സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
"
കൊറോണ വൈറസ്

ശാസ്ത്രീയ തെളിവുകളോ ചികിത്സാ രീതിയോ മരുന്നോ കണ്ടുപിടിക്കാൻ ആവാത്തവിധം ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് - 19. ചൈനയിൽ പതിനൊന്നു ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കോവിഡ് - 19 എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന പുതിയ കൊറോണ വൈറസിന്റെ ഉത്ഭവം. 2019 ഡിസംബർ അവസാനത്തോടെ വ്യക്തമായ കാരണങ്ങളില്ലാതെ നൂറുകണക്കിനാളുകൾക്ക് കൊറോണയുടെ ലക്ഷണങ്ങളിലൊന്നായ ന്യൂമോണിയ ബാധിക്കുകയും നിലവിലുള്ള വാക്സിനുകളൊന്നും ഫലിക്കാതെ വരികയും ചെയ്തതോടെയാണ് കൊറോണ വൈറസ് എന്ന ഭീഷണിയെപ്പറ്റി ആരോഗ്യ വിദഗ്ദ്ധർ ചിന്തിച്ചു തുടങ്ങിയത്.

രോഗബാധിതനായ ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാനും അത് സമൂഹത്തെത്തന്നെ ബാധിക്കുവാനും ഉള്ള സാധ്യത ഏറെയായിരുന്നു. അതിവേഗത്തിൽ വ്യാപിക്കാനുള്ള കെല്പ് കൊറോണ വൈറസിനുണ്ട്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മറയ്ക്കാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ബയ്യുന്നു. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുമ്പോഴോ രോഗം ഒരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊടുന്ന വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റും തൊട്ടാലും രോഗം പടരും.

രോഗത്തെ ചെറുക്കുവാനും സമൂഹ വ്യാപനം ഒഴിവാക്കുവാനുമുള്ള ഒരേയൊരു മാർഗ്ഗം വ്യക്തികൾ അവരവരിലേക്ക് ചുരുങ്ങുക എന്നത് മാത്രമാണ്. സമൂഹത്തിൽ നിന്ന് വിട്ടു നിൽക്കുകയും വീടുകളിൽത്തന്നെ കഴിവതും അഭയം പ്രാപിക്കുകയും ചെയ്യുക എന്നതു മാത്രമാണ് ശാസ്ത്രലോകം കണ്ടെത്തിയ പോംവഴി. ഈ ആശയം മുൻനിർത്തി കൊറോണ ബാധിതമായ ഒട്ടനവധി രാജ്യങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയുണ്ടായി.

രോഗത്തെ ചെറുക്കുവാനും സമൂഹ വ്യാപനം ഒഴിവാക്കുവാനുമുള്ള ഒരേയൊരു മാർഗ്ഗം വ്യക്തികൾ അവരവരിലേക്ക് ചുരുങ്ങുക എന്നത് മാത്രമാണ്. സമൂഹത്തിൽ നിന്ന് വിട്ടു നിൽക്കുകയും വീടുകളിൽത്തന്നെ കഴിവതും അഭയം പ്രാപിക്കുകയും ചെയ്യുക എന്നതു മാത്രമാണ് ശാസ്ത്രലോകം കണ്ടെത്തിയ പോംവഴി. ഈ ആശയം മുൻനിർത്തി കൊറോണ ബാധിതമായ ഒട്ടനവധി രാജ്യങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയുണ്ടായി.

കേരളത്തിൽ തൃശ്ശൂരിലാണ് കൊറോണബാധ ആദ്യം കണ്ടെത്തിയത്. കേരളത്തിൽ കണ്ടെത്തിയ കൊറോണ ബാധയുടെ മുഖ്യ ഉറവിടം പ്രവാസികളിൽ നിന്ന് തന്നെയായതിനാൽ സമൂഹ വ്യാപനത്തിന്റെ സാധ്യത ഇവിടെ കുറവായിരുന്നു. എന്നാൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലും കൊറോണ ബാധിതരെ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ അത് സമൂഹവ്യാപനത്തിന്റെ വക്കിൽ വരെ എത്തി നിന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മറ്റ് സംസ്ഥാനങ്ങനളെ എന്ന പോലെ കേരള സർക്കാരും രോഗത്തെ തുടച്ചു നീക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ പിൻതുണച്ചു. വെള്ളപ്പൊക്കത്തിനു ശേഷം ജാതി, മത, വർഗ, വർണ, രാഷ്ട്രീയ ചിന്തകളേതും ഇല്ലാതെ ജനങ്ങൾ ഒറ്റ മനസ്സുമായി ഈ കൊറോണ കാലത്തെ നേരിടുന്നു. പ്രവാസികളിൽ നിന്നുമാണ് കൊറോണ വൈറസ് കേരളത്തിന്റെ മണ്ണിലെത്തിയതെങ്കിലും നമ്മുടെ തന്നെ സഹോദരങ്ങളായ അവർക്ക് കേരളത്തിൽ വിലക്ക് ഏർപ്പെടുത്തുവാനോ അകറ്റി നിർത്തുവാനോ നമ്മുടെ സർക്കാർ തയ്യാറായില്ല. മറിച്ച് ഇവരെ മാസങ്ങളോളം ക്വാറന്റൈനിൽ നിരീക്ഷണത്തിൽ വെയ്ക്കുകയും ചെയ്തു. രോഗം ബാധിക്കാത്തവരെക്കൂടി ഇത്തരത്തിൽ നിരീക്ഷണ വിധേയമാക്കിയത് സാമൂഹ്യ സുരക്ഷയെ ലക്ഷ്യം വെച്ചാണ്.

ചെറുകിട സംഘടനകളും, സ്വകാര്യ കൂട്ടായ്മകളും സഹകരണ മേഖലയുമടക്കം സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അരിയും പച്ചക്കറിയും അടക്കം വീടുകളിലെത്തിച്ച് ലോക്ക് ഡൗൺ കാലത്തെ ദാരിദ്ര്യത്തിൽ നിന്നും കര കയറ്റി. കൂടാതെ ഇത്രയധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലയളവിലും കേരള സർക്കാർ സൗജന്യ റേഷൻ ഏർപ്പെടുത്തുകയും, പെൻഷൻ തുക നേരത്തെ അനുവധിക്കുകയും, കമ്മ്യൂണിറ്റി കിച്ചൺ പദ്ധതി നടപ്പാക്കുകയും, തൊഴിലടിസ്ഥാനത്തിൽ ക്ഷേമ നിധി മുഖേന ധനസഹായം ലഭ്യമാക്കുകയും ചെയ്തു. സോപ്പ്, ഹാൻഡ്‌ വാഷ്, സാനിറ്റൈസർ, ഫേസ് മാസ്ക് മുതലായവയുടെ ഉപയോഗത്തെ പ്രോസാഹിപ്പിക്കുക വഴി കൊറോണ എന്ന മഹാമാരിയെ ഒരു പരിധിവരെ നമ്മിൽ നിന്നും അകറ്റി നിർത്താനായി. സ്ക്കൂളുകൾ, കോളേജുകൾ, ട്യൂഷൻ സെന്ററുകൾ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോക്ക് ഡൗണിന് മുൻപു തന്നെ അടച്ചു. സമൂഹത്തെ രക്ഷിക്കുവാനുള്ള പ്രഥമവും പ്രധാനവുമായ പ്രവർത്തനം ഇതു തന്നെയായിരുന്നു. ഇതു കൂടാതെ പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസുകൾ നിർത്തലാക്കി. ഒരു ജന സമൂഹത്തിന്റെ ഒത്തുചേരൽ ഒഴിവാക്കുക യാണ് ഇതു വഴി ചെയ്തത്.

തികച്ചും കരുതലോടും ചിട്ടയോടുമുള്ള നീക്കമായിരുന്നു സർക്കാർ നിറവേറ്റിയിരുന്നത്. ലോക്ക് ഡൗണിൽ ഇപ്പോൾ ഇളവുകൾ വരുത്തിയിട്ടുണ്ട്. ചില ഭേദഗതിയോടെ എങ്കിലും വാഹനങ്ങൾക്ക് നിരത്തിൽ ഇറങ്ങുവാനും ഏതാനും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാനും അത്യാവശ്യ കാര്യങ്ങൾക്ക് ജനങ്ങൾക്ക് പുറത്തിറങ്ങുവാനും ഉള്ള സാഹചര്യം കേരളത്തിൽ നിലവിൽ ഉണ്ട്. എങ്കിലും ഇറ്റലി, അമേരിക്ക, ചൈന തുടങ്ങിയ പുറം രാജ്യങ്ങളിൽ സ്ഥിതി ഇപ്പോഴും നിയന്ത്രണത്തിന് വിധേയമല്ല. ദിവസംപ്രതി കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന മരണ നിരക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല. കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഗുരുതരമല്ല. എന്നിരുന്നാലും ലോകത്തിൽ കൊറോണ വൈറസ് ഭീതി പരത്തിക്കൊണ്ടിരിക്കുന്നു.




സവ്യ സദാശിവൻ
8A സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം