സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/ഹരിതഭൂമിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
"
-- ലേഖനം - ഹരിതഭൂമിയിലേക്ക് -->

മനുഷ്യന്റെയും ജീവജാലങ്ങളുടെയും ആവാസകേന്ദ്രമായ നമ്മുടെ ഭൂമി എത്ര സുന്ദരമാണ്! കോടാനുകോടി സസ്യങ്ങളും ജന്തുക്കളും പുഴകളും പൂക്കളും പൂമ്പാറ്റകളും കാടും കാട്ടാറുകളും മലനിരകളുമെല്ലാം ഭൂമിയുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു.

മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്. സ്വന്തം അമ്മയെപ്പോലെ നമ്മെ പരിപാലിക്കുന്ന പ്രകൃതിക്ക് നാം തിരിച്ചുനൽകുന്നതോ, ഇടിച്ചുനിരത്തപ്പെട്ട മലകളും നികത്തപ്പെട്ട വയലുകളും വെട്ടിനശിപ്പിച്ച കാടുകളും. സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു മനുഷ്യന്റെ ക്രൂരതകൾ.ഭൂമിയേയും സുന്ദര പ്രകൃതിയേയും നാം ചൂഷണം ചെയ്യുമ്പോൾ ഭൂമിയുടെ നിലനിൽപ്പിനെ അവ സാരമായി ബാധിക്കുന്നു. അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതു തന്നെ.

വികസനത്തിന്റെ പേരുപറഞ്ഞ് വയലുകൾ നികത്തി കെട്ടിട സമുച്ചയങ്ങൾ പണിതുയർത്തുന്നവർ ആവാസവ്യവസ്ഥയ്ക്ക് തുരങ്കം വയ്ക്കുകയാണ് ചെയ്യുന്നത്. അതിനാൽ പരിസ്ഥിതിസൗഹൃദപരമായ വികസനത്തിനാണ് നാം മുൻതൂക്കം നൽകേണ്ടത്. നമ്മുടെ ആവാസ വ്യവസ്ഥയിലെ കണ്ണികൾ മുറിയാതെ നാം സംരക്ഷിക്കേണ്ടിയിരിക്കുന്നു. പ്രകൃതിസംരക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ് വനസംരക്ഷണം, മൃഗസംരക്ഷണം, ജലസംരക്ഷണം എന്നിവ.

പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം അടങ്ങുന്ന മഹാശൃംഖലയുടെ കണ്ണികൾ അഴിഞ്ഞഴിഞ്ഞ് മഹാനാശത്തിലേക്ക് നീങ്ങുകയാണ്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യവംശത്തെത്തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു. ലോകം ഇന്ന് അതീവഗുരുതരാവസ്ഥയിലാണ്.

ഈ ദുരന്തങ്ങളിൽ നിന്ന് ഇനിയും ഒരു തിരിച്ചുപോക്ക് സാധ്യമാണ്. നമ്മുടെ പൂർവ്വികർ നമുക്കുവേണ്ടി പ്രകൃതിയെ കാത്തുസൂക്ഷിച്ചതുപോലെ നമുക്കും ഭാവിതലമുറയ്ക്കായി പ്രകൃതിയെ കാത്തുസൂക്ഷിക്കുവാനുള്ള കടമയുണ്ട്. അല്ലെങ്കിൽ മാനവരാശിയുടെ തന്നെ ഭാവി ഭീഷണിയിലാകും. അതിനാൽ പ്രകൃതിസംരക്ഷണം ലക്ഷ്യമാക്കി മുന്നോട്ടുപോയാൽ മാത്രമേ വരുംതലമുറയ്ക്കെങ്കിലും ശുദ്ധവായു ശ്വസിച്ച്, ശുദ്ധജലം നുകർന്നുകൊണ്ട് ആരോഗ്യത്തോടെ ഐശ്വര്യത്തോടെ ജീവിക്കാൻ സാധിക്കുകയുള്ളൂ.ഈ ഭൂമിയെ നമുക്ക് മറ്റൊരു സ്വർഗ്ഗമാക്കാം...




മാളവിക സന്തോഷ്
9 C സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം