സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പ്രകൃതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മലിനീകരണം

വേസ്റ്റ് ആക്കല്ലേ..!

ശാസ്ത്രവിഷയങ്ങളിൽ മീനുവിന് ഏറ്റവുമിഷ്ടം പരിസ്ഥിതി പാഠങ്ങളാണ്. പ്രകൃതിയോട് അത്രയ്ക്ക് ഇഷ്ടമാണ് അവൾക്ക്. ടീച്ചർ പരിസ്ഥിതിയെക്കുറിച്ച് പഠിപ്പിക്കുമ്പോഴെല്ലാം അവൾ പ്രകൃതിയിൽ സ്വപ്ന സഞ്ചാരം നടത്തുകയായിരുക്കും.

അന്ന് വൈകിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ മീനു വിന്റെ മനസ്സിൽ ദീപ ടീച്ചർ ഏഴാം പിരീഡ് പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. അന്തരീക്ഷത്തിലേക്കും ജലാശയങ്ങളിലേക്കും പുറന്തള്ളുന്ന മാലിന്യങ്ങൾ ആണ് മലിനീകരണത്തിന് കാരണമെന്ന് ആണ് ടീച്ചർ അന്ന് പറഞ്ഞു കൊടുത്തത്.

ഫാക്ടറികളിൽ നിന്നും പുറന്തള്ളപ്പെടുന്ന വിഷപ്പുക, വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങൾ..... ഇതെല്ലാം പ്രകൃതിയെ ശ്വാസംമുട്ടിക്കുന്നുണ്ടാവും .... അവൾ ചിന്തിച്ചു. എന്തിനേറെ പറയുന്നു വീട്ടിലെ വേസ്റ്റ് എല്ലാം അച്ഛൻ അടുത്തുള്ള കനാലിൽ കൊണ്ടുപോയി കളയുന്നത് അവൾ നിത്യവും കാണുന്നതാണ്. അപ്പോൾ പ്രകൃതിസംരക്ഷണം വീട്ടിൽ നിന്നു തുടങ്ങണം എന്ന് വീട്ടിൽ എത്തിയപ്പോൾ അവൾ തീരുമാനിച്ചിരുന്നു. അച്ഛനോട് പറയുക തന്നെ, ഇനി വേസ്റ്റ് കനാലിൽ തള്ളരുത് എന്ന്.


വൈകിട്ട് അച്ഛൻ വന്നപ്പോൾ മീനു ഓടിച്ചെന്ന് കയ്യിലെ പൊതി വാങ്ങി. തുറന്നു നോക്കിയപ്പോൾ ഗ്രിൽഡ് ചിക്കൻ ആണ്. ഒരു ഫുൾ ചിക്കൻ ഉണ്ട്. അവൾക്ക് അപ്പോൾ തന്നെ വിശപ്പായി.

അച്ഛൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൾ തിന്നു മതിയാക്കി എഴുന്നേറ്റിരുന്നു. പ്ലേറ്റിൽ കുറച്ച് അവശേഷിച്ചിട്ടുണ്ട്. വയ്യ ഇനിയും തിന്നാൽ വയർ പൊട്ടിപ്പോകും. ആവശ്യമുള്ളത് മാത്രം എടുത്താൽ പോരായിരുന്നോ, എന്തിനാ എച്ചിൽ ആക്കിയത് എന്നമ്മ വഴക്ക് പറഞ്ഞെങ്കിലും അവർ അതത്ര കാര്യമാക്കിയില്ല.

അച്ഛൻ അത്താഴം കഴിച്ചു കൊണ്ടിരിക്കെ അവൾ അന്നത്തെ വിശേഷങ്ങൾ പറയാൻ തുടങ്ങി. കൂട്ടത്തിൽ പരിസ്ഥിതി സംരക്ഷണവും കടന്നുവന്നു. അവൾ അച്ഛനോട് പറഞ്ഞു. 'അച്ഛാ ഇനിമുതൽ വേസ്റ്റ് കനാലിൽ കൊണ്ട് ഇടരുത്. അത് പരിസ്ഥിതിക്ക് ദോഷം ആണ്. പരിസ്ഥിതി സംരക്ഷണം വീടുകളിൽ നിന്ന് തുടങ്ങണം.'

അവളുടെ പ്രഭാഷണം കേട്ടു വന്ന അമ്മ ഇടയ്ക്ക് കയറി പറഞ്ഞു. 'അതിനീ മീനൂട്ടി ബാക്കിയാക്കുന്ന ഭക്ഷണം ആണല്ലോ ഈ വീട്ടിലെ വേസ്റ്റിൽ അധികവും. നീ സ്കൂളിൽ കൊണ്ടുപോകുന്ന ചോറ് മിക്കവാറും മുഴുവൻ കഴിക്കാറില്ലല്ലോ. ദാ ഇന്നിപ്പം ചിക്കൻ ഫ്രൈയും വേസ്റ്റ് ആക്കി. എന്നിട്ട് വലിയ പ്രഭാഷണം നടത്തുന്നു'.

ഇത് കേട്ടപ്പോൾ അവളുടെ ഉത്സാഹം കേട്ടു. എന്നാലും അവൾ തീരുമാനിച്ചു ഇനി വേസ്റ്റ് കുറയ്ക്കണം. പിന്നെ റീസൈക്കിൾ ചെയ്യണം. ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിന് കുറിച്ച് നാൾ മുൻപ് അമ്മയുടെ വാട്സാപ്പിൽ വന്ന ഒരു വീഡിയോ അവളുടെ ഓർമയിൽ വന്നു. അത് തപ്പിയെടുത്ത് വേസ്റ്റ് റീസൈക്കിൾ ചെയ്യാൻ ഒരു സംവിധാനം ഉണ്ടാക്കണം. ഇനി ഈ വിഷയത്തെക്കുറിച്ച് പ്രസംഗിക്കുന്നതിന് മുമ്പ് തന്റെ മിസ്റ്റേക്സ് പരിഹരിക്കണം അല്ലെങ്കിൽ ഇന്നത്തെപോലെ ആരെങ്കിലും തന്നെ കൊച്ചാക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ ചിന്തിച്ച് അവൾ ഉറങ്ങാൻ കിടന്നു.

നാൻസി ജോസ്
സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ