സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/പാരിന്റെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
പാരിന്റെ മാലാഖമാർ

കേരനിരകളുടെ വസന്തച്ചാർത്തണിഞ്ഞ കൈരളീഭൂമിയിൽ ഏവരും ഏറെ ആനന്ദത്തോടെയാണ് കഴിഞ്ഞിരുന്നത്. അവിടെ ഒരു നാട്ടിലായിരുന്നു നിമിഷയും ജീവിച്ചിരുന്നത്. ബാല്യം മുതലേ മറ്റുള്ളവരുടെ നന്മ മാത്രമായിരുന്നു അവളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഒരു നഴ്സാകണമെന്നതായിരുന്നു അവളുടെ വലിയ ആഗ്രഹം. കൊല്ലങ്ങൾ ഇലകൾ പോലെ കൊഴിഞ്ഞു വീണു. മഴ വന്നു. വെയിൽ മാറി. വസന്തങ്ങൾ കടന്നു പോയി. ഇപ്പോൾ നിമിഷ ഭൂമിയുടെ മാലാഖമാരിലൊരാളാണ്.നഗരത്തിലെ ഒരാശുപത്രിയിലാണ് അവൾ ജോലി ചെയ്യുന്നത്. തന്റെ ഭർത്താവ് വിദേശത്തായതുകൊണ്ടുതന്നെ തന്റെ സന്താനങ്ങളെ മുത്തശ്ശിയുടെ അരികെയാക്കിയിട്ടാണ് അവൾ ജനങ്ങളെ സേവിക്കുന്നത്. അവൾക്ക് രണ്ട് മക്കളായിരുന്നു ഉണ്ടായിരുന്നത്.ദേവുവും അമ്മുവും. നിഷ്കളങ്കത വിട്ടു മാറാത്ത ബാല്യങ്ങളായിരുന്നു ഇരുവരുടേതും.

അങ്ങനെ ദു:ഖമൊന്നുമില്ലാതെ തന്റെ ജീവിതമാകുന്ന മഹായജ്ഞം അവൾ ഏകയായി നയിച്ചുകൊണ്ടേയിരുന്നു. അപ്രതീക്ഷിതമായാണ് കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ ഭീകരൻ ലോകമൊട്ടാകെ ദുരന്ത വസന്തം സൃഷ്ടിക്കുന്നത്.അങ്ങനെ ഒരു രാത്രിയിൽ ഒരസാധാരണ ഭീതിയോടെയായിരുന്നു അവൾ ചാഞ്ഞത്. ആ കുളിരാർന്ന നിലാവിന്റെ നേർത്ത തഴുകൽ നിമിഷയെ പതുക്കെ മയക്കി. എങ്കിലും വിദേശത്തുള്ള തന്റെ ഭർത്താവിന്റെ ഫോണിലൂടെയുള്ള സംസാരം അവളുടെ ശ്രവണങ്ങളിൽ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. അയാളുടെ ഓരോ മൊഴിയും ഏറെ ദയനീയമായിരുന്നു. തനിക്ക് തീരെ സുഖമില്ലെന്നും അവിടെ ചികിത്സ ലഭിക്കുന്നില്ലെന്നും പറഞ്ഞുള്ള അയാളുടെ അവ്യക്തമായ സംസാരം അവളേറെ നിസ്സഹായയായിരുന്നാണ് ശ്രവിച്ചത്. ആരെയുമൊന്നുമറിക്കാതെ ദിവസങ്ങൾ തള്ളി നീക്കി.

പിറ്റേന്ന് പതിവുപോലെ അവൾ ജോലിക്കു പോയി മടങ്ങി വരുമ്പോഴായിരുന്നു അമ്മുവും ദേവുവും ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുന്നത് നിമിഷയുടെ ശ്രദ്ധയിൽപ്പെടുന്നത്. അമ്മേ ദേ ടീവില് അച്ഛന്റെ പടം...." നിഷ്കളങ്കമായ കുട്ടികളുടെ വാക്ക് കേട്ട അവൾക്ക് ദൃശ്യമായത് കോവിഡ് ബാധയേറ്റ് തന്റെ ഭർത്താവിന്റെ ചേതനയറ്റു എന്ന വാർത്ത.സന്തോഷപ്പുലരിയുടെ മുമ്പിൽ സങ്കടാ സ്തമയമെന്നപോലെ അവൾ തേങ്ങി. തങ്ങൾക്കു വേണ്ടി കഷ്ടപ്പെട്ട് ഇതാ ശരിയായ പരിചരണമില്ലാതെ വിട്ടുപിരിഞ്ഞ ഭർത്താവിന്റെ വിയോഗം അവൾക്ക് സഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു. ആ നിശബ്ദമേറിയ രാത്രിയിൽ ഹൃത്തിൽ ആഴ്ന്നിറങ്ങിയ മുറിവിൽ അവൾ ഒന്നും ഭക്ഷിച്ചില്ല.നിദ്രയിലാഴാതെ തേങ്ങിക്കൊണ്ട് അവൾ ആ രാവ് കഴിച്ചുകൂട്ടി.

അവൾ തളരാൻ തയ്യാറായിരുന്നില്ല. പതിവുപോലെ പിറ്റേന്നു അവൾ ജോലിക്കായി പുറപ്പെട്ടു. കാരണം യഥാർത്ഥ പരിചരണമില്ലാതെ കൊറോണയെ നേരിടാൻ ആകില്ലെന്ന് അവൾക്ക് പൂർണ്ണ ബോധമുണ്ടായിരുന്നു. തനിക്കുണ്ടായ നഷ്ടങ്ങൾക്കുമപ്പുറം തന്നെപ്പോലെ മറ്റുള്ളവർക്ക് വിലപ്പെട്ട ജീവനുകൾ നഷ്ടമാകരുതെന്ന് അവൾ ആഗ്രഹിച്ചു.അപ്പോഴാണ് അവിടെ തന്റെ മകളുടെയത്ര പ്രായം വരുന്ന കുട്ടി കോവിഡുമായി ആ ആശുപത്രിയിലേക്കെത്തുന്നത്. " ന്റെ കുഞ്ഞിന് തീരെ വയ്യാ ന്റെ കുഞ്ഞിനെ രക്ഷിക്കണേ" എന്ന് പറഞ്ഞ് അവളുടെ അമ്മ തേങ്ങുകയായിരുന്നു. നിമിഷ അത് നോക്കിയിരുന്നില്ല. അവൾ ആ കുട്ടിയെ പരിചരിക്കുന്ന ദൗത്യം ഏറ്റെടുത്തു.

അവൾക്കപ്പോഴും തന്റെ കുഞ്ഞിന്റെയും ചികിത്സയില്ലാതെ മരിച്ച ഭർത്താവിന്റെയും രൂപമായിരുന്നു മനസ്സിൽ. അവൾ തന്റെ കുഞ്ഞിനെപ്പോലെ ആ കുട്ടിയെ പരിചരിച്ചു. വിശ്രമമില്ലാതെ മണിക്കൂറുകളോളം വായു പോലും കടക്കാത്ത വസ്ത്രം ധരിച്ചു സേവിച്ചു.ദിവസങ്ങൾ നീങ്ങിക്കൊണ്ടേയിരുന്നു.അങ്ങനെ ഒരു രാത്രി അവൾ പ്രതീക്ഷയോടെയായിരുന്നു നിദ്രയിലേക്കു വഴുതിയത്. അന്നും കാലത്ത് അവൾ ആശുപത്രിയിലേക്കു പോയി. അപ്പോൾ അവൾക്ക് കാണാന്നായതു താൻ പരിചരിച്ച ആ കുഞ്ഞു ജീവൻ കോവിഡ് മുക്തമായതാണ്. ആശുപത്രി വിട്ടിറങ്ങുമ്പോൾ അവരുടെ കൃതജ്ഞതാപൂർവ്വമുള്ള പുഞ്ചിരി അവളെ ഏറെ സന്തുഷ്ടയാക്കി.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് നിമിഷയ്ക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. മറ്റുള്ളവരെ സേവിക്കുന്നതിനിടയിൽ തനിക്ക് കോവിഡ് പടർന്നു എന്ന വാർത്ത വൈകിയാണവൾ അറിഞ്ഞത്.എങ്കിലും അവളതിനോട് മല്ലിട്ടു. ഒടുവിൽ ആ ജീവനും നിലച്ചു. അവസാന ജീവശ്വാസത്തിലും തന്റെ അന്ത്യത്തിന്റെ വേദനയായിരുന്നില്ല അവൾക്കുണ്ടായിരുന്നത് മറിച്ച് താൻ രക്ഷിച്ച ആ കുഞ്ഞു ജീവന്റെ പുഞ്ചിരിയായിരുന്നു അവളുടെ ഓർമ്മയിൽ.ചുവന്നു കലങ്ങുകയായിരുന്നില്ല ആ കണ്ണുകൾ അപ്പോഴും അഭിമാനം കൊണ്ട് തിളങ്ങുകയായിരുന്നു. തങ്ങളുടെ ജീവൻ പോലും വകവയ്ക്കാതെ ജനജീവിതങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു അവർ. ഈ കൊറോണ വേളയിൽ സ്വന്തം സന്തോഷങ്ങളും വ്യസനങ്ങളുമകറ്റി മറ്റുള്ളവരുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ച് സ്വയം സന്തോഷിക്കുന്ന ഇവരാണ് മാലാഖമാർ, ദൈവം പറഞ്ഞയച്ച പാരിന്റെ മാലാഖമാർ ...

സൈറ.എൻ.ബാബു
7 D സെന്റ്.മേരീസ് ഗേൾസ് ഹൈസ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ