സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/ ഇങ്ങിനെയും ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങിനെയും ഒരു അവധിക്കാലം

പരീക്ഷയുടെ കാലം കഴിഞ്ഞു അവധിക്കാലം വരുന്നതും കാത്തു കാത്തിരുന്ന എനിക്ക് ഓർക്കാപ്പുറത്തുള്ള ഒരു അടിയായിരുന്നു മാർച്ച് 20 നു വന്ന അച്ഛന്റെ ഫോൺ വിളി. പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴായിരുന്നു ആ വിളി വന്നത്--ഇനി നടക്കാനുള്ള പരീക്ഷകൾ മാറ്റിവച്ചിരുന്നു, കുറച്ചു കഴിഞ്ഞപ്പോഴേക്കും വാർത്ത ചാനലുകളിൽ വാർത്ത വന്നു 8,9 ക്‌ളാസ്സുകളിലെ പരീക്ഷകൾ റദ്ധാക്കി എന്ന്. വാർത്ത കേട്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി -ഒപ്പം ആർക്കും മനസ്സിലാക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു നൃത്തവും ---ആവൂ എന്തൊരു ആശ്വാസം- ഇനി നേരത്തെ എണീക്കണ്ട, പഠിക്കേണ്ട --ആലോചിക്കുംതോറും മനസ്സിൽ ലഡ്ഡുകൾ പൊട്ടിക്കൊണ്ടേയിരുന്നു. ഇനി ജൂൺ വരെ സ്വസ്ഥം സമാധാനം --ആ സന്തോഷവും ആഹ്‌ളാദവും രണ്ടോ മൂന്നോ ദിവസത്തേക്കേ ഉണ്ടായുള്ളൂ. പിന്നീടുള്ള ഓരോ ദിവസവും വല്ലാത്ത മടുപ്പായിരുന്നു. എങ്ങിനെ സമയം തള്ളിനീക്കാം എന്നായി പിന്നീടുള്ള ദിവസങ്ങളിലെ ചിന്ത. വീട്ടിലെ ഒറ്റക്കുട്ടി ആയതിനാൽ കൂടെ കളിയ്ക്കാൻ ആരും ഇല്ല--രാവിലെ പരമാവധി വൈകി എണീറ്റ് കുളിയും ഭക്ഷണവും കഴിയുമ്പോളും ക്ലോക്കിൽ സമയം ധാരാളം ബാക്കി--അമ്മയുടെ പാചക പരീക്ഷണങ്ങളിൽ കൂടെ കൂടിയും വീട്ടുജോലികളിൽ അമ്മയെയും അച്ഛമ്മയെയും സഹായിച്ചും കഥാപുസ്തകങ്ങൾ വായിച്ചും ഉച്ചവരെ സമയം പോകും. ഉച്ച ഭക്ഷണത്തിനുശേഷം ടെലിവിഷൻ കണ്ടും കമ്പ്യൂട്ടറിൽ തമാശ പരിപാടികൾ കണ്ടും കുറേനേരം പോകും. ഇങ്ങിനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതും മടുത്തു . പിന്നീട് അച്ഛനും അമ്മയ്ക്കും അച്ഛമ്മക്കും ഒപ്പം പല പല കളികളിലേക്കു തിരിഞ്ഞു. കൂടാതെ ആരോഗ്യം സംരക്ഷിക്കാനായി എക്സർസൈസും --ഓ വീണ്ടും മടുപ്പു തന്നെ --മുൻപൊക്കെ എന്തായിരുന്നു അവധിക്കാലത്തെ തകർക്കലുകൾ --എത്രയെത്ര സിനിമകൾ ,എക്സിബിഷൻ, പൂരങ്ങൾ , ഇടക്കെല്ലാം ഹോട്ടൽ ഭക്ഷണം ഐസ്ക്രീം, അമ്മായിയുടെ വീട്ടിലേക്കുള്ള വിരുന്നുപോകൽ --ഓ ആലോചിക്കുമ്പോൾ തന്നെ ഒരു കോരിത്തരിപ്പ്.. കളികളും കസർത്തും മടുത്തപ്പോൾ പിന്നെ പതുക്കെ അയൽപക്കത്തെ വീട്ടിലെ കുട്ടികളുടെ കൂടെ കളിയ്ക്കാൻ പോയിത്തുടങ്ങി--ആരുവും പാറുവും കേശുവും ഞാനും കൂടി മണ്ണപ്പം ചുട്ടും ഓടിക്കളിച്ചും ഒളിച്ചുകളിച്ചും പറമ്പിലെ മണ്ണെല്ലാം ഉടുപ്പിലാക്കി --അച്ഛൻ വാങ്ങിത്തന്ന സൈക്കിൾ തട്ടിൻപുറത്തു പൊടിപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അത് പൊടിതട്ടിയെടുത്തു. പിന്നെ വൈകുന്നേരം കുറച്ചു സമയം സൈക്കിൾ ചവിട്ടിനു സമയം കണ്ടെത്തി.അവധിക്കാലത്തും ആകെ ഉണ്ടായ ഒരു വലിയ സന്തോഷം ഇക്കൊല്ലവും ചക്കയും മാങ്ങയും ആവോളം കഴിക്കാൻ സാധിച്ചു എന്നതാണ്. അയൽ പക്കത്തെ വീടുകളിൽ നിന്ന് കൊണ്ടുവന്നതും മറ്റു പറമ്പുകളിൽ പോയി പറക്കിയതും സ്വന്തം വീട്ടിലെയും ഒക്കെയായി ധാരാളം --ചക്കയും മാങ്ങയും കൊണ്ടുള്ള പല പുതിയ വിഭവങ്ങളും അമ്മയുടെ പരീക്ഷണത്തിൽ ഉൾപ്പെട്ടിരുന്നു അതിനാൽ പല പുതിയ സ്വാദുകളും ആസ്വദിച്ചു. അങ്ങിനെ അടച്ചുപൂട്ടലിന്റെ 21 ദിവസങ്ങൾ കഴിഞ്ഞു വിഷു വന്നെത്തി. അതിനിടയിൽ ആറാട്ടു പുഴ പൂരവും മറ്റും ചടങ്ങുകൾ മാത്രമായി കഴിഞ്ഞു പോയിരുന്നു. വിഷുവിനു വേണ്ടതെല്ലാം നേരത്തെ തന്നെ ഒരുക്കിയിരുന്നു. കണികാണാൻ ആവശ്യമായ പലതും വീട്ടിൽ തന്നെ ഉണ്ടായിരുന്നു,ബാക്കി കുറച്ചു സാധനങ്ങൾ അയൽപക്കത്തെ വീടുകളിൽ നിന്നും തന്നു, ബാക്കി കുറച്ചെല്ലാം വാങ്ങി. കണിവെള്ളരി, കൊന്നപ്പൂ, ചക്ക മാങ്ങ മറ്റു ഫലങ്ങൾ ഉണക്കലരി തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. എല്ലാവർഷവും ലാത്തിരി പൂത്തിരി കമ്പിത്തിരി മേശപ്പൂ ചക്രം തുടങ്ങി ധാരാളം സാധനങ്ങൾ വാങ്ങാറുണ്ടായിരുന്നു. ഈവർഷം ഒന്നും കിട്ടാൻ സാധ്യതയില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് അച്ഛന്റെ ഒരു സുഹൃത്ത് അയാളുടെ കയ്യിലുണ്ടായിരുന്ന കുറെ ലാത്തിരിയും മേശപ്പൂവും മറ്റും തരാമെന്നു പറഞ്ഞു വിളിച്ചത്. കേട്ട പാതി കേൾക്കാത്ത പാതി ഞാനും അച്ഛനും കൂടി അദ്ദേഹത്തിന്റെ വീട്ടിലേക്കു പാഞ്ഞു. സാധാരണ വാങ്ങാറുള്ള അത്രയും ഇല്ലെങ്കിലും വിഷുവിന്റെ തലേദിവസവും വിഷുവിനും ഇഷ്ടം പോലെ കത്തിക്കാനുള്ളവ കിട്ടി. വിഷുവിനെ വരവേറ്റ് തലേദിവസം ഞാനും അച്ഛനും അമ്മയും അച്ഛമ്മയും ചേർന്ന് ഇവയെല്ലാം കത്തിച്ചു. കുറച്ചു വിഷു ദിവസത്തേക്ക് മാറ്റിവച്ചു. വിഷുവിന്റെ തലേ ദിവസം രാവിലെ മുതൽ നാട്ടിലെ ഓരോ വീട്ടിൽ നിന്നും കേൾക്കാറുള്ള പടക്കത്തിന്റെ ശബ്ദം ഇക്കൊല്ലം വളരെക്കുറച്ചേ കേട്ടുള്ളൂ .വിഷു ദിവസം രാവിലെ നേരത്തെ എഴുനേറ്റു കണ്ണന് മുൻപിൽ ഒരുക്കിയ വിഷുക്കണി കണ്ടു. രാവിലെ ഏഴു മണിയായപ്പോഴേക്കും വീട്ടിൽ വിഷു സദ്യ ഒരുങ്ങി. അഞ്ചാറു തരം കറികളും പപ്പടവും പായസവും ഉപ്പേരിയും ഒക്കെയായി ഒരു ഗംഭീര സദ്യ. 8 മണി യായപ്പോഴേക്കും എല്ലാ പണികളും തീർത്തു ചെറിയച്ഛനും കുടുംബവും എത്തുന്നതും കാത്തു ഞങ്ങൾ ഇരിപ്പായി. പണികളെല്ലാം തീർന്നാൽ എല്ലാവരും കൂടി അമ്പലത്തിൽ പോകുകയാണ് സാധാരണ പതിവ്. എന്നാൽ ഇക്കൊല്ലം അതിനു സാധിച്ചില്ല. എന്റെ ജീവിതത്തിൽ വിഷുവിന് അമ്പലത്തിൽ പോകാൻ സാധിക്കാതെയിരിക്കുന്നതു ഇതാദ്യമാണ്.

ഞങ്ങളുടെ വീടിന്റെ കുറച്ചകലെയാണ് ചെറിയച്ഛൻ താമസിക്കുന്നത് . 9 മണി ആയപ്പോൾ ചെറിയച്ഛനും ചെറിയമ്മയും ചേച്ചിയും അപ്പുവും കൂടി വന്നു. പിന്നെ എല്ലാവരും ചേർന്നിരുന്നു സദ്യയുണ്ടു. ആ….ഒരു കാര്യം മറന്നു. രാവിലെ തന്നെ അച്ഛനും അമ്മയും അച്ഛമ്മയും എനിക്ക് വിഷു കൈനീട്ടം തന്നിരുന്നു. ചെറിയച്ഛനും കൈനീട്ടം തന്നു . വീട്ടിലെ മുതിർന്നവരെല്ലാം കുട്ടികൾക്കും മറ്റുള്ളവർക്കും കൈനീട്ടം നൽകി. അയൽ വീടുകളിലേക്കെല്ലാം വിഷു സദ്യയുടെ പകർച്ച നൽകി. സദ്യയെല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും ചേർന്ന് കളിച്ചു. കവിടി കളി, പാമ്പും കോണിയും ,ചീട്ടുകളി നൂറാംകോൽ അങ്ങിനെ അങ്ങിനെ പലതരം കളികൾ. അന്ന് പകലിനു നീളം കുവായിരുന്നോ? എന്ത് വേഗമാണ് വൈകുന്നേരമായത്‌. വൈകിട്ട് ബാക്കിയുണ്ടായിരുന്ന ലാത്തിരിയും പൂത്തിരിയും പൊട്ടിച്ചു തീർത്തു. ചേച്ചിയും അനിയനും കൂടെ ഉണ്ടായിരുന്നതിനാൽ അത് വേഗം തീർന്നു. അങ്ങിനെ വിഷുവും കഴിഞ്ഞു. ഇനിയും പുറത്തിങ്ങാൻ പറ്റാത്ത നാളുകൾ തന്നെയാണ് വരുന്നത്. അതിനിടയിൽ നമ്പോർക്കാവ് വേലയും തൃശൂർ പൂരവും ഒന്നുമാഘോഷിക്കാൻ സാധിക്കാതെ കടന്നുപോകും. ഈ വർഷത്തെപ്പോലെ ഒരവധിക്കാലം ഇനി ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ . ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കാൻ ഈ അവധിക്കാലവും ...കരിന്തിരി മാറി വെള്ളിവെളിച്ചതിനായി കാത്തിരിക്കാം


ശ്രേയ കെ എം,
8 എ സെന്റലോഷ്യസ് ഹൈസ്‌കൂൾ എൽത്തുരുത്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം