സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/കൂടുവിട്ടിറങ്ങി വൈറസ് കൂട്ടിലായി മനുഷ്യൻ
കൂടുവിട്ടിറങ്ങി വൈറസ് കൂട്ടിലായി മനുഷ്യൻ
തെളിനീരൊഴുകുന്ന പുഴകളും പച്ചപ്പട്ടുടുത്ത പാടങ്ങളും മലകളും കുന്നുകളും നിറഞ്ഞ ലോകത്ത് കൂടിനീരും പ്രാണവായുവും സുലഭമായിരുന്നു. 'കോവിഡ് - 19' എന്ന പകർച്ചവ്യാധിയാൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ പകച്ചുനിൽക്കുമ്പോൾ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വാക്കുകൾക്ക് പ്രാധാന്യം ഏറുകയാണ്. മനുഷ്യന്റെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കാത്ത ചെറു കൊറോണാ വൈറസ് അതിന്റെ എത്രയോ മടങ്ങ് വലിപ്പമുള്ള ലോകത്തെ ലോക്കിലാക്കി താണ്ഡവമാടുമ്പോൾ "വാഴയും മരച്ചീനിയും നട്ടു" , "ചക്കയും മാങ്ങയും പറിച്ചു" , ................. എന്നിങ്ങനെയായിരിക്കും മലയാളിയുടെ വർത്തമാനങ്ങൾ. കാലത്തിന്റെ തികവിൽ അറിവിന്റെ മികവിൽ ഉന്നത ജോലിയും ഉയർന്ന ശമ്പളവും തേടി നമ്മുടെ ആളുകൾ ഓഫീസ് മുറികളിൽ ആഴ്ന്നുപോയപ്പോൾ എവിടെയോ വെച്ച് പരിസ്ഥിതിയെ മറന്നു. മൊബൈൽ ടച്ച് സ്ക്രീനിന്റെ മിനുപ്പിൽ പരതിക്കൊണ്ട് സമയം ചെലവഴിക്കുന്ന നമുക്കേവർക്കും പ്രകൃതി നൽകിയ പാഠമാണ് കൊറോണ. ഇപ്പോൾ വീടുകളിൽ കഴിയുന്ന നമുക്കേവർക്കും പ്രകൃതിയുമായി ഇണങ്ങുവാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. വീട്ടുവളപ്പിലെ പള്ളക്കാടുകൾ വെട്ടിത്തെളിച്ച് ചെറിയ പച്ചക്കറികൃഷി നടത്തുന്നതിനുള്ള സമയം കണ്ടെത്താൻ സാധിക്കും ഈ കാലത്ത്. തിരക്കിട്ട ജോലികൾക്കിടയിൽ എന്തും ഏതും വലിച്ചുവാരിയിടുന്ന മനുഷ്യപ്രകൃതം ഒരു ശീലമാവുകയും ശുചിത്വം അപ്പാടെ കൈവെടിയുകയും ചെയ്ത ഒരു സ്ഥിതിവിശേഷമാണ് നമുക്ക് കാണാനാവുന്നത്. വേറിട്ട ഭക്ഷണരീതികളും പരിസ്ഥിതിയോടുള്ള കടന്നുകയറ്റവും ശുചിത്വത്തിന്റെ അഭാവവുമെല്ലാം പുതിയ പുതിയ രോഗങ്ങളിലേക്ക് മനുഷ്യനെ നയിച്ചു. നൂതന സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽ, പുതിയ മരുന്നുകളുടെ കണ്ടുപിടുത്തത്തിൽ, നാം ഇവയെല്ലാം മറികടന്നു . എന്നാൽ കൊറോണ ശാസ്ത്ര ലോകത്തെയെല്ലാം കാഴ്ചക്കാരാക്കിക്കൊണ്ട് കടന്നുവന്നു. ഈ കൊറോണാക്കാലത്ത് മാസ്ക് ധരിച്ച് പുറത്തിറങ്ങാനും സാമൂഹിക അകലം പാലിക്കാനും വേണ്ടത്ര സമയങ്ങളിൽ കൈ കഴുകാനും നാം പഠിച്ചു. ഏത് രോഗത്തേയും പ്രതിരോധിക്കുവാനുള്ള ചവിട്ടുപടിയാണ് ശുചിത്വം എന്ന് ഇവിടെ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്നതിന്റെ പൊരുൾ രോഗപ്രതിരോധത്തിന്റെ അത്യാവശ്യകതയെ വിളിച്ചോതുന്നു. പോലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരെടെയും രാപകലില്ലാത്ത നിസ്വാർഥ സേവനങ്ങൾ ഇല്ലായിരുന്നെങ്കിൽ പതിനായിരങ്ങൾ വരെ നമ്മുടെ നാട്ടിൽ മരിച്ചുവീണേനെ എന്ന റിപ്പോർട്ടുകൾ വരെയുണ്ട്. മരണങ്ങൾ കൂടുതലുള്ള രാജ്യങ്ങളിൽ വേണ്ടത്ര രോഗപ്രതിരോധ നടപടികൾ ഇല്ലാതിരുന്നതിനാലാണ് ജീവൻ പൊലിഞ്ഞതെന്ന് വിവിധ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതിയോടുള്ള നല്ല പ്രവർത്തനവും യഥാർത്ഥ ശുചിത്വബോധവും കൈവരിക്കുകയാണെങ്കിൽ നമുക്ക് രോഗങ്ങളെയെല്ലാം ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും."ശുചിത്വം ഉള്ളവരായി ജീവിച്ച് പരിസ്ഥിതിയെ സ്നേഹിച്ച് രോഗത്തെ പ്രതിരോധിക്കുക" എന്ന മുദ്രാവാക്യവുമായി നമുക്ക് മുന്നേറാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം