സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/മാതൃത്വത്തിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
"
-- കഥ- മാതൃത്വത്തിന്റെ മഹത്വം -->

മുംബൈ നഗരത്തിലെ പ്രശസ്തമായ ഒരു തെരുവിൽ വളരെയധികം പഴക്കമുള്ള ഒരു വീട്. ഒരുകാലത്ത് സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സാക്ഷിയായ ആ വീട്ടിൽ സഹനത്തിന്റെയും കഷ്ടപ്പാടുകളുടെയും വഴികൾ താണ്ടിയ ഒരു അമ്മ മാത്രമാണ് ഇന്നുള്ളത്.

വർഷങ്ങൾക്കു മുൻപ് ഈ വീട്ടിൽ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു. ഒരമ്മയും രണ്ടു മക്കളും മാത്രം. ഇളയ കുട്ടിക്ക് രണ്ടു വയസ്സുള്ളപ്പോൾ അവരുടെ അച്ഛൻ ഈ ലോകത്ത് നിന്ന് എന്നെന്നേക്കുമായി മൺമറഞ്ഞു പോയി. അച്ഛന്റെ അഭാവത്തിൽ തളരാതെ അമ്മ തന്റെതായ കഷ്ടപ്പാടുകളും ദുഃഖങ്ങളും ഒന്നും തന്നെ അറിയിക്കാതെയാണ് അവരെ വളർത്തിയത്. ഇരുവരും പഠനത്തിൽ നല്ല മിടുക്കരായിരുന്നു. മക്കളെ കൊണ്ട് ആ അമ്മയ്ക്ക് എന്നും അഭിമാനം ആയിരുന്നു. അവർക്കിടയിൽ അമ്മ സ്നേഹത്തിന്റെ ഒരു പാലമായിരുന്നു. അമ്മയുടെ സ്നേഹത്തണലിൽ അവർ ഒരുമിച്ച് ജീവിച്ചു.

കാലമേറെ കടന്നു. അവർ ഇരുവരും വളർന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പോസ്റ്റ് മാൻ ഒരു കത്ത് കൊണ്ടുവന്നു കൊടുത്തു. അമ്മ അത് തുറന്നു നോക്കിയെങ്കിലും മുഴുവനും ഇംഗ്ലീഷ് ആയതുകൊണ്ട് ഒന്നും വായിക്കാൻ സാധിച്ചില്ല. ഇളയ മകന്റെ അടുത്തുപോയി അമ്മ ചോദിച്ചു,"എടാ ഇതെന്താ?" "നോക്കട്ടെ അമ്മേ" അവൻ അത് മുഴുവനും വായിച്ചു. ഏറെ സന്തോഷത്തോടെ അവൻ പറഞ്ഞു, "അമ്മേ, ചേട്ടന് ലണ്ടനിൽ ജോലി കിട്ടി" "അപ്പോൾ രണ്ടാമത്തെ പേപ്പർ?" "അമ്മേ അത് വിസയാ",അവൻ പറഞ്ഞു. "വിസയോ! അതെന്താ?" "ഈ അമ്മയ്ക്ക് ഒന്നും അറിയില്ല. അമ്മേ, ഇത് ആ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള പേപ്പർ ആണ്." "ഞാനിത് അവനെ അറിയിക്കട്ടെ?", അമ്മ ചോദിച്ചു. "വേണ്ട അമ്മേ, നമുക്ക് സർപ്രൈസ് കൊടുക്കാം."അനിയൻ പറഞ്ഞു. എന്നാൽ ശരി അമ്മ മറുപടി പറഞ്ഞു അങ്ങനെ അവൻ ആ സർപ്രൈസ് അറിഞ്ഞു. ലണ്ടനിൽ പോകുവാൻ ഉള്ള ദിവസം എത്തി. (എയർപോർട്ട്) "എന്തിനാ കരയുന്നത് ഞാൻ ജോലിക്ക് പോകുന്നത് അല്ലേ? മാത്രമല്ല അമ്മയെ ഞാൻ എല്ലാ ദിവസവും വിളിക്കാം.” അവൻ യാത്രയായി.

ഒരു ദിവസം വിളിച്ചു രണ്ടാംദിവസവും വിളിച്ചു പിന്നെ പിന്നെ വിളിയും കാണലും ആഴ്ചയിൽ ഒരു ദിവസം ആയി. പിന്നെ അത് മാസത്തിൽ ആയി.ശേഷം ഒട്ടും തന്നെ ഇല്ലാതായി. അമ്മയുടെ ഉള്ളിൽ സങ്കടം നിറഞ്ഞെങ്കിലും അമ്മ അത് പുറത്തു കാണിച്ചില്ല. ഒരു ദിവസം വീണ്ടും അമ്മ വിളിച്ചു, തിരക്കാണ് എന്ന് പറഞ്ഞു ഫോൺ വച്ചു കളഞ്ഞു. തന്റെ മകൻ തന്നിൽ നിന്ന് അകന്നു പോകുന്നു എന്ന കാര്യം അമ്മയിൽ സങ്കടം ഉണ്ടാക്കി. എങ്കിലും അമ്മ അത് പുറത്തു കാണിച്ചില്ല മാസങ്ങൾ കഴിഞ്ഞു.

രണ്ടാമത്തെ മകനും വിദേശത്ത് ജോലി കിട്ടി. മക്കളുടെ ഉയർച്ചയിൽ അമ്മ വളരെ അധികം സന്തോഷവതിയായിരുന്നു. പിന്നെയും നാളുകൾ കഴിഞ്ഞു ഇരുവർക്കും കുടുംബമായി. അമ്മയെ മറന്നു തുടങ്ങി.ഇപ്പോൾ അമ്മ ആ വീട്ടിൽ കഴിയുന്നത് മക്കളെ ഒരു നോക്കെങ്കിലും കണ്ടാൽ മതി എന്ന് ആഗ്രഹത്തോടുകൂടി മാത്രമാണ്. കാലങ്ങൾ പിന്നിട്ടപ്പോൾ പ്രായാധിക്യവും വാർധക്യസഹജമായ രോഗങ്ങളും മൂലം അമ്മ അവശയാണിപ്പോൾ.വേഗം വരണം എന്ന് നാട്ടിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ ഇരുവരും പറഞ്ഞത് തിരക്കിലാണ് എന്നാണ്. അവർ അവരുടെ കോളുകൾ മാറ്റിക്കൊണ്ടിരുന്നു. 'അവനെ വിളിക്കൂ ഞാൻ ഇപ്പോൾ തിരക്കിലാണ് 'എന്നൊക്കെ അമ്മയോട് പറഞ്ഞപ്പോഴും അമ്മ ഒന്നും പറഞ്ഞില്ല. അമ്മയ്ക്ക് അവരോട് അമിതമായ വിശ്വാസം കൊണ്ട് അതൊന്നും വിശ്വസിച്ചില്ല. അങ്ങനെ ആ അമ്മ മരണത്തിന് കീഴടങ്ങി. ഈ വിവരം കേട്ട് മക്കൾ എത്തി. വർഷങ്ങൾക്ക് ശേഷമാണ് ആ മക്കൾ വീട്ടിൽ വരുന്നത്. അമ്മ പോയ ശേഷമാണ് അവർക്ക് അമ്മയുടെ വില മനസ്സിലായത്.

അമ്മയെന്ന മഹത്വത്തെ അവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.'അമ്മ' എന്ന രണ്ടക്ഷരം ആണ് ഈ ലോകത്ത് മനുഷ്യർ ഉച്ചരിച്ച് ഏറ്റവും മനോഹരമായ വാക്ക്.




ഐ. എസ്. അഞ്ജന
6 B സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ