സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/പുതിയൊരു പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയൊരു പുലരി

മിന്നിപ്പൂച്ച കണ്ണു തുറന്നു നോക്കി, അച്ഛനും അമ്മയും നല്ല ഉറക്കത്തിലാണ്. ഇന്ന് ഞാൻ നേരത്തെ ഉണർന്നുവെന്ന് തോന്നുന്നു. എന്തായാലും സാരമില്ല. അടുക്കളയിൽ ഒന്നു ചെന്നു നോക്കാം. അവൾ അടുക്കളയിലേക്ക് ഓടി. അടുക്കള വാതിൽ തുറന്നു കിടക്കുന്നു.

ഇന്നന്തൊ ഇങ്ങനെ? സാധാരണ അടുക്കളയിൽ നല്ല ബഹളമാണ്. അമ്മുവിന്റെ അച്ഛനും അമ്മയും കൂടി തിരക്കിട്ട് പണിയെടുക്കുന്നത് കാണാം. അമ്മുവിനെ വിളിച്ചെണീപ്പിക്കുന്നതും പല്ലു തേപ്പിക്കുന്നതും കുളിപ്പിക്കുന്നതും അങ്ങനെ എന്തെല്ലാം ജോലികൾ.

മിന്നിപ്പൂച്ച പതുക്കെ അമ്മുവിന്റെ മുറിയിലേക്ക് നടന്നു. അവിടെ അതാ അവൾ പുതച്ച് മൂടിക്കിടക്കുന്നു. അമ്മുവിന്റെ അച്ഛനും അമ്മയും എണീറ്റിട്ടില്ല. അവൾ പതുക്കെ പുറത്തേക്കിറങ്ങി.

ഏതാനും പേർ വഴിയിലൂടെ നടന്നുപോകുന്നു. അവർ എന്തോ ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്. അപ്പോഴാണ് തൻ്റെ കൂട്ടുകാരി കിങ്ങിണിപ്പൂച്ച ആ വഴിവരുന്നത്. മിന്നിപ്പൂച്ച ചോദിച്ചു. എന്താ കിങ്ങിണി എല്ലാവരുടെയും മുഖത്ത് ഒരു സാധനം വച്ചിരിക്കുന്നത്. അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ. ഇല്ല, എന്താ ? ഓ! ഇതാണ് മാസ്ക്. ഇനി ഇതു വയ്ക്കാതെ മനുഷ്യർക്ക് പുറത്തിറങ്ങാൻ പറ്റില്ല. ലോകം മുഴുവനും ഒരു മഹാമാരി പടർന്നു പിടിച്ചിരിക്കുന്നു. കൊറോണ എന്നാണ് അതിന്റെ പേര്. കൊറോണയോ, അത് എന്തൊരു പേരാണ്, മിന്നി ചോദിച്ചു. അപ്പോൾ കിങ്ങിണി പറഞ്ഞു, പേരൊക്കെ അടിപൊളി. ഈ ലോകം മുഴുവനും മാറ്റി മറിക്കാൻ ഈ കൊറോണയ്ക്ക് കഴിഞ്ഞു. ആളുകളെല്ലാം പേടിച്ച് വീടിനകത്ത് ഇരിപ്പാണ്.

പക്ഷേ, നമുക്ക് പേടിക്കണ്ടാട്ടോ. നമുക്ക് എവിടെ വേണമെങ്കിലും പോകാം. മാസ്കും വയ്ക്കണ്ടാ, ലോക് ഡൗണും ഇല്ല. കിങ്ങിണിയും മിന്നിപ്പൂച്ചയും ഇതും പറഞ്ഞ് തെല്ലും ഭയമില്ലാതെ മുമ്പോട്ട് നടന്നു നീങ്ങി.



അയോണ ജെയ്സൺ
6 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ