സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/എന്റെ ഗ്രാമം
സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചിദൃശ്യ ഭംഗിയാൽ നയന മനോഹരമായ , അറബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്ന, ചരിത്ര പ്രാധാന്യമുള്ള കൊച്ചി . കൊച്ചിക്ക് തിലകക്കുറിയായി അറബിക്കടലിന്റെ തീരത്തെ പുൽകി സ്ഥിതി ചെയ്യുന്ന ഫോർട്ടുകൊച്ചി .ചരിത്രം ഉറങ്ങുന്ന ഫോർട്ട് കൊച്ചിയുടെ ഹൃദയത്തെ തൊട്ട അറിയുവാൻ ഞങ്ങൾ നടത്തിയ പഠന യാത്രയിൽ കണ്ടതും അറിഞ്ഞതുമായ ചരിത്രം കുറിക്കട്ടെ.........
വാസ്തുകലാ പാരമ്പര്യത്തിന്റെ മനോഹാരിതകളുമായി മണിമാളികകളും ബംഗ്ലാവുകളും ..... തദ്ദേശിയരുടെയും വിദേശികളുടെയും ആകർഷണകേന്ദ്രം ...... ചരിത്രത്തിന്റെ അവശേഷിപ്പുകളുമായി ചീനവലകൾ ..... സാമ്രാജ്യത്വത്തിന്റെ അവശിഷ്ടമായ ഡച്ചു ശവക്കോട്ട ...... കൊച്ചി മഹാരാജാവും പോർച്ചുഗീസ് രാജവംശവുമായുള്ള തന്ത്രപരമായ സഖ്യത്തിന് സാക്ഷ്യം വഹിച്ച 1503 - ൽ പണിത ഇമ്മാനുവേൽ കോട്ട ..... ഹോർത്തൂസ് മലബാറിക്കസ് രചിച്ച ഹെന്റിക്ക് അഡ്രിയൻ വാൻ റീഡിന്റെ താമസസ്‌ഥലമായ ഡേവിഡ് ഹാൾ ...... ചരിത്രങ്ങൾക്ക് സാക്ഷ്യങ്ങളായ വലിയ ഗോഥിക് ശൈലിയിലുള്ള ദീർഘവൃത്താകാരമായ ആർച്ചുകളോടു കൂടിയ പഴയ ബിഷപ്പ് ഹൗസ് ......സാന്റാ ക്രൂസ് ബസിലിക്ക .... വാസ്കോഡഗാമയെ ആദ്യം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് ദേവാലയം....... തുടങ്ങിയ ചരിത്രസ്മാരകങ്ങളാൽ സമ്പന്നമായ ഫോർട്ടു കൊച്ചി .
നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഞങ്ങളുടെ നാടിനെ അറിയുമ്പോൾ നാടിന്റെ മഹത്വം ലോകമാസകലം വിളിച്ച് പറഞ്ഞ് മൺമറഞ്ഞുപോയ പോയ എല്ലാ മഹത് വ്യക്തികൾക്കുമായി ഞങ്ങൾ ഇത് സമർപ്പിക്കുന്നു.
സാന്താക്രൂസ് ബസിലിക്ക കത്തീഡ്രൽ
![](/images/thumb/c/c4/26013_Santa_Cruz_Basilica%2C_Fort_Cochin.jpg/300px-26013_Santa_Cruz_Basilica%2C_Fort_Cochin.jpg)
പ്രശസ്തമായ സാന്താക്രൂസ് ബസിലിക്ക ലോക ചരിത്ര ഭൂപടത്തിൽ സ്ഥാനം പിടിച്ച അഭിമാന മന്ദിരമാണ്. ഗോഥിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ദേവാലയം അതി മനോഹരമാണ് . എ.ഡി. 1500 - ൽ അന്നത്തെ കൊച്ചി രാജാവായിരുന്ന ഗോദവർമ്മ മഹാരാജാവിന്റെ ശത്രുവായിരുന്ന കോഴിക്കോട് സാമൂതിരിയെ യുദ്ധത്തിൽ തോൽപ്പിക്കുവാൻ സഹായിച്ച പോർച്ചുഗീസ് പടത്തലവൻ ഫ്രാൻസിസ് ദി അൽ ബുക്കർക്ക് പ്രതി നന്ദിയായി ഒരു ദേവാലയം പണിയുവാൻ അനുമതി നൽകി. അക്കാലത്തെ എല്ലാ കിഴ് വഴക്കങ്ങളും ലംഘിച്ച് ,മരവും ഇരുമ്പു ഉപയോഗിച്ച് പോർച്ചുഗീസുകാരുടെ ഓർമ്മയ്ക്കായി ഒരു കോട്ടയും അതിന്റെ മധ്യത്തിൽ ഒരു ദേവാലയവും പണിയുവാൻ രാജാവ് അനുവദിച്ചു. അങ്ങനെ, കല്ലും, കുമ്മായവും ഉപയോഗിച്ച് ഒരു ദേവാലയം പണിതു. അക്കാലത്ത് രാജകൊട്ടാരങ്ങളും അമ്പലങ്ങളും അല്ലാതെ മറ്റൊന്നും പണിയുവാൻ അനുവാദമില്ലായിരുന്നു. ഇന്നത്തെ ചിൽഡ്രൻസ് പാർക്കിന്റെ കിഴക്ക് ദിശയിലായിരുന്നു പ്രസ്തുത ദേവാലയം അതിന്" സാന്താക്രൂസ്" എന്ന് നാമകരണം ചെയ്തു.
1663-ൽ ഡച്ചുകാർ കൊച്ചി നഗരം പിടിച്ചെടുത്തപ്പോൾ സാന്താക്രൂസ് കത്തീഡ്രലും, സെന്റ് ഫ്രാൻസിസ് ദേവാലയവും ഒഴികെ മറ്റെല്ലാ കത്തോലിക്കാ ദേവാലയങ്ങളും സ്ഥാപനങ്ങളും തകർത്തുകളയുകയും, കത്തീഡ്രലിനെ ആയുധപ്പുരയാക്കുകയും ചെയ്തു. 1795-ൽ കൊച്ചി നഗരം ബ്രിട്ടീഷുകാർ പിടിച്ചെടുത്തപ്പോൾ ഈ ദേവാലയം നശിപ്പിച്ചു. അതിന്റെ ഓർമ്മയ്ക്കായി, ആ പഴയ ദേവാലയത്തിന്റെ ഒരു ഗ്രാനൈറ്റ് തൂൺ ഇപ്പോഴുള്ള ബസിലിക്കയുടെ തെക്ക് കിഴക്ക് മൂലയിൽ സ്ഥാപിച്ചിട്ടുണ്ട് .1887-ൽ ഡോം ജോൺ ഗോമസ് ഫെരയിര മെത്രാൻ ചുമതല ഏൽക്കുകയും പള്ളി വീണ്ടും പുതുക്കി പണിയുവാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ നിർഭാഗ്യവശാൽ പണിതു കൊണ്ടിരിക്കുമ്പോൾ ദേവാലയം നിലം പതിച്ചു. ഈ ദുഃഖ വാർത്തയുടെ ആഘാതത്തിൽ അദ്ദേഹം മരണമടഞ്ഞു. തുടർന്നു വന്ന മെത്രാൻ മത്തേവൂസ് ഒലിവിര സേവ്യർ ദേവാലയം പുനർ നിർമ്മിച്ചു.
സുപ്രസിദ്ധ ഇറ്റാലിയൻ ചിത്രകാരൻ ബ്രദർ ആന്റണി മോസിനിയാണ് പള്ളിയുടെ ഉള്ളിലെ അമൂല്യമായ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. മേൽത്തട്ടിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഏഴു വലിയ കാൻവാസ് പെയിന്റിംഗുകൾ വിശേഷിച്ച് ലിയനാർഡോ ഡാവിഞ്ചിയും അന്ത്യ അത്താഴത്തെ മാതൃകയാക്കി രചിച്ചതാണ്. ചിത്ര പണികളും , കൊത്തുപണികളും സഞ്ചാരികളെയും ചരിത്ര ഗവേഷകരേയും ആകർഷിക്കുന്നു.
ഇൻഡോ പോർച്ചുഗൽ മ്യൂസിയം, മെത്രാസന മന്ദിരം
![](/images/thumb/b/b7/26013_Indo_Portuguese_Museum_Kochi.jpg/300px-26013_Indo_Portuguese_Museum_Kochi.jpg)
ഞങ്ങളുടെ വിദ്യാലയത്തിന്റെ മുൻപിൽ പൗരണികതയുടെ ഔന്നിത്യത്തിൽ പ്രൗഡമായി നിൽക്കുന്ന കൊച്ചി മെത്രാസന മന്ദിരം, ചരിത്രത്തിന്റെ താളുകൾ നിവർത്തി വെച്ചിരിക്കുന്ന ഇൻഡോ പോർച്ചുഗൽ മ്യൂസിയം എന്നിവ കാണാം. എവിടെ നോക്കിയാലും ചരിത്രം മാത്രം. മ്യൂസിയത്തിൽ പഴമയുടെയും ചരിത്രത്തിന്റെയും, ക്രിസ്ത്യൻ മതത്തിന്റെയും പോർച്ചുഗൽ സംസ്‌കാരത്തിന്റെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നു. ഫോർട്ട് കൊച്ചിയുടെ ചരിത്രത്തിൽ എഴുതപെട്ടിരിക്കുന്ന ഒരു തുരങ്കത്തിന്റെ ഭാഗവും ഇവിടെ ഉണ്ട്.
സെന്റ് ഫ്രാൻസിസ് പള്ളി (ലന്തപള്ളി)
![](/images/thumb/6/6b/26013_St.Francis_Xavier_Church_-_Fort_Kochi.jpg/300px-26013_St.Francis_Xavier_Church_-_Fort_Kochi.jpg)
ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ ദേവാലയം . 1498-ൽ പോർച്ചുഗീസുകാരാണ് ഇത് പണികഴിപ്പിച്ചത്. കൊച്ചി രാജാവിന്റെ അനുവാദത്തോടെ ആയിരുന്നു ഇത് . ആദ്യകാലത്ത് ഇത് ഒരു ചെറിയ പള്ളിയായിരുന്നു. പിൽക്കാലത്ത് ഡച്ചുകാർ ദേവാലയങ്ങൾ നശിപ്പിച്ചപ്പോൾ ഈ പള്ളിയും ബസിലിക്ക പള്ളിയും നശിപ്പിച്ചില്ല. പിന്നീട് വന്ന ബ്രിട്ടീഷുകാർ പള്ളി ആംഗ്ലോ ഇന്ത്യക്കാർക്ക് കൊടുക്കുകയും ചെയ്തു. സെന്റ് .ബർത്തലോമിയോയുടെ നാമത്തിലായിരുന്നു ആദ്യ ദേവാലയം ,പിന്നീട് സെന്റ് .ആന്റണിയുടെ നാമത്തിലാക്കുകയും, ശേഷം സെന്റ്. ഫ്രാൻസീസ് എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഇതിന്റെ കാരണം ഫോർട്ടുകൊച്ചിയുടെ ചരിത്രകാരൻ എന്നറിയപ്പെടുന്ന ശ്രീ കെ.കെ. ബർണാഡ് തന്റെ ചരിത്രപുസ്തകമായ ഫ്ലാഷ് ഓഫ് കേരള ഹിസ്റ്ററിയിൽ പറയുന്നുണ്ട്. സെന്റ്.ഫ്രാൻസിസ് സേവ്യറിന്റെ മരണശേഷം മൂന്നുദിവസം ഈ പള്ളിയിൽ ഭൗതിക ശരീരം ദർശനത്തിനു വച്ചിരുന്നതിനാലാണ് ഇങ്ങനെ പേര് മാറ്റിയത്. സെന്റ്. ഫ്രാൻസീസ് സേവ്യർ ഫോർട്ടുകൊച്ചിയിൽ വന്ന് താമസിച്ചിരുന്നത് പള്ളിയുടെ പിറകിലുള്ള വീട്ടിലായിരുന്നു. പിൽക്കാലത്ത് വാസ്കോഡഗാമയും ഇവിടെവച്ച് മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശരീരം ഈ പള്ളിയിൽ മറവു ചെയ്യുകയും പിന്നീട് പോർച്ചുഗലിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പള്ളിയുടെ ഉളളിലുളള കൊത്തുപണികളും പഴയ മാതൃകയിലുള്ള വിശറികളും, പ്രസംഗപീഠവുമെല്ലാം ചരിത്ര കൗതുകങ്ങൾ ആയി നിലനിൽക്കുന്നു.
യുദ്ധത്തിൽ മരണമടഞ്ഞ പട്ടാളക്കാരുടെ ഓർമ്മയ്ക്കായി ഒരു യുദ്ധസ്മാരകം പളളിയുടെ മുൻപിൽ സ്ഥാപിച്ചിട്ടുണ്ട് . എല്ലാ വർഷവും കൊച്ചിയുടെ സാംസ്കാരിക ഉത്സവമായ കൊച്ചിൻ കാർണിവലിന്റെ പതാക ഉയരുന്നത് ഇവിടെ പുഷ്പചക്രം അർപ്പിച്ചിട്ടാണ് .പളളിയുടെ കുറച്ച് അകലെ തന്നെയാണ് ഡച്ച് സിമിത്തേരി.
പരേഡ് ഗ്രൗണ്ട്
![](/images/thumb/f/fb/26013_Parade_Ground.jpg/300px-26013_Parade_Ground.jpg)
447- വർഷത്തെ തുടർച്ചയായ കൊളോണിയൽ ഭരണത്തിന് സാക്ഷിയായ ഇന്ത്യയിലെ ഏക സ്ഥലമായ ഫോർട്ട്കൊച്ചിയുടെ ഹൃദയഭാഗത്ത് ഭാഗത്താണ് പരേഡ് ഗ്രൗണ്ട് സ്ഥിതിചെയ്യുന്നത്. പോർച്ചുഗീസ് ഭരണകാലത്ത് അവരുടെ തന്ത്രപ്രധാനമായ പ്രതിരോധമേഖല ആയിരുന്നു ഈ ഗ്രൗണ്ട്. ബറാക്കകളും മറ്റ് യുദ്ധ കോപ്പുകളും, ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഈ മൈതാനം അതുകൊണ്ട് തന്നെ ബറാക്ക് മൈതാനം എന്നാണറിയപ്പെട്ടിരുന്നത്. അവരുടെ സൈനിക അഭ്യാസത്തിലെ ബൂട്ടടികളുടെ ശബ്ദം മുഖരിതമായ അന്തരീക്ഷമുണ്ടായിരുന്ന കാലഘട്ടത്തിലാണ് മൈതാനം പരേഡ് ഗ്രൗണ്ട് എന്ന് വിളിക്കപ്പെട്ടത് .ഫോർട്ടുകൊച്ചിയിലെ ഏറ്റവും പഴക്കമുള്ള മഴ മരവും മൈതാനത്തിന്റെ ഓരം പറ്റി നിൽക്കുന്നു . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അർദ്ധരാത്രിയിൽ ബ്രിട്ടീഷ് പതാക താഴെയിറക്കി നമ്മുടെ ത്രിവർണ്ണ പതാക ഉയർത്തപ്പെട്ട പുണ്യ ഭൂമിയും ഇതുതന്നെ.
കൂനൻ കുരിശ്
കേരളത്തിലെ മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ പോർട്ടുഗീസുകാരും ജെസ്യൂട്ട് പാതിരിമാരും റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വരുത്തുവാൻ നടത്തിയ പീഡനങ്ങൾക്കെതിരെ 1653 ജനുവരി 3-ന് കൊച്ചിക്ക് സമീപമുള്ള മട്ടാഞ്ചേരിയിൽ വെച്ച് പരസ്യമായി എടുത്ത പ്രതിജ്ഞയാണ് കൂനൻ കുരിശുസത്യം അഥവാ കൂനൻ കുരിശ് പ്രതിജ്ഞ എന്ന് അറിയപ്പെടുന്നത്. ഈ സംഭവം കൂനൻ കുരിശ് കലാപം എന്ന് അറിയപ്പെടുന്നു. ഒരു പക്ഷേ, വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തുനില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.ചില ചരിത്രകാരന്മാർ കൂനൻ കുരിശുസത്യം മുഖ്യമായും പോർട്ടുഗീസുകാർക്കും അവരുടെ വക്താക്കളായ ജെസ്യൂട്ട് മിഷണറിമാർക്കും എതിരായുള്ള പ്രതിഷേധമായിരുന്നുഎന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റ് ചില ചരിത്രകാരന്മാർ ഇത് അന്നത്തെ റോമൻ കത്തോലിക്കാ സഭയുടെ മേൽക്കോയ്മക്ക് എതിരെയുള്ള പ്രതിഷേധവും അതോടൊപ്പം തങ്ങളുടെ പുരാതനസഭയെ അതിന്റെ മുമ്പുണ്ടായിരുന്ന എല്ലാ സ്വാതന്ത്യത്തോടും കൂടി പുനഃസ്ഥാപിക്കുവാനുള്ള മാർ തോമാ നസ്രാണികളുടെ അദമ്യമായ അഭിവാഞ്ജയുടെ പ്രതിഫലനവും ആയിരുന്നു എന്നും നിരീക്ഷിക്കുന്നു.
2,500-ഓളം വരുന്ന വിശ്വാസികൾ കുരിശിൽ വടം കെട്ടി അതിൽ പിടിച്ച് ഒരേ സമയം സത്യം ചെയ്യുക വഴിയായി ഭാരം കാരണം കുരിശു ഒരു വശത്തേക്ക് വളഞ്ഞുവെന്ന് പറയപ്പെടുന്നു. അതു കൊണ്ട് ഈ സംഭവം കൂനൻ കുരിശുസത്യം എന്ന പേരിൽ അറിയപ്പെടുന്നു.