ഉഷസുണർന്നു പകലോന്റെ നിറച്ചാർത്തണിഞ്ഞു പ്രകൃതി
വിരസതയിൻ വാൽമീകം തകർത്തു കുതിക്കാനായുന്ന മനസ്സും
പൂഴിയിൽ പൊതിഞ്ഞയൊറ്റയടിപ്പാതയും പിന്നിട്ടു ഞാൻ
മുന്നിൽ കരിഞ്ഞ മനസ്സുകണക്കെ ടാറിട്ട റോഡിൽ നിശബ്ദത
കാണാമങ്ങിങ്ങു കാക്കിയണിഞ്ഞു പൊരിവെയിലിൽ
കരുവാളിക്കുന്നു മർത്യജൻമങ്ങളിവർ നിയമപാലകർ
അല്പപ്രാണനുകളെ മനസ്സോടുചേർത്തു പുൽകി നീങ്ങുന്നു
ധവളാംബര വിഭൂഷിതർ ദൈവദൂതർ
പാഥേയം പൊതിഞ്ഞ ചണസഞ്ചികളേന്തി നീങ്ങുന്നു
ചിലരവരുടെ ലക്ഷ്യമനാഥർ അതിഥികൾ പിന്നെയഗതികൾ
പിന്നെ കാണായ് വരുന്നു മിണ്ടാപ്രാണികൾ തെരുവിൽ
നാൽക്കാലികൾ, പറവകളവർക്കുമുണ്ടു പരിഭവങ്ങൾ
കാണാം സ്നേഹത്തിൽ തിളങ്ങും കരുണയുടെ നീർച്ചാലുകൾ
ഒഴുകിയിറങ്ങുമാ മുഖങ്ങൾ ഹരിതവർണ്ണ മറയ്ക്കു പിന്നിലാകിലും
മർത്യനെ മണ്ണോടു ചേർക്കും മഹാമാരിതൻമാരകമാം
പ്രഹരങ്ങളെ സ്വയമേറ്റുവാങ്ങി ലഘൂകരിക്കുന്നിവർ
ഇല്ല ഞങ്ങൾക്കു മനസ്സില്ല തോൽക്കാൻ
നിറം പിടിപ്പിച്ച വ്യാജയക്ഷരക്കൂട്ടുകാഴചകൾക്കുമുൻപിൽ
കണ്ണീരൊപ്പിയതിൻ കണക്കുപറഞ്ഞട്ടഹസിച്ച ചിലർ
ചില മുഖം മൂടികൾ അരങ്ങിൽ മറ്റു ചിലരണിയറയിൽ