സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ഒരു വൈറസിന്റെ ആത്മകഥ
ഒരു വൈറസിന്റെ ആത്മകഥ
ഞാൻ ഒരു വൈറസ്, ലോകം മുഴുവൻ ഒരു മഹാമാരിയായി പടർന്നു കയറി മനുഷ്യരെയെല്ലാം കൊന്നൊടുക്കുക എന്നതാണ് എൻറെ പ്രധാന ജോലി. ഞാൻ ഒറ്റയ്ക്കല്ല കേട്ടോ, എന്റെ ധാരാളം സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. ഞങ്ങൾ ലോകം മുഴുവൻ പടർന്നുകയറി ഞങ്ങളുടെ ജോലി ഭംഗിയായി ചെയ്തു കൊണ്ടിരിക്കുകയാണ്. ആദ്യമൊന്നും മനുഷ്യന് ഞങ്ങളെ തിരിച്ചറിയാനായില്ല. പക്ഷേ, കഷ്ടമെന്നു പറയട്ടെ ഞങ്ങളെ അവർ തിരിച്ചറിയുകതന്നെ ചെയ്തു. അവർ ഞങ്ങൾക്ക് ഒരു പേരുമിട്ടു 'കൊറോണ വൈറസ്'. ഞങ്ങൾ നൽകുന്ന രോഗത്തിന് അവരിട്ടപേരോ കോവിഡ് 19. അകലെ കേരളം എന്നൊരു നാടുണ്ട്, അവിടെയെത്തി എൻറെ ജോലി ഭംഗിയായി നിർവഹിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അത് ഏറെക്കുറെ അസാധ്യമായിരുന്നു. കാരണം, അവിടെ എന്നെതുരത്താൻ സർക്കാർ, ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, ജനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നു എന്നാണ് അറിഞ്ഞത്. ഏതായാലും വിദേശത്ത് താമസിക്കുന്ന ഗോപുവിന്റെ ശരീരത്തിനുള്ളിൽ ഞാൻ കയറിപ്പറ്റി. പാവം ഗോപു, അവൻ ഇതൊന്നും അറിഞ്ഞില്ല. അവൻ കേരളത്തിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ വീട്ടുകാർ ആരുമറിയാതെതന്നെ ചില ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ചു. എൻറെ ഭാഗ്യം എന്ന് പറഞ്ഞാൽ മതിയല്ലോ, അവൻ മാസ്ക് ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ട് അവന്റെ കൂട്ടുകാരനായ രമേശിന്റെ കൈകളിൽ കയറിക്കൂടാൻ എനിക്ക് സാധിച്ചു. ഏറെനേരം എനിക്കിവന്റെ കൈകൾക്കുള്ളിൽ കഴിക്കാൻ സാധിക്കില്ല ഞാൻ, നശിച്ചുപോകും, എത്രയും വേഗത്തിൽ തന്നെ ഇവൻറെ മൂക്കിലൂടെയോ വായിലൂടെ ശരീരത്തിനുള്ളിൽ കടക്കണം. അതുകഴിഞ്ഞാൽ രക്ഷപ്പെട്ടു പിന്നെ എൻറെ ജോലി എനിക്ക് ഭംഗിയായി ചെയ്യാം. അല്ല ഈ രമേശ് എങ്ങോട്ടാണ് പോകുന്നത്! ഓ, വീട്ടിലേക്ക് ആണല്ലേ. അവിടെ എത്തട്ടെ, വീട്ടിലെഎല്ലാവർക്കും ആദ്യം അസുഖം കൊടുക്കണം എന്നിട്ടു നാട്ടിലേക്ക്. ഞാൻ സ്വപ്നം കാണാൻ തുടങ്ങി. "രമേശ് നീ പുറത്തുനിന്നും വന്നതല്ലേ, പോയി സോപ്പിട്ട് കൈകഴുക് ". അയ്യോ, ആരാണത് രമേശിന്റെ അമ്മയോ. ഇവൻ വാഷ്ബേസിന്റെ അടുത്തേക്കാണ് പോകുന്നത്. അയ്യോ! അരുത് കഴുകരുത്, കൈ കഴുകരുത് ഞാൻ നശിച്ചു പോകും. വേണ്ട..... വേണ്ട.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ |