സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/വിത്തിറക്കാം ..... വിശപ്പകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
വിത്തിറക്കാം ..... വിശപ്പകറ്റാം



കോവിഡ് -19 സൃഷ്ടിച്ച സമാനതകൾ ഇല്ലാത്ത പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ കേരളം നേരിടുന്ന വലിയൊരു ഗതികേടാണ് ഭക്ഷ്യപരാശ്രയത്വം. മിക്ക ഭക്ഷ്യവസ്തുക്കളും കേരളത്തിന് പുറത്തുനിന്ന് കൊണ്ടുവരേണ്ടി വരുന്നു. നമുക്കുവേണ്ട ഭക്ഷണത്തിന്റെ നല്ല പങ്കും ഉല്പാദിപ്പിക്കാനുള്ള സാഹചര്യങ്ങൾ നിലവിലുള്ളപ്പോഴാണ് ഈ ദുസ്ഥിതി നിലനിൽക്കുന്നത് എന്നോർക്കണം. മുഖ്യഭക്ഷണമായ അരിയുടെ 15% മാത്രമെ നാമുല്പാദിപ്പിക്കുന്നുള്ളു പച്ചക്കറികളാകട്ടെ നമ്മുടെ ആവശ്യത്തിന്റെ 30% ആണ് ആഭ്യന്തരോല്പാദനം. ഇതിനേക്കാൾ കഷ്ടമാണ് പ്രോട്ടിനുകളുടെ കലവറയായ പയർ വർഗ്ഗങ്ങളുടെ സ്ഥിതി. നമുക്കാവശ്യമുള്ള പയർ വർഗ്ഗങ്ങളുടെ വെറും 0.2 ശതമാനം മാത്രമാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. ആന്ധ്രയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ഭക്ഷ്യവിഭവങ്ങൾ എത്തിയില്ലെങ്കിൽ നാം പട്ടിണികിടക്കേണ്ടി വരും.


ഈ അടുത്ത കാലം വരെ നമ്മൾ അത്രയൊന്നും ചർച്ച ചെയ്യാത്ത ഒരു വിഷയമായിരുന്നു സുരക്ഷിത ഭക്ഷണം. പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിൽ വിഷരഹിതമായ മാർഗങ്ങൾ ഉപയോഗിച്ച് ആണോ അവ ഉല്പാദിപ്പിക്കുന്നത് എന്ന ചോദ്യം ഇപ്പോൾ വ്യാപകമായി ഉയരുന്നുണ്ട്. ഈ കോവിഡ് കാലത്ത് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന്റെ വാർത്തകളും ചിത്രങ്ങളും പത്രത്താളുകളിൽ നിറയുന്നുണ്ട്. സസ്യാഹാരികൾക്കിടയിൽപ്പോലും ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനും മദ്യം രുചിച്ചുനോക്കിയിട്ടില്ലാത്തവർ പോലും ലിവർ സിറോസിസ് രോഗികൾ ആകുന്നതിനും പ്രധാന കാരണം ഭക്ഷ്യവസ്തുക്കളിലെ വിഷാംശം തന്നെയാണ്. പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിനും കൃഷി സഹായകമാകും. ഉദാഹരണത്തിന് നെല്ല് കൃഷി ചെയ്യുന്നവർ ഭക്ഷ്യോല്പാദനത്തോടൊപ്പം പരിസ്ഥിതി സുരക്ഷയും ഉറപ്പാക്കുന്നു. ലക്ഷക്കണക്കിന് ലിറ്റർ ജലം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാനും വൻതോതിൽ ജൈവവൈവിധ്യം നിലനിർത്താനും നെൽ കൃഷി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മണ്ണിൽ നിന്ന് എടുക്കുന്ന പോഷകമൂലകങ്ങൾ മണ്ണിലേക്ക് തന്നെ തിരിച്ചുനല്കാനായാൽ ഭൂമിയെ ഉർവരമായി നിലനിർത്താം. നമുക്ക് ലഭ്യമായ സ്ഥലവും ജലവുമൊക്കെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്ന ആധുനിക കൃഷിരീതികൾ നമുക്ക് സ്വായത്തമാക്കാം.


കേരളത്തിന്റെ കാർഷികരംഗം തകർച്ചയുടെ വക്കിലാണ്. കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിച്ചിരുന്നവരായിരുന്നു നമ്മുടെ പൂർവ്വികർ. ഇപ്പോഴും ജനസംഖ്യയുടെ 50 ശതമാനത്തിലധികം ആളുകളുടെ ഉപജീവനമാർഗ്ഗം കൃഷി തന്നെ. കാർഷികമേഖലയിൽനടപ്പാക്കുന്ന ഏതു വികസനപ്രവർത്തനങ്ങളും ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനോപാധികൾക്ക് ഗുണകരമാകുമെന്നർത്ഥം. ഗ്രാമങ്ങളുടെ പുരോഗതിക്കും സാധാരണക്കാരുടെ ഉന്നമനത്തിനും കൃഷിക്ക് ഉൗന്നൽ നല്കിയേ മതിയാകൂ. ഉല്പന്നവിലയിടിവും ഉയരുന്ന കൃഷി ച്ചെലവുകളും കാലാവസ്ഥാവ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളുമെല്ലാം കർഷകരുടെ നട്ടെല്ലൊടിക്കുകയാണ്. ഈ കൊറോണക്കാലത്ത് മൂന്നുമാസത്തേക്കുള്ള മൊറട്ടോറിയമോ നാമമാത്ര പലിശയിളവോ കൊണ്ട് കർഷകർക്ക് പിടിച്ചുനിൽക്കാനാകില്ല. ഭീമൻ ബഹുരാഷ്ട്രകുത്തകകമ്പനികൾ വൻതോതിൽ ഭൂമി ഏറ്റെടുത്ത് ഉല്പാദനവും വിപണനവും നടത്തുമ്പോൾ തങ്ങളുടെ ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാതെ ചെറുകിടനാമമാത്ര കർഷകർ കാർഷികവൃത്തി തന്നെ ഉപേക്ഷിക്കേണ്ടിവരുന്നു. ഉല്പാദനത്തോടൊപ്പം വിപണനരംഗത്തും ജനകീയ പങ്കാളിത്തത്തോടെയുള്ള കാര്യക്ഷമമായ സംവിധാനങ്ങൾക്ക് രൂപം നല്കിയാലെ കാർഷിക മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാനാകൂ.


മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഈ കൊറോണക്കാലത്ത് ദിവസംതോറും നടത്തുന്ന വാർത്താസമ്മേളനത്തിൽ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. കാർഷികമേഖലയുടെ വികസനത്തിന് 3000 കോടിയുടെ പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു . കാർഷിക പുരോഗതിയും കേരളത്തിന്റെ വികസനവും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. നാളത്തെ കേരളത്തെക്കുറിച്ച് സ്വപ്നം കാണുമ്പോൾ ഭക്ഷ്യസുരക്ഷയും ആരോഗ്യദായകമായ ഭക്ഷണശീലങ്ങളുമുള്ള ഒരു ജനതയുടെ ചിത്രം നമ്മുടെ കൺമുമ്പിലുണ്ടാകണം. കൃഷി ആദായകരമായ തൊഴിലായി വികസിക്കുന്നതിന്റെ ചിത്രവും ആഹ്ലാദവാനായ കർഷകന്റെ ചിത്രവും കൂടിച്ചേർന്നാലെ കേരളത്തിന്റെ വികസനമെന്ന സങ്കല്പം പൂ‍ർണ്ണമാകൂ.


ജെറോം എബ്രാഹം പയസ്
7 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം