സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/മണ്ണായി മാറുന്നവർ
മണ്ണായി മാറുന്നവർ "
ദേവാ... ദേവാ... അമ്മയുടെ നീട്ടിയുള്ള വിളി കേട്ടാണ് ദേവന്റെ ഇന്നത്തെ ദിവസം ആരംഭിച്ചത്. അല്ല, എന്നും അങ്ങനൊക്കെ തന്നെയാണ്. പത്താം ക്ലാസ് മൂന്നുതവണ തോറ്റതോടെ പഠനം നിർത്തിയതാണ്. വലിയ വലിയ സ്വപ്നങ്ങൾ കാണുമെന്നല്ലാതെ വേറൊരു തൊഴിലുമില്ലാത്ത ഒരു മടിയൻ.ആർക്കും ഒന്നിനും ഗുണമില്ലാത്ത ഒരുത്തൻ ഇതാണ് ദേവനെക്കുറിച്ചുള്ള അമ്മയുടെ അഭിപ്രായം. അച്ഛനാണെങ്കിൽ ഈ മൂന്നംഗ കുടുംബത്തെ പോറ്റാനുള്ള പെടാപ്പാടിലായതിനാൽ ദേവനെ ഉപദേശിക്കാൻ പോകാറേയില്ല. ആദിദേവ് പി.ജയൻ എന്നാണ് മുഴുവൻ പേര്. വീട്ടുകാർ 'ദേവൻ' എന്ന് വിളിക്കും. പി പാമ്പൂരിക്കൽ എന്ന വീട്ടുപേരാണ് . അമ്മ ഇടക്കിടെ പറയും "എടാ കൊച്ചേ നിന്റെ അച്ഛൻ ആ പറമ്പിൽ കിടന്നു പണിയുന്ന കൂട്ടത്തിൽ ഒന്നുചെല്ലടാ". "ഓ എനിക്കൊന്നും മേല"എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്ന പതിവാണ് ദേവനുള്ളത്. ഇന്നും ഏതാണ്ട് ഇതേ സംഭാഷണം നടന്നു. ദേവൻ പതിവു തെറ്റിച്ചതുമില്ല. രാവിലെ എഴുനേൽക്കുക, അടുക്കളയിൽ പോയി വല്ലതും തിന്നുക, ടി.വി.യിൽ എന്തെങ്കിലുമൊക്കെ കണ്ടു കൊണ്ടിരിക്കുക. ഉച്ചയാകുമ്പോൾ ഊണ് കഴിച്ചിട്ട് ഒരുറക്കമാണ് നാലര വരെ. അതിനിടെ ആരും ശല്യപ്പെടുത്താൻ പാടില്ല. പിന്നെ എണീറ്റ് ആറ്റിൽ ചാടും കുറെ നേരം അവിടെയായിരിക്കും. അതുകഴിഞ്ഞിങ്ങോട്ട് വന്ന് ടി. വി. കാണും അവിടെത്തന്നെ ഇരുന്ന് അത്താഴം കഴിക്കും പിന്നെ പോയി കിടന്നുറങ്ങും. ഇതൊക്കെയാണ് ദേവന്റെ ദിനകൃത്യങ്ങൾ. അച്ഛനും അമ്മയ്ക്കും ദേവന്റെ ഈ സ്വഭാവത്തിൽ വളരെ സങ്കടമുണ്ടെങ്കിലും ഉപദേശിക്കുകയല്ലാതെ വേറെന്തു ചെയ്യും. ദേവൻ അവന്റെ സ്വഭാവം മാറ്റിയില്ല ഒരു ശനിയാഴ്ച പറമ്പിൽ കൃഷിചെയ്ത പച്ചക്കറി വിൽക്കാൻ പോയ ദേവന്റെ അച്ഛനെ ഒരു കാറിടിച്ചു. അതോടെ ഒരു വശം തളർന്ന് അച്ഛൻ കിടപ്പിലായി. അങ്ങനെ വീട്ടിലെ വരുമാനം നിലച്ചു. പട്ടിണിയുടെ വക്ക ത്തെത്തിയപ്പോൾ അമ്മ പറഞ്ഞു "എടാ അച്ഛന്റെ കുഴമ്പും മരുന്നും എല്ലാം തീർന്നു അരീം തീർന്നു. ആ പറമ്പിൽ പോയി എന്തേലും കൃഷി ചെയ്യടാമോനേ. ഇനി അധ്വാനിച്ചില്ലെങ്കിൽ നമ്മൾ പട്ടിണിയാവും." " ആ ... പട്ടിണിയെങ്കിൽ പട്ടിണി എനിക്കു വയ്യ പറമ്പിൽ കിടന്നു വെയിലുകൊള്ളാൻ. അമ്മക്കെന്താ ജോലിക്കു പോയാൽ?" " ഈ നടൂവേദനയും മുട്ടുവേദനയുമായിട്ട് ഞാൻ പോയിട്ട് എന്തു ചെയ്യാനാ?" "എനിക്ക് പറ്റത്തില്ലന്ന് പറഞ്ഞില്ലെ" എന്നും പറഞ്ഞ് ദേവൻ മുറിയിൽ കയറി ഇരിപ്പായി. പട്ടിണിയാവേണ്ട എന്ന് കരുതി അമ്മ ഒരു വീട്ടിൽ കൂലിവേല ചെയ്ത് കുടുംബം പോറ്റി. കാലങ്ങൾ കടന്നുപോയി ദേവൻ തന്റെ നിലപാടിൽ നിന്നു പിന്തിരിഞ്ഞില്ല. പെട്ടന്നായിരുന്നു ചൈനയിൽ നിന്നെത്തിയ കൊറോണ എന്ന വൈറസ് ലോകത്തിൽ മുഴുവൻ പടർന്നു പിടിച്ചത്. ലോക്ക് ഡൗണായതോടെ കൂലിവേല ചെയ്തിരുന്ന വീട്ടിൽ നിന്നു ഒരു വിളി വന്നു. നാളെ പണിയുണ്ടാവും എന്ന് വിചാരിച്ച് അമ്മ വന്ന് ഫോൺ എടുത്തപ്പോൾ കേട്ടത് സൗമിനി, ഞാൻ മറിയാമ്മയാണ് നീ നാളെ മുതൽ പണിക്ക് വരണ്ട കേട്ടോ. പണിയുള്ളപ്പോൾ ഞാൻ വിളിക്കാം. പിന്നെ ഇന്നലെ കടം വാങ്ങിച്ച പൈസ പിന്നെതന്നാമതി. അതെന്താ ചേട്ടത്തി പണിയില്ലാത്തത് എന്ന് ചോദിക്കും മുമ്പുതന്നെ മറിയാമ്മ ചേട്ടത്തി ഫോൺ കട്ട് ചെയ്തു. അതോടെ വീണ്ടും വരുമാനം നിലച്ചു. മണിമലയിലോട്ട്മാറിതാമസിച്ച ദേവനും കുടുംബത്തിനും മുണ്ടക്കയത്തെ കുടുംബ വീട്ടിലെ റേഷൻ കാർഡിൽ പേരുള്ളതിനാൽ റേഷനും കിട്ടുന്നില്ല. പിന്നെ കടം വാങ്ങിയ പൈസ കൊണ്ട് അത്യാവശ്യ സാധനങ്ങൾ വാങ്ങിച്ചു. അതും തീരാറായതോടെ അമ്മ നൽകുന്ന ഭക്ഷണത്തിന്റെ അളവ് കുറഞ്ഞുവന്നു. ആരെയെങ്കിലും വിളിച്ച് സഹായം ചോദിക്കാം എന്ന് വച്ചാൽ ഫോൺ ബില്ലടക്കാത്തതിനാൽ ഫോൺ കട്ടായി. വിശപ്പോടെ തന്റെ മുറിയിലെ ജനലരികിൽ നോക്കിയിരുന്നപ്പോൾ അച്ഛൻ കൃഷി ചെയ്തിരുന്ന പറമ്പ് കാടുപിടിച്ച് കിടക്കുന്നത് ദേവൻ കണ്ടു. അവൻ തന്റെ ബാല്യകാലത്തിലേക്ക് ഒന്നു കണ്ണോടിച്ചു. അവന്റെ ബാല്യകാലം മുണ്ടക്കയത്തെ കുടുംബവീട്ടിലായിരുന്നു. അവിടെ അച്ഛൻ കൃഷിചെയ്യുമ്പോൾ താനും ചെല്ലുമായിരുന്നു അച്ഛനെ സഹായിക്കാൻ. അപ്പോൾ അച്ഛൻ പറയും "മോൻ പോയിരുന്ന് പഠിക്ക് " പാഠപുസ്തകത്തിൽ മാത്രമല്ലല്ലോ പ്രകൃതിയിൽ നിന്നും പഠിക്കാൻ ധാരാളം കാര്യങ്ങളില്ലേ എന്നും പറഞ്ഞ് താനും നട്ടിട്ടുണ്ട് കുറെ തൈകൾ. അതിൽ നിന്നും മാറി മണ്ണുകണ്ടാൽ അറപ്പു തോന്നുന്നവനായി താൻ മാറിയിരിക്കുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ടത് ഇരുപത്തിയൊന്നുകാരനായ തന്റെ കടമയാണ് എന്ന് അവൻ തിരിച്ചറിഞ്ഞു. ഉടൻ ത്തന്നെ പിന്നാമ്പുറത്ത് പോയി തൂമ്പയും അച്ഛന്റെ മറ്റു പണിയായുധങ്ങളും പൊടിതട്ടിയെടുത്ത് പറമ്പിലേക്കിറങ്ങി. ഇനിയുള്ള കാലം മണ്ണിനെ സ്നേഹിച്ച് ജീവിക്കാൻ. ഞാനും ഒടുവിൽ മണ്ണായി മാറും എന്ന ചിന്തയോടെ ........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ