സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ ശുചിത്വം എന്ന മഹത്വം
ശുചിത്വം എന്ന മഹത്വം
ഈ ലോകം വളരെ വിചിത്രമാണ്.അറിഞ്ഞതും അറിയാത്തതും അറിയാൻ ഉള്ളതുമായ എത്രയോ വസ്തുക്കളും അനുഭവങ്ങളും ഇവിടെ ഉണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ടു ലോകമിന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങൾക്കുപരി മറ്റ് വികസനങ്ങളിലേക്ക് മനുഷ്യൻ മുഖം തിരിക്കുകയാണ്. വികസനങ്ങൾക്കു പിന്നാലെ ഓടുന്ന മനുഷ്യൻ തന്റെ പ്രകൃതിയേയോ, ചുറ്റുവട്ടമോ, തന്നെയോ ശുചിത്വത്തോടെ കൊണ്ടുനടക്കണം എന്ന് മറന്നിരിക്കുന്നു. പല രീതിയിൽ നമ്മൾ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നുണ്ട്. നല്ലവണ്ണം പരിസ്ഥിതി മലിനീകരിക്കപ്പെടുന്നു. ഇതിനെല്ലാം ഒരു തിരിച്ചടി എന്ന പോലെ നമ്മൾ പല പ്രശ്നങ്ങളും നേരിടുന്നു. അതിലൊന്ന് മഹാമാരിയായ രോഗങ്ങൾ തന്നെ. ഉറുമ്പ് ശർക്കര പൊതിയുന്നത് പോലെയാണ് ശുചിത്വമില്ലാത്ത ശരീരത്തിലും പരിസ്ഥിതിയിലും രോഗങ്ങൾ പടർന്നു കയറുന്നത്. ലോകത്തെ മുഴുവൻ അങ്കലാപ്പിലാക്കി തന്റെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണ് കിരീടം എന്നർത്ഥമുള്ള കൊറോണ എന്ന മഹാമാരി. കൊറോണ അഥവാ കോവിഡ് 19 എന്ന ഈ രോഗം അതിവേഗം ബഹുദൂരം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഉല്ലാസയാത്ര എന്നപോലെ അത് എല്ലാ രാജ്യത്തെയും ചുറ്റി കാണുന്നു . ടിക്കറ്റ് ലഭിക്കാത്തതിനാൽ ചില രാജ്യങ്ങളെ വിട്ടുപോകുന്നു. എത്തുന്ന സ്ഥലത്ത് തന്റെ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി ഈ സഞ്ചാരി. അവൻ വൈകാതെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും എത്തി. മറുമരുന്ന് പോലും കണ്ടുപിടിക്കാൻ കഴിയാത്ത ഈ സഞ്ചാരിയെ ഭയന്ന് ജനങ്ങൾ വീടുകളിൽ അടച്ച് ഇരിക്കുവാൻ തുടങ്ങി. ഭാരത സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രണ്ട് ശതമാനമാണ് ഈ രോഗത്തിന്റെ മരണസാധ്യത എങ്കിലും ലോകത്തിൽ എത്രയോ പേർ മരിച്ചു കഴിഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളെ ഈ രോഗം ആക്രമിച്ചു കഴിഞ്ഞു. അവൻ ആർത്തിയോടെ മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് കടന്നു കൊണ്ടേയിരുന്നു. അതിവേഗം മറ്റുള്ളവരിലേക്ക് കടക്കുന്ന ഈ രോഗത്തിനെ തുരത്താൻ സാമൂഹിക അകലവും 20 മിനിട്ടുകൾ ഇടവിട്ടുള്ള കൈ കഴുകലും ശക്തമായി നിർദേശിച്ചു. ജനങ്ങൾ ഇപ്പോഴും ഭീതിയുടെ ആഴക്കടലിൽ ആണുള്ളത്. ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത രോഗികൾ സമ്പർക്കത്തിലൂടെ ആണെങ്കിലും ഇത് സാമൂഹികം ആവാൻ വലിയ വിഷമമൊന്നുമില്ല. ഇത് സാമൂഹിക പകർച്ച ആവാതിരിക്കാനുള്ള വഴിയിൽ വളരെ ആവശ്യമുള്ള ഒന്നുതന്നെയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും. അഴുക്കു ചാലിൽ ഉള്ള കീടാണുക്കൾ ശുദ്ധ വെള്ളത്തിൽ ഉണ്ടാവില്ല. രോഗ ഭീതിയിൽ വീട്ടിലിരിക്കുന്ന ജനങ്ങളോട് പ്രധാനമന്ത്രിക്ക് പറയാനുള്ളതും ശുചിത്വത്തെക്കുറിച്ച് തന്നെയായിരുന്നു.വീടും പരിസരവും ശുചിയാക്കുന്നതിനെ കുറിച്ച്. കൊറോണ എന്ന ഈയൊരു രോഗത്തെ മാത്രമല്ല ഏതുതരം പകർച്ചവ്യാധികളെ യും ഉന്മൂലനം ചെയ്യാൻ ശുചിത്വത്തിന് കഴിയും. അതിന് ശുചിത്വം എന്ന ആയുധം തീർച്ചയായും ആവശ്യമുള്ളതാണ്. പരിസരശുചിത്വം മാത്രമല്ല വ്യക്തിശുചിത്വവും മറക്കരുത്. അതിനു വേണ്ടി തന്നെയാണ് മിനുട്ടുകൾ ഇടവിട്ടുള്ള കൈ കഴുകൽ നിർബന്ധമാക്കിയത്. ചൈനയിലെ വുഹാൻ നിന്ന് പുറപ്പെട്ട കൊറോണ കേരളത്തെയും വിഴുങ്ങാൻ ശ്രമിക്കുകയാണ്. പക്ഷേ കേരളീയരോട് അത് നടക്കില്ല കാരണം നമ്മുടെ ആയുധം ശുചിത്വമുള്ള പരിസ്ഥിതിയും, ശക്തിയുള്ള മനസ്സും, ഒത്തൊരുമയും ആണ് കൊറോണ എന്ന രോഗം മാത്രമല്ല മറ്റു പല രോഗങ്ങളുടെയും തുടക്കം ശുചിത്വമില്ലായ്മയിൽ നിന്ന് തന്നെയാണ്. തന്റെ പരിസ്ഥിതി ശുചിത്വം ഉള്ളതായാൽ തന്റെ ആരോഗ്യവും മെച്ചപ്പെടും എന്ന് മനുഷ്യൻ മനസ്സിലാക്കണം. ശുചിത്വം തന്നെയാണ് രോഗപ്രതിരോധത്തിനുള്ള ആദ്യ വഴി. 2020 എന്ന വർഷം കൊറോണ വിഴുങ്ങാതിരിക്കാൻ നമുക്ക് നമ്മുടെ സർക്കാരിനെ അനുസരിച്ച് ശുചിത്വത്തോടെ വീട്ടിൽ ഇരിക്കാം. ഈ മഹാമാരിയെയും അതിജീവിക്കാൻ നമുക്ക് കഴിയും. എന്തിരുന്നാലും ശുചിത്വത്തെ മറക്കാതിരിക്കുക. ശുചിത്വം ഒരു ജീവിതചര്യയായി മാറ്റുക. "ലോകാ സമസ്ത സുഖിനോ ഭവന്തു"
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം