സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രകൃതിയിലെ വീടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലെ വീടുകൾ

ഈ അവധിക്കാലം നാം എല്ലാവരും കൊറോണയുടെ ഭീതിയിലാണ്. ഈ ഭീതിയിലും എന്റെ മനസ്സിന് കുളിർമയേറിയ ചില വിസ്മയ കാഴ്ചകൾ നിങ്ങളുമായ് പങ്കുവെയ്ക്കുവാൻ ഞാൻ ആഗ്രഹിക്കന്നു. ഒരു ദിവസം പ്രഭാതത്തിൽ ഉണർന്നു ഞാൻ വീട്ടുമുറ്റത്ത് വെറുതെ നടക്കുകയായിരുന്നു. അപ്പോഴാണ് ആ കാഴ്ച കണ്ടത്.പുളിമരത്തിൽ കാക്ക കൂട് കൂട്ടിയിരിക്കുന്നു. ചെറിയ ചുള്ളിക്കമ്പുകളും നാരുകളും കൊണ്ട് നല്ല ബലത്തിലൊരു കൂട്. അതിൽ രണ്ടു കുഞ്ഞുങ്ങളുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ വായിൽ അമ്മകാക്ക തീറ്റ വച്ച് കൊടുക്കുന്നത് കാണുവാൻ എന്ത് രസമാണ്. മാവിൻ കൊമ്പിൽ കിളി കൂട് കൂട്ടിയിരിക്കുന്നു. അതിൽ പ്രതീക്ഷയോടെ അമ്മക്കിളി അടയിരിക്കുന്ന കാഴ്ച എത്ര മനോഹരം.

പ്രകൃതിയിൽ നിർമ്മാണ വിദ്യയിൽ ആരെയും അമ്പരപ്പിക്കുന്ന അനേകം ജന്തുകളുണ്ട്. വീട് നിർമ്മിക്കുന്നതിലാണ് ഇവ മികവ് കാണിക്കുന്നത്. ചിലരാകട്ടെ ഇരകളെ കുടുക്കുവാൻ കെണികൾ ഒരുക്കുന്നതിനാണ് ഈ മികവ് ഉപയോഗിക്കുന്നത്. ഇല, ചുള്ളിക്കമ്പ്, മണ്ണ്, ഇവ ഉപയോഗിച്ചാണ് വീട് നിർമ്മാണം. സ്വന്തം ശരീരം തന്നെയാണ് പണിയായുധം. ഉരുണ്ട നീളൻ സഞ്ചികൾ പോലുള്ള കൂടുകൾ, നാരുകൾ കൊണ്ട് മെടഞ്ഞ് ചില്ലുകളിൽ തൂങ്ങിക്കിടക്കും വിധമാണ് 'ഒറോ പെൻഡോല' കൂട് നിർമ്മിക്കുന്നത്. ഭംഗിയുള്ള കൂടുണ്ടാക്കുന്നതിൽ അതീവ സാമർത്ഥ്യമുള്ള പക്ഷിയാണ് 'ബോവർ പക്ഷി’. അണക്കെട്ടിൽ വീടുണ്ടാക്കന്ന ജീവിയാണ് 'ബീവർ '.താറാവ് വർഗത്തിൽപ്പെട്ട ' ഗ്രിബ് ' വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ചങ്ങാടം പോലുള്ള കൂടാണ് നിർമ്മിക്കുന്നത് .

ഇലകൾ കൂട്ടിത്തുന്നിയാണ് 'ടെയ്‍ലർ ബേർഡ്'’ അഥവാ 'തുന്നൽക്കാരൻ പക്ഷി' കൂടുണ്ടാക്കുന്നത്. പന,മുള, തെങ്ങ് ,എന്നിവയുടെ ഇലത്തുമ്പ് നാരുകളോ,വൈക്കോലോ ഉപയോഗിച്ച് ഒരു ചരടുപോലെയാക്കി 'തുക്കണാം കുരുവി ' കൂട് നിർമ്മിക്കുന്നു .പനയോലയുടെ പാളികൾക്കിടയിൽ നാരുകളും,ഇലക്കഷണങ്ങളും മറ്റും ഉമിനീരിൽ കുഴച്ച് കപ്പ് പോലെ ഒട്ടിചേർത്താണ് 'പാം സ്വിഫ്റ്റ്'’ കൂടുണ്ടാക്കന്നത്.വീടിനു ചുറ്റുമുള്ള ചെടികളുടെ വണ്ണം കുറഞ്ഞ കമ്പുകളിൽ ഒട്ടിച്ചു വെച്ച കുടം പോലെയാണ് 'പോട്ടർ വാസ്പിന്റെ 'കൂടുകൾ .

മനുഷ്യന് ജീവിക്കാൻ ആവശ്യമായതെല്ലാം കനിഞ്ഞരുളിയ പ്രകൃതിയെ വരദാനമായി കാണാൻ നമുക്ക് കഴിയണം. പ്രകൃതിയിലേക്ക് നോക്കാനും ജീവജാലങ്ങളെ നിരീക്ഷിക്കാനും ഈ കൊറോണക്കാലം നമുക്ക് സഹായമായല്ലോ. നമ്മെപ്പോലെ തന്നെ, അല്ല നമ്മെക്കാൾ സൂക്ഷ്മമായി, കരുതലോടെ പക്ഷികൾ വീടൊരുക്കുന്ന കാഴ്ച നയനാഭിരാമം തന്നെ. നമുക്ക് ദൈവം തന്ന സൗഭാഗ്യങ്ങൾ സംതൃപ്തിയോടെ അനുഭവിക്കാനും പ്രകൃതി ഭംഗി ആസ്വദിച്ച്, സംരക്ഷിച്ച് കരുതലോടെ ജീവിക്കാനും കഴിയണം.

സഫ്‍വാൻ സി.എൻ
6 A സെന്റ്. ജോൺ ഡി ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം