തെരഞ്ഞടുക്കപ്പെട്ടു. എല്ലാ വെള്ളിയാഴ്ചയും ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സിസ്റ്റർ വചനയും,  യു പി വിദ്യാർത്ഥികൾക്ക് സിസ്റ്റർ അൻസീനയും, ശ്രീമതി എലിസബത്ത് മാത്യുവും ക്ലാസ് എടുക്കുന്നു.

ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഇവാനിയോസ് അനുസ്മരണം, ജപമാല മാസാചരണം എന്നിവ പ്രാർത്ഥനാ നിർഭരമായി ആഘോഷിച്ചു. യേശുവിൻറെ ജനനതിരുനാളിനോടനുബന്ധിച്ച് ഇരുപത്തിയഞ്ചു ദിവസവും ഹൃദയവീണയിൽ തിരുജനന താളം എന്ന പേരിൽ സ്റ്റാറ്റസ് വീഡിയോ തയ്യാറാക്കുകയും വിവിധ ക്ലാസ്സിലെ കുട്ടികളെ അണിയിച്ചൊരുക്കി വർണാഭമായ രീതിയിൽ ക്രിസ്തുമസ് ആഘോഷിക്കുകയും ചെയ്തു. വിശിഷ്ടതിഥികളായ റവ. ഫാദർ സജീവ് തെക്കേച്ചെരുവിൽ ഒ ഐ സി, റവ. ഫാദർ ഡാനി ഒ ഐ സി, എന്നിവരുടെ ക്രിസ്തുമസ് സന്ദേശം ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കുന്നത്തിനു കുട്ടികൾക്ക് പ്രചോദനമേകി. കെ സി എസ് എൽ മേജർ അതിരൂപതാ സാഹിത്യോത്സവം, കലോത്സവം എന്നിവയിൽ പങ്കെടുത്ത് മികച്ചവിജയം കരസ്ഥമാക്കി

ലിറ്റൽ കൈറ്റ്സ്

ഹൈടെക്  വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിൻറെ ഈ സ്കൂളിലെ പ്രവർത്തനങ്ങളുടെ നേതൃത്വം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി ലിസി കുരുവിള, ശ്രീമതി ലോലിത ജേക്കബ് എന്നിവർ നടത്തിവരുന്നു. ആനിമേഷൻ, പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ 8, 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകുന്നു. 2020 - 2023 ബാച്ചിൽ മികവ് പുലർത്തിയ 19 ലിറ്റിൽ കൈറ്റ്സ് A ഗ്രേഡിന് അർഹത നേടി. പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് വിസിറ്റ്, സ്കൂൾതല, ജില്ലാതല ക്യാമ്പുകളും ഈ വർഷം നടത്തുകയുണ്ടായി. ഫ്രീഡം ഫസ്റ്റ് 2023 ബഹുമാനപ്പെട്ട HM സിസ്റ്റർ അക്വിനാ എസ് ഐ സി ഉദ്ഘാടനം ചെയ്യുകയും. 2023 ഓഗസ്റ്റ് 9 മുതൽ 12 വരെ ഐടി എക്സിബിഷൻ, സെമിനാർ എന്നിവ നടത്തുകയും ചെയ്തു.

St Roch’s HS ലിറ്റിൽ കൈറ്റ്സ് യൂണിറ്റും ATL ക്ലബ്ബും ചേർന്ന് 2023 മെയ്  2- ന് നടത്തിയ ‘TECHERA’ ATL ARDUINO HACKATHON INTER SCHOOL COMPETITION ന് പങ്കെടുത്തു നമ്മുടെ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് മൂന്നാം സ്ഥാനവും ക്യാഷ് അവാർഡും കരസ്ഥമാക്കി

അധ്യാപക ശാക്തീകരണം

പൊതുവിദ്യാഭ്യാസ വകുപ്പിൻറെ കീഴിൽ നടത്തി വരുന്ന കോഴ്‌സുകളിലും സെമിനാറുകളിലും അധ്യാപകർ പങ്കെടുക്കുന്നു. പുതിയ സമീപന രീതികളും സമകാലിക പ്രശ്നങ്ങളും മനസിലാക്കി ക്ലാസ് തല പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ഇത് സഹായകമാകുന്നു. മദർ പ്രൊവിൻഷ്യൽ റവ മദർ ഡോ സാന്ദ്ര SIC "ആധുനികകാലത്തെ അധ്യാപനം വെല്ലുവിളികളും സാധ്യതകളും" എന്ന വിഷയത്തെ ആസ്പദമാക്കി അധ്യാപർക്ക് ക്ലാസ്സെടുത്തു

SPC

നിയമത്തോടുള്ള ആദരവ് നാഗരിക ബോധം സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി സാമൂഹിക തിന്മകളോടുള്ള ചെറുത്തുനിൽപ്പ് എന്നിവ ആജീവനാന്ത വ്യക്തിഗത ശീലങ്ങളായി പ്രകടിപ്പിക്കുന്ന ഉത്തരവാദിത്വമുള്ള പൗരന്മാരായി വിദ്യാർത്ഥികളെ വികസിപ്പിക്കുന്നതിനായി സ്കൂൾതലത്തിൽ നടത്തുന്ന രണ്ടു വർഷത്തെ പരിശീലനപദ്ധതിയാണ് എസ്പിസി. ഈ വിദ്യാലയത്തിൽ 2022ൽ ആരംഭിച്ച എസ്പിസി വിദ്യാർഥികൾക്കിടയിൽ പോസിറ്റീവ് മൂല്യങ്ങൾ വളർത്തിക്കൊണ്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഈ വർഷത്തെ സമ്മർ ക്യാമ്പ് മണ്ണന്തല SHO ശ്രീ ബൈജു സർ ഉദ്ഘാടനം ചെയ്തു. മണ്ണന്തല പോലീസ് സ്റ്റേഷൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റിന് എസ് എച്ച് ഒ ശ്രീ ബൈജു സാർ മേൽനോട്ടം നൽകിവരുന്നു പ്രത്യേകം പരിശീലനം ലഭിച്ച സി പി ഒ മാരായ അരുൺ രഞ്ജൻ, ജോളി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ എസ്പിസിയുടെ രണ്ട് യൂണിറ്റുകളും വളരെ സജീവമായി പ്രവർത്തിക്കുന്നു ചൊവ്വ, ശനി ദിവസങ്ങളിൽ പരേഡ്, PT എന്നിവ Drill ഇൻസ്പെക്ടർമാരായ അനീഷ് സാർ, ഷാമി മേഡം എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു വിവിധ ദിനാചാരണങ്ങളും ക്യാമ്പുകളും എസ് പി സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു. പ്രമുഖരായ പോലീസ് മേധാവികളും റിസോഴ്സ് പേഴ്സൺസും ഇവിടെ സന്ദർശിച്ച് കുട്ടികൾക്ക് പ്രചോദനം നല്കുന്നു.  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ ANTI DRUG RALLY ഏറെ ശ്രദ്ധ ആകർഷിച്ചു.  2023 മാർച്ച് 8 ന്  നടന്ന പാസിംഗ് ഔട്ടിൽ അസിസ്റ്റൻറ് കമ്മീഷണർ ആയിരുന്ന ശ്രീ ലാലാജി സാർ മുഖ്യാതിഥിയായിരുന്നു.

ഗാന്ധിദർശൻ

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആദർശങ്ങളും സന്ദേശങ്ങളും കുട്ടികളിൽ എത്തിക്കാനായി ഗാന്ധിദർശൻ ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു. ഗാന്ധിദർശൻ ക്ലബ്ബിൻറെ ഉദ്ഘാടനം ശ്രീ ജേക്കബ് പുളിക്കൻ സാർ, ശ്രീ ഉമ്മൻ സാർ എന്നിവർ നിർവഹിച്ചു. ആഴ്ചയിലൊരിക്കൽ ഗാന്ധി ആദർശങ്ങൾ കുട്ടികൾ എത്തിക്കാനായി ക്ലാസുകൾ എടുക്കുന്നു കൂടാതെ സമ്പാദ്യം ശീലം ഉണർത്താനായി കുട്ടികൾ തന്നെ ലോഷൻ, സോപ്പ് എന്നിവ നിർമിച്ച് വിൽപ്പന നടത്തുന്നു.. എൽ പി വിഭാഗം അദ്ധ്യാപക ശ്രീമതി ഷെർലി തിരുവനന്തപുരം നോർത്ത് സബ്‌ജില്ല ഗാന്ധിദർശൻ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, ഗാന്ധി ക്വിസ്, ഗാന്ധി സൂക്തങ്ങൾ, പോസ്റ്റർ നിർമ്മാണം, ചിത്രരചന, ഉപന്യാസ രചന ഇവ സംഘടിപ്പിച്ചു. കുട്ടികൾ സേവനവാര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു

ഗൈഡിങ്

രാജ്യത്തോടുള്ള കടമ നിർവഹണത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ആയി ചെറുപ്പക്കാരെ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച രാഷ്ട്രീയേതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് HS വിഭാഗത്തിൽ 30 അംഗങ്ങളുള്ള  ഒരു യൂണിറ്റ് ഗൈഡ് ക്യാപ്റ്റന്മാരായ ശ്രീമതി സിസിലറ്റ്, ശ്രീമതി ഷജിനി എന്നിവരുടെ നേതൃത്വത്തിലും എൽ പി വിഭാഗത്തിൽ ഷേർളി ടീച്ചറിൻറെ നേതൃത്വത്തിൽ ഈ വർഷം മുതൽ ബുൾബുൾ ക്ലാസുകൾ ആരംഭിച്ച് പ്രവർത്തിച്ചു വരുന്നു 20 കുട്ടികൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കാൻ നമ്മുടെ യൂണിറ്റിൽനിന്നും മൂന്നുപേർക്ക് സെലക്ഷൻ ലഭിച്ചത് ഒരു  അംഗീകാരമായി കാണുന്നു. സ്വാതന്ത്രദിന പരേഡിലും ശിശുദിനറാലിയിലും റിപ്പബ്ലിക്ക് പരേഡിലും നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു സ്കൂൾതല ക്യാമ്പ് ഡിസംബറിൽ നടക്കുകയുണ്ടായി ഈ വർഷം 10 ഗൈഡ്സ് രാജപുരസ്കാറിനു വേണ്ടി തയ്യാറെടുക്കുന്നു.

ഓണം പൊന്നോണം

സമ്പൽ സമൃദ്ധിയുടെ പൊന്നോണം വിവിധ പരിപാടികളോടെ ആഘോഷിച്ചു ഓണാഘോഷത്തോടനുബന്ധിച്ച് തിരുവാതിര, ഓണപ്പാട്ട്, ഓണക്കളികൾ, പുലികളി, അത്തപ്പൂക്കളം, ഓണസദ്യ എന്നിവ ഒരുക്കി ഓണത്തെ വരവേറ്റു. മലയാളി മങ്കമാരുടെ അകമ്പടിയോടെ എത്തിയ മഹാബലിയെയും വാമനനെയും ഹർഷാരവങ്ങളോടെ കുട്ടികൾ എതിരേറ്റു പ്രസിദ്ധ എഴുത്തുകാരിയും അവാർഡ് ജേതാവുമായ ശ്രീമതി സാഗാ ജെയിംസ്, പ്രശസ്ത മജീഷ്യൻ ശ്രീ ശ്രീറാം അരുൺ എന്നീ വിശിഷ്ട അതിഥികളുടെ സാന്നിധ്യം ഓണാഘോഷത്തിന് നിറപ്പകിട്ടേകി.

ഭിന്നശേഷി സൗഹൃദ വിദ്യാലയം

കഴിവുകൾ, ശേഷികൾ, ബുദ്ധിസാമർത്ഥ്യം തുടങ്ങിയവയിൽ വ്യത്യസ്തത പുലർത്തുന്ന കുട്ടികളുടെ പുരോഗതിക്കും ഉൾച്ചേർക്കലിനും സമപ്രായക്കാരായ മറ്റു കുട്ടികളോടൊപ്പം ഔപചാരിക വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നതിനും വേണ്ടി മാതൃകാപരമായ പ്രവർത്തനമാണ് നമ്മുടെ വിദ്യാലയം കാഴ്ചവയ്ക്കുന്നത് റിസോഴ്സ് അധ്യാപിക കാർത്തിക എസ്സിൻറെ പഠന പരിശീലനം അക്കാദമിക രംഗത്ത് മാത്രമല്ല കലാകായിക രംഗത്തും നേട്ടങ്ങൾ ഉണ്ടാക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു ലോക ഭിന്നശേഷി ദിനാചരണത്തിൻറെ ഭാഗമായി നടന്ന സ്പെഷ്യൽ അസംബ്ലിയിൽ സി ഡബ്ല്യു എസ് എൻ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചത് ഏവരിലും കൗതുകമുണർത്തി

ടാലൻറ് ലാബ്

ബുദ്ധി, ഇച്ഛാശക്തി, സർഗ്ഗാത്മകത എന്നിവയെ സംയോജിപ്പിച്ച് വിദ്യാർത്ഥികളിൽ കലാപരമായ ഒരു സംസ്കാരം ഊട്ടിയുറപ്പിക്കാൻ ഈ വിദ്യാലയം ഏറെ പരിശ്രമിക്കുന്നു കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിക്കാൻ നിരവധി വേദികൾ സ്കൂൾതലത്തിൽ ക്രമീകരിക്കുന്നു ശ്രദ്ധേയമായ പ്രതിഭ ശാലികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി തിരുവനന്തപുരം നോർത്ത് സബ്ജില്ലാ കലോത്സവത്തിൽ എൽ  പി വിഭാഗത്തിൽ നാടോടിനൃത്തം, ലളിതഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും യു പി വിഭാഗത്തിൽ കവിതാരചന, ചിത്രരചനാ എന്നിവയിൽ ഒന്നാം സ്ഥാനവും H S വിഭാഗത്തിൽ ഭാരതനാട്യം മാപ്പിളപ്പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനവും ഉറുദു സംഘഗാനത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജില്ലാ കലോത്സവത്തിൽ യു പി വിഭാഗം കവിതാരചനയിൽ 7 D യിലെ ദയ ജെ എസ് ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി സ്കൂളിന് തിളക്കമാർന്ന വിജയം സമ്മാനിച്ചു. സർഗ പ്രതിഭകൾക്ക് Goretti കുടുംബത്തിൻറെ  അഭിനന്ദനങ്ങൾ.

കായിക വിദ്യാഭ്യാസം

സമഗ്ര ജീവിത ദർശനത്തിൽ അധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ പദ്ധതിയുടെ അനിവാര്യ ഘടകമാണ് കായിക വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ മാനസിക ശാരീരിക സാമൂഹിക സുസ്ഥിതി ഉറപ്പുവരുത്തുന്നതിനായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കായിക വിദ്യാഭ്യാസം പൊതു വിദ്യാഭ്യാസത്തിൻറെ ഉദ്ഗ്രഥനപരമായ ഘടകമാണ്. ഈ അധ്യയന വർഷം കായിക മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സെന്റ് ഗോരേറ്റിസിന് കഴിഞ്ഞു. നിലവിലുള്ള സ്പോർട്സ് ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം മറ്റു ഗെയിംസിലും അത്ലെക്സിലും മികവ് പുലർത്താനും ശ്രദ്ധ പതിപ്പിക്കാനും സ്കൂൾ കായിക വിഭാഗം അക്ഷീണം പ്രയത്നിക്കുന്നു തായ്കൊണ്ട, കരാട്ടെ, ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, നെറ്റ് ബോൾ, നീന്തൽ, ഷൂട്ടിംഗ് തുടങ്ങിയ ഇനങ്ങളിൽ സബ്ജില്ലാ ജില്ല സംസ്ഥാന ദേശീയ തലങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിന് നമുക്ക് സാധിച്ചു. നോർത്ത് സബ്ജില്ലാ കായികമേളയിൽ എൽ പി കിഡ്ഡീസ് ഓവറോൾ സെക്കൻഡും എൽ പി മിനിസ് ഓവറോൾ തേർഡ് ഉം കരസ്ഥമാക്കി സ്റ്റേറ്റ് ലെവൽ ബാസ്ക്കറ്റ് ബോൾ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളുടെ ടീം പങ്കെടുത്ത് മൂന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. 7 D-ലെ ലക്ഷ്മി വി നായർ, തേജസ്വിനി എന്നീ കുട്ടികൾ നാഷണൽ ടീമിലേക്ക് തെരഞ്ഞടുക്കപ്പെടുകയും, നാഷണൽ ലെവലിൽ നാലാം സ്ഥാനം നേടുകയും ചെയ്തു. സ്റ്റേറ്റ് ലെവൽ തൈക്കൊണ്ട മത്സരത്തിൽ 6 A –ലെ ആര്യ എ എസ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വെസ്റ്റ് ബംഗാളിൽ വച്ച് നടന്ന പ്രീ നാഷണൽ ഷൂട്ടിംഗ് കോമ്പറ്റീഷനിൽ 9 E ലെ എഡ്‌വിൻ മാത്യുവിന് സെലക്ഷൻ ലഭിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. സ്റ്റേറ്റ് ലെവൽ നീന്തലിൽ 10 C ലെ ദൃഷിത 100 മീറ്റർ FREE STYLE, റിലേ എന്നീ ഇനങ്ങളിൽ മൂന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിൻറെ യശസ്സുയർത്തി. MARYGIRI INTER SCHOOL ഫുട്ബോൾ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ആൺകുട്ടികളുടെ ജൂനിയർ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഡി സി എൽ

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുവാനും മൂല്യബോധമുള്ള കുഞ്ഞുങ്ങളായി  അവരെ വളർത്തിയെടുക്കുവാനുമായി നമ്മുടെ സ്കൂളിൽ ഡി സി എൽ പ്രവർത്തിക്കുന്നു. ഉപവിപ്രവർത്തനങ്ങളിലൂടെ അപരന്റെ കണ്ണുനീരൊപ്പുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ കുഞ്ഞുങ്ങൾ പങ്കുകാരാകുന്നു "സ്നേഹ സ്പർശം” എന്ന പേരിൽ കുട്ടികളിൽ നിന്ന് സ്വീകരിക്കുന്ന പൊതിച്ചോറ് എല്ലാ മാസത്തിലെയും ആദ്യവെള്ളിയാഴ്ച ആർസിസിയിലും സമീപപ്രദേശങ്ങളിലും വിതരണം ചെയ്യുന്നു. നേഴ്സറി വിഭാഗത്തിൽ വട്ടപ്പാറ ശാന്തി ഭവനിലെ മാനസിക വെല്ലുവിളി നേരിടുന്നവരെ സന്ദർശിക്കുകയും ഒരു കൈത്താങ്ങായി സാധനങ്ങൾ ശേഖരിച്ച് അവർക്ക് നൽകുകയും ചെയ്തു.

ക്ലബ്ബുകൾ

പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി വരുന്ന ഈ കലാലയത്തിൽ മികവിൻറെ കേന്ദ്രങ്ങളായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ഈ അധ്യയനവർഷത്തെ ക്ലബ്ബുകളുടെ പ്രവർത്തനോത്‌ഘാടനം ആഗസ്റ്റ് 24-ന് നവജീവൻ ബഥനി വിദ്യാലയ മുൻ പ്രിൻസിപ്പാൾ  ശ്രീ ആംബ്രോസ് നിർവഹിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ രണ്ടാഴ്ചയിലൊരിക്കൽ ക്ലബ്ബിനായി സമയം മാറ്റിവെയ്ക്കുന്നു. കുട്ടികളുടെ സർഗ്ഗസൃഷ്ടികളെ പരിപോഷിപ്പിച്ച് നല്ല പ്രതിഭകൾ ആക്കി വാർത്തെടുക്കാൻ ഇത് വേദിയൊരുക്കുന്നു. ചിത്രരചന, പ്രസംഗപരിചയം, നാടൻ പാട്ടുകൾ, പരീക്ഷണങ്ങൾ, ബാൻഡ്, സംഗീതം,  നൃത്തം ഇവ അഭ്യസിപ്പിച്ച് വരുന്നു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകാൻ സ്കൂളിൽ വർക്ക് എക്സ്പീരിയൻസ്  ക്ലബ്ബ് നടത്തി വരുന്നു പ്രവൃത്തിപരിചയത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തുകയും ആവശ്യമായ പരിശീലനം നൽകി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. സ്റ്റേറ്റ് ലെവൽ പ്രവർത്തി പരിചയമേളയിൽ 10 A- ലെ ഗോപിക ബി അഗർബത്തി നിർമ്മാണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി സ്കൂളിൻറെ മികവുയർത്തി. എൽ പി വിഭാഗത്തിൽ പ്രവൃത്തിപരിചയമേളയിൽ ഓവറോൾ ഫസ്റ്റും സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ സെക്കൻഡും ഗണിതശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടി ചരിത്ര വിജയം ആവർത്തിച്ചു. സ്കൂൾതലത്തിൽ ഗണിതശാസ്ത്ര സാമൂഹിക പ്രവർത്തി പരിചയ മേള സംഘടിപ്പിക്കുകയും അതിൽ ഒന്നാം സ്ഥാനം നേടിയവരെ ഉപജില്ലാ മേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സബ്ജില്ലാ തലത്തിൽ നടത്തിയ മാത്‍സ് ക്വിസിന് രണ്ടാം സ്ഥാനവും ടാലന്റ് സെർച്ച് എക്സാമിന് രണ്ടാം സ്ഥാനവും. ഭാസ്കരാചാര്യ സെമിനാറിന് ഫസ്റ്റ് എ ഗ്രേഡും ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷന് ഫസ്റ്റ് എ ഗ്രേഡ് നേടി സ്കൂളിൻറെ യശസ്സുയർത്തി.

എസ് എസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ചാന്ദ്രദിനം, ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യദിനം, ശിശുദിനറാലി, റിപ്പബ്ലിക് ഡേ, ഇവ സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിന ക്വിസ്, ചുമർപത്രിക പ്രദർശനം, വീഡിയോ പ്രദർശനം, എക്സിബിഷൻ, ജ്യോതിർ ശാസ്ത്രജ്ഞന്മാരുടെ ലഘു വിവരണം ഉൾപ്പെടുത്തി ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി ചാന്ദ്രദിനത്തിൻറെ ഭാഗമായി കുട്ടികൾ പ്ലാനറ്റോറിയം സന്ദർശിച്ചു. ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൻറെ ഭാഗമായി അസംബ്ലി കൂടുകയും അധ്യാപക പ്രതിനിധി സിസ്റ്റർ റോഷ്നി മുഖ്യ സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും സുഡോക്കോ പക്ഷി നിർമ്മിച്ചു പ്രദർശിപ്പിക്കുകയും ചെയ്തു. ഹിരോഷിമ നാഗസാക്കി ദിനത്തിൽ സമാധാനത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കാനായി വെള്ളരിപ്രാവിനെ പറപ്പിക്കുകയും യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന കലാപരിപാടികൾ നടത്തുകയും ചെയ്തു. വർണ്ണശബളമായ സ്വാതന്ത്ര്യദിന റാലി, ക്വിസ്, ചുമർപത്രിക പ്രദർശനം, പോസ്റ്റർ നിർമ്മാണ മത്സരം, ദേശഭക്തിഗാനാലാപനം എന്നിവ സംഘടിപ്പിച്ചു. കേരള ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണാഭമായ ശിശുദിന റാലിയിൽ വ്യത്യസ്ത വേഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ 225 വിദ്യാർത്ഥികൾ പങ്കെടുത്തു. നേഴ്സറി വിഭാഗത്തിൽ നവംബർ 14ന് വർണ്ണശബളമായ ശിശുദിന റാലി സംഘടിപ്പിക്കുകയുണ്ടായി മഹാന്മാരുടെ വേഷമണിഞ്ഞ കുട്ടികൾ, വിവിധ സംസ്ഥാനങ്ങളിലെ വേഷമണിഞ്ഞ കുട്ടികൾ, ബട്ടർഫ്ലൈ സൺഫ്ലവർ വേഷമണിഞ്ഞ കുട്ടികൾ, ബലൂണുകൾ പ്ലക്കാർഡുകൾ ഇവ  പിടിച്ചും റാലിയിൽ അണിനിരന്നു സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി നാലാഞ്ചിറ ജംഗ്ഷനിൽ ഡിസ്പ്ലേ നടത്തുകയും തുടർന്ന്  നാലാഞ്ചിറ മഠത്തിൽ എത്തുകയും അസിസ്റ്റൻറ് പ്രൊവിൻഷ്യൽ സിസ്റ്റർ കീർത്തന SIC ശിശുദിന സന്ദേശം നൽകുകയും മധുരം നൽകി കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തു.

സുരീലി ഹിന്ദി

കുട്ടികളിൽ രാഷ്ട്രഭാഷയോടുള്ള അഭിരുചി വളർത്തുന്നതിന് യുആർസി തലത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹിന്ദി പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം സെപ്റ്റംബർ ഇരുപതാം തീയതി നടന്നു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ അക്വീന SIC സുരീലി ഹിന്ദിക്കായി തയ്യാറാക്കിയ ബാനറിൽ ഒപ്പുവച്ചു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. കുഞ്ഞുങ്ങളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയാണിത് തയ്യാറാക്കിയത്. രാഷ്ട്രഭാഷ ലളിതമായി കുട്ടികളിൽ എത്തിക്കാനും പഠന താല്പര്യമുണർത്തുന്നതിനും ഇത് സഹായകമായി.

അച്ചീവ്മെന്റ്  ടെസ്റ്റ്

അധ്യാപകർക്ക് നൽകിയ പരിശീലനത്തിൻറെ വെളിച്ചത്തിൽ കുട്ടികളുടെ പഠനനിലവാരം കൃത്യമായി അറിയാൻ സംസ്ഥാന തലത്തിലും ദേശീയതലത്തിലും നടത്തപ്പെട്ട SEAS, NAS എന്നീ ടെസ്റ്റുകളുടെ മൂല്യനിർണ്ണയം പൂർത്തിയാക്കി പൊതുവിദ്യാഭാസ വകുപ്പിന് കൈമാറി.

അമ്മയറിയാൻ

കുഞ്ഞുങ്ങളെ പഠന പ്രവർത്തനങ്ങളിൽ എങ്ങനെ സഹായിക്കാം എന്നും മൂല്യബോധമുള്ള കുഞ്ഞുങ്ങളായി എങ്ങനെ വളർത്താമെന്നും കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്തൊക്കെയെന്നും നവമാധ്യമങ്ങളുടെ അതിപ്രസരത്തിൽ നിന്ന് കുഞ്ഞുങ്ങളെ എങ്ങനെ എങ്ങനെയൊക്കെ മാറ്റി നിർത്താം എന്നും അമ്മമാരെ ബോധ്യപ്പെടുത്താനായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പത്തനാപുരം മൗണ്ട് താബോർ ട്രെയിനിങ്  കോളേജ്  പ്രിൻസിപ്പൽ ശ്രീമതി റോസമ്മ ഫിലിപ്പ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് മോട്ടിവേറ്റർ ഡോ സുനിൽ രാജ്, സൈക്യാട്രിസ്റ്റ്  റവ സി ഡോ. സെറിൻ SIC എന്നിവർ ക്ലാസിന് നേതൃത്വം നൽകി

കണ്ടും കേട്ടും ആസ്വദിച്ചും  .....

പഠനം ക്ലാസ് മുറിയുടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ നാടിൻറെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് വിനോദവും വിജ്ഞാനവും അനുഭവവേദ്യവും ആകാൻ  സ്കൂളിൽ നിന്നും വിവിധ പഠനയാത്രകൾ കുട്ടികൾക്കായി ഒരുക്കി. ഹാപ്പി ലാൻഡ്, മാജിക് പ്ലാനറ്റ് , പ്രിയദർശിനി പ്ലാനറ്റോറിയം, , വണ്ടർലാ, കുമരകം, വാഗമൺ, തേക്കടി, കമ്പം തേനി എന്നി സ്ഥലങ്ങളിലേക്കുള്ള വിനോദയാത്ര കുട്ടികളുടെ സ്മരണകളിൽ ഒരിക്കലും മായാത്ത നിറച്ചാർത്തായി.

പൂർവ്വ വിദ്യാർത്ഥി സംഘടന

ഗതകാല സ്മരണകളെ അയവിറക്കാനും സുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനുമായി ഗോരേറ്റോസ്, ഗൊരേറ്റിയാ, ഗൊരേറ്റി ചങ്ക്‌സ് എന്നീ പേരുകളിൽ പൂർവ്വവിദ്യാർത്ഥി സംഘടനകൾ പ്രവർത്തിച്ചു വരുന്നു. സ്കൂളിൻറെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുനതിനായി ഈ സംഘടനകൾ നൽകുന്ന സേവനം നിസ്വാർത്ഥമാണ്