സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/നല്ല നാളേക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്


നല്ല നാളേക്കു വേണ്ടി


അതിവേഗത്തിൽ ഓടിക്കൊണ്ടിരുന്ന തിരക്കേറിയ മനുഷ്യജീവിതത്തെ പിടിച്ചുകെട്ടിക്കൊണ്ടായിരുന്നു ലോക്ക്ഡൌൺ നാളുകൾ; കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ഒരു മാർഗം.

എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ട ഈ ഭൂമിയെ തൻറ്റേതുമാത്രമാണെന്ന ധാരണയിൽ ചൂഷണം ചെയ്യുന്ന മനുഷ്യർക്ക് വീണ്ടുവിചാരത്തിൻറ്റെ ദിനങ്ങൾ തന്നെയാണ് ഈ നാളുകൾ. മരങ്ങൾ വെട്ടി നശിപ്പിച്ച് ഫ്ലാറ്റുകൾ കെട്ടിപ്പൊക്കി, മാലിന്യങ്ങൾ ജലാശയങ്ങളിൽ വലിച്ചെറിഞ്ഞ്, വിഷവാതകങ്ങൾ വായുവിൽ കലർത്തി, അനേകം ജീവജാലങ്ങളെ കൊന്നൊടുക്കി പ്രകൃതിയെ ചൂഷണം ചെയ്ത് മനുഷ്യർ സ്വന്തം നാശത്തിന് വഴിയൊരുക്കുകയാണ്.

എല്ലാവരും കാലചക്രത്തിന്റെ ഗതിയനുസരിച്ച് സമ്പത്തിനും, പ്രശസ്തിക്കും, സ്വാർത്ഥതാത്പര്യങ്ങൾക്കും വേണ്ടി പരക്കം പായുകയാണ്. എന്നാൽ ഈ ലോക്ക്ഡൌൺ കാലത്ത് മാതാപിതാക്കൾ കുട്ടികളോടൊപ്പം പൂർണസമയവും ചെലവഴിക്കുന്നു. അതിലൂടെ കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാകുന്നു. കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കഴിവുകൾ മനസ്സിലാക്കുവാനും പ്രകടിപ്പിക്കുവാനും അവസരം ലഭിക്കുന്നു.അവർ വായനയിലൂടെയും എഴുത്തിലൂടെയും അക്ഷരങ്ങളെ സ്നേഹിക്കുവാൻ തുടങ്ങി. കൃഷിയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞ് കൃഷിയെ സ്നേഹിക്കുവാൻ തുടങ്ങി. ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് ശുചിത്വബോധമുള്ളവരാകാൻ ശ്രമിക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നു. ഇതിനേക്കാൾ ഉപരി ശാന്തമായ പ്രകൃതിയെ നമുക്ക് കാണാൻ കഴിയുന്നു. റോഡുകളിൽ വാഹനങ്ങളുടെ തിരക്കില്ലാത്തതിനാൽ വായുമലിനീകരണം കുറഞ്ഞിരിക്കുന്നു. ശുദ്ധവായു ലഭിക്കുന്നു.ജാതി, മത, വർഗ, വ്യത്യാസമില്ലാതെ പ്രവർത്തിക്കുവാൻ എല്ലാപേർക്കും കഴിയുന്നു. നിരാലംബർക്കും പക്ഷി മൃഗാദികൾക്കും ഭക്ഷണം എത്തിക്കുവാൻ മനുഷ്യസ്നേഹികൾ സ്വാർഥത കൈവെടിഞ്ഞ് മുന്നിട്ടിറങ്ങുന്നു.

ശാസ്ത്രവും സാങ്കേതികവിദ്യയും ഇത്രയൊക്കെ പുരോഗമിച്ചിട്ടും മാലിന്യനിർമ്മാർജ്ജനത്തിൽ നമ്മൾ ഇപ്പോഴും പിന്നിലാണ്. ഈ ദിനങ്ങൾ കഴിഞ്ഞാലും കമ്പ്യൂട്ടറിന്റെയും ടിവിയുടെയും ചുവട്ടിൽ ചെലവഴിക്കുന്ന സമയത്തിന്റെ ഒരു ഭാഗം പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി നമുക്ക് നീക്കിവയ്ക്കാം. ഒരാഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ വീടും പരിസരവും ശുചിയാക്കാം. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കാം. പ്ലാസ്റ്റിക് കത്തിക്കാതിരിക്കാം. മാലിന്യങ്ങൾ യഥാസമയം വേണ്ടരീതിയിൽ നിർമാർജ്ജനം ചെയ്യാം. പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം. പരസ്പരസ്നേഹവും, വിശ്വാസവും, സഹകരണവും കാത്തുസൂക്ഷിച്ച് മുന്നേറാം.

കൊറോണ എല്ലാ മനസ്സുകളിലും ഭീതി ഉണർത്തുകയാണ്. ഭയം വേണ്ട, ജാഗ്രത മതി എന്ന ആപ്തവാക്യം മനസ്സിലുറപ്പിച്ച് പ്രത്യാശയോടെ ഈ ലോക്ക്ഡൌൺ ദിനങ്ങൾ പൂർത്തീകരിക്കാം. നമുക്ക് നല്ല നാളേക്കുവേണ്ടി പ്രാർത്ഥിക്കാം.

എ. കെ അപ്‌സര
8 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം