സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴികളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ വഴികളിലൂടെ


'ദൈവത്തിന്റെ സ്വന്തം നാട് ' എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇന്ന് കേരളം കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസിന്റെ നാടായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളം മാത്രമല്ല ലോകം മുഴുവൻ ഇന്ന് കൊറോണ എന്ന ഈ വൈറസിന്റെ പിടിയിലാണ്. ചൈനയിൽ തുടങ്ങിയ ഈ വൈറസ് വെറും ഒരു മാസത്തിനുള്ളിൽ നമ്മുടെ കേരളത്തിലും എത്തി. പൊതുവെ മരണനിരക്ക് കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണെന്നതാണ് ഈ വൈറസിന്റെ പ്രത്യേകത. കൊറോണയെ തുടർന്ന് ലോകം മുഴുവൻ അടച്ചുപൂട്ടിയ ഈ സമയത്ത് നാം എല്ലാവരും നമ്മുടെ വീടുകളിൽ സുരക്ഷിതരായി കഴിയുകയാണ്. കൊറോണയെ തുടർന്ന് ഉണ്ടായ ലോക്ക്ഡൗൺ നമ്മുടെ ജീവിതസാഹചര്യത്തെ നല്ല രീതിയിലും മോശമായ രീതിയിലും ബാധിക്കുന്നുണ്ട്.


ലോക്ക്ഡൗൺ കാരണം പുറത്ത് ഇറങ്ങാൻ പറ്റാത്ത ഈ സാഹചര്യം നമ്മുടെ നാടിന്റെ സമ്പത് വ്യവസ്ഥ യെ പ്രതികൂലമായി ബാധിക്കും എന്നതിൽ തർക്കമില്ല. കടകൾ തുറക്കാനോ സാധനങ്ങൾ വിറ്റഴിക്കാനോ കഴിയാതെ വ്യാപാരികളും കുഴങ്ങുന്നു. മരണനിരക്ക് കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലുള്ളതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി എന്തിനേറേ ആരാധനാലയങ്ങൾ പോലും അടച്ചിടേണ്ട സ്ഥിതി. മരണാനന്തര ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ കഴിയാത്ത അവസ്ഥ. ആശുപത്രിയിൽ പോലും പോകാൻ കഴിയില്ല. എല്ലാം കൊണ്ടും ബുദ്ധിമുട്ടുന്ന ഒരു സ്ഥിതി. എന്നിരുന്നാലും ഒരു നാണയത്തിന് രണ്ട് വശങ്ങൾ ഉള്ളതുപോലെ ഒരു ചീത്ത വശം ഉണ്ടെങ്കിൽ തീർച്ചയായും അതിന് ഒരു നല്ല വശവും ഉണ്ടാകും. കൊറോണയും ലോക്ക്ഡൗണുമെല്ലാം നമ്മുക്ക് നന്നായി കാണാനും കഴിയണം.


വീട്ടിൽ തന്നെ ഇരിക്കുന്നതുകൊണ്ട് കുടുംബാംഗങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുന്നു. അങ്ങനെ കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഢമാക്കാൻ കഴിയുന്നു എന്നതും ഇതിന്റെ മേന്മതന്നെയാണ്. ഒരു പക്ഷെ കുടുംബാംഗങ്ങൾ പരസ്പരം കാണുന്നത് തന്നെ ഇപ്പോഴാകും. അതുപോലെ വീട് വൃത്തി ആക്കാനും ചെടി നടാനും തുടങ്ങി ഒരുപാട് കാര്യങ്ങൾക്ക് നമുക്ക് സമയവും കിട്ടി.


ആരോഗ്യകാര്യത്തിൽ മലയാളികൾക്ക് ഏറെ ശ്രദ്ധ ഉണ്ട്. അതു നല്ലതാണ്. അതിനെ തെറ്റായ രീതിയിൽ കാണേണ്ടതില്ല. കൊറോണ വരുന്നതിനുമുമ്പ് ഒന്ന് ചെറുതായി തുമ്മിയാൽ അത് മതി ആശുപത്രിയിലേക്ക് ഓടാൻ. ഇപ്പോൾ അതിനു വളരെ കുറവുണ്ട്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിരുന്നത് വണ്ടി അപകടത്തിലാണ്. ഇപ്പോൾ അതും കുറഞ്ഞു.


ഏറ്റവും പ്രധാനമായി വന്ന മാറ്റം ഇതൊന്നുമല്ല. നമ്മുടെ ധൂർത്തടിക്ക് മാറ്റം വന്നു എന്നതാണ്. കേരളീയ സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായിരുന്നു ധൂർത്ത് . 'ഉള്ളതുകൊണ്ട് ഓണം പോലെ ' എന്നതായിരുന്നു ഒരു കാലം വരെ കേരളിയരുടെ ജീവിതാദർശം. എന്നാൽ ഇന്ന് മലയാളികൾ അത് മറക്കുകയും പവിത്രമായ വിവാഹ ചടങ്ങുകൾ തുടങ്ങി മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ ആഡംബരം കാണിക്കാനുള്ള അവസരങ്ങളാക്കി മാറ്റി. ധൂർത്ത് എന്നത് വ്യക്തിയെ മാത്രമല്ല സമൂഹത്തെ മുഴുവൻ കാർന്ന് തിന്നുന്ന ഒരു മഹാ വിപത്ത് ആയി മാറിയിരുന്നു. ഇന്ന് അതും മാറി. എല്ലാ ചടങ്ങുകളും ലളിതമാക്കി.


എന്തൊക്കെ പറഞ്ഞാലും കൊറോണ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങളും നിസാരമല്ല. എങ്കിലും നമുക്ക് അഭിമാനിക്കാം. കാരണം കൊറോണയെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ നമുക്കായി. അഖില ലോകത്തിനും ഇന്ത്യ ഒരു മാതൃക ആകുമ്പോൾ ഇന്ത്യക്ക് കേരളം മാതൃകയാവുകയാണ്.


എങ്ങനെ കോറോണയെ പ്രതിരോധിക്കാം എന്നതാണ് ഈ സമയത്ത് പ്രധാനമായും നാം ചിന്തിക്കേണ്ടത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക എന്നതാണ് ഇതിൽ പ്രധാനം. ഒരു കാരണവശാലും കൂട്ടം കൂടാതിരിക്കാൻ നമുക്ക് പരിശ്രമിക്കാം. കൈകൾ ഇടക്കിടെ സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. പൊതുസ്ഥലങ്ങളിൽ മാസ്ക്ക ഉപയോഗിക്കണം. റോഡ് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മറ്റോ ചെയ്യരുത്. ചുമ, ജലദോഷം, പനി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ആരോഗ്യവകുപ്പിന്റെ സഹായം തേടണം. ഇങ്ങനെ ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ നമ്മുക്ക് പാലിക്കാം. അവർക്കുവേണ്ടി പ്രാർത്ഥിക്കാനുള്ള കടമയും നമുക്കുണ്ട് എന്ന് ഓർക്കുക. പ്രാർത്ഥനയിലൂടെയും പ്രതിരോധനത്തിലൂടെയും നമുക്ക് നമ്മുടെ കേരളത്തെ വീണ്ടെടുക്കാം. പ്രളയത്തെയും നിപ്പയെയും എല്ലാം അതിജീവിച്ചവരാണ് നമ്മൾ. നമ്മൾ കോറോണയെയും അതിജീവിക്കും. ഈ കൊറോണ കാലത്ത് നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതരായി ഒരു നല്ല നാളേക്കായി കാത്തിരിക്കാം. ഓർക്കുക 'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ' .


ലിന്റാ ടോമി
9 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം