സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/നൂറിന്റെ നിറവിൽ
2022 മേയ് 14ന് സെന്റ്. സെബാസ്റ്റ്യൻസ് സ്കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.ഉദ്ഘാടന സമ്മേളനത്തിൽ കൊച്ചി രൂപത വികാരി ജനറൽ മോൺ.ഷൈജു പര്യാത്തുശ്ശേരി അധ്യക്ഷത വഹിച്ചു.വ്യവസായ വകുപ്പ് മന്ത്രി പി .രാജീവ് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി.ജനറൽ മാനേജർ റവ.ഫാ. ജോപ്പി കൂട്ടുങ്കലിന്റെ നേതൃത്വത്തിൽ ആരംഭിച്ച പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മ രജിസ്റ്റർ 'അൽമ മാത്രർ' പൂർവ്വ വിദ്യാർത്ഥി കൂടിയായ സ്ഥലം എം .എൽ .എ . കെ. ജെ മാക്സി ആദ്യ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു.എൽ . പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 100 വിദ്യാർത്ഥികൾ പങ്കെടുത്ത വർണ്ണശബളമായ ഡിസ്പ്ലേ ഡാൻസ് ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യ ആകർഷണമായിരുന്നു.
2023 ജനുവരി 9, 10, 11, 13 തീയതികളിൽ ആയിട്ടാണ് സമാപന ആഘോഷ ചടങ്ങുകൾ നടത്തിയത്.ഈ നാലു ദിവസങ്ങളിലായി നടത്തിയ വിവിധ വർണ്ണാഭമായ പരിപാടികൾ സമാപന ആഘോഷത്തിന് മാറ്റുകൂട്ടി.
100 വിദ്യാർത്ഥികൾ പങ്കെടുത്ത ശതാബ്ദി വിളംബര സൈക്കിൾ റാലിയോട് കൂടിയാണ് ഒന്നാം ദിവസത്തെ പരിപാടികൾ ആരംഭിച്ചത്. രണ്ടാം ദിവസത്തെ ചടങ്ങുകൾ പൂർവ്വ വിദ്യാർത്ഥികളായ 15 വൈദികരുടെ കാർമികത്വത്തിൽ കൃതജ്ഞതാ ബലിയോടുകൂടി ആരംഭിച്ചു.വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുന്ന ചടങ്ങ് പൂർവ്വ വിദ്യാർത്ഥിയായ ഗാനഗന്ധർവ്വൻ പത്മവിഭൂഷൻ ഡോക്ടർ കെ. ജെ . യേശുദാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.മൂന്നാം ദിവസം ആർട്സ് ഡേ ആയി ആഘോഷിച്ചു.പ്രശസ്ത സിനിമാ സംവിധായകനും പൂർവ്വ വിദ്യാർത്ഥിയുമായ ഖാലിദ് റഹ്മാൻ ആർട്സ് ഡേ ഉദ്ഘാടനം നിർവഹിച്ചു.ദേശീയ ഗാനത്തിനുശേഷം എൽ. പി , എച്ച് .എസ്,എച്ച് .എസ്. എസ് സെക്ഷൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാവിരുന്ന് ഏറെ ഹൃദ്യമായിരുന്നു.
ശതാബ്ദി ആഘോഷങ്ങളുടെ സമാപന ദിവസമായ നാലാം ദിവസത്തെ പരിപാടികൾ കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജ് സി . എസ് . സുധ ഉദ്ഘാടനം ചെയ്തു.കൊച്ചി രൂപതാ വികാരി ജനറൽ ഷൈജു പര്യാദശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ എം .എൽ .എ . കെ . ജെ. മാക്സി ശതാബ്ദി സുവനീർ പ്രകാശന കർമ്മ നിർവഹിച്ചു.തുടർന്ന് വിവിധ കലാപരിപാടികളുടെ ഒരാഴ്ച നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.