സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

'രോഗപ്രതിരോധം ' എന്ന വാക്ക് നമ്മൾ മലയാളികൾക്ക് മാത്രമല്ല, ലോകം മുഴുവനുമുള്ള സകല മനുഷ്യർക്കും ഇന്ന് സുപരിചിതമാണ്. കോവിഡ് -19 എന്ന മഹാമാരിക്കെതിരെ നാമെല്ലാവരും ഇന്ന് പടപൊരുതുകയാണ്. യുദ്ധത്തിൽ പങ്കെടുക്കണമെങ്കിൽ നാം യുദ്ധക്കളത്തിലേക്ക് ഇറങ്ങണം. എന്നാൽ കൊറോണ എന്ന വൈറസിനെതിരെ നാം നടത്തുന്ന ഈ യുദ്ധം നടക്കുന്നത് നമ്മുടെ വീടുകളിലാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, നമ്മുടെ ഓരോരുത്തരുടെയും ഭവനങ്ങൾ ഓരോ യുദ്ധക്കളങ്ങളാണെന്നർത്ഥം. അവിടെ ഇരുന്നുകൊണ്ട് ഈ രോഗത്തെ നമുക്ക് പ്രതിരോധിക്കാനാവും.

ഈ യജ്ഞത്തിൽ നമുക്ക് കൂട്ടായി ഒരുപാട് ആളുകൾ നമ്മുടെ ഒപ്പമുണ്ട്. ഉദാഹരണത്തിന് ആതുരശുശ്രുഷ മേഖലയിൽ പ്രവർത്തിക്കുന്നവർ, പോലീസ് അധികൃതർ, ഗവണ്മെന്റ്..... തുടങ്ങിയവർ. അവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയും ആവശ്യവുമാണ്. നമ്മൾ എല്ലാവരുടെയും സുരക്ഷയ്ക്കു വേണ്ടിയാണ് അവർ ഇങ്ങനെ പല നിർദ്ദേശങ്ങൾ നൽകുന്നത്. അത് മനസിലാക്കി ആവശ്യമായ സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട് കോറോണയെ എതിർക്കുന്നതിലൂടെ അവരോടുള്ള നമ്മുടെ ബഹുമാനവും സ്നേഹവും ഉത്തരവാദിത്വവും നമുക്ക് വെളിപ്പെടുത്താനാവും. അതുമാത്രമല്ല, രോഗപ്രതിരോധത്തിനുള്ള ഏറ്റവും ഉത്തമമായ ഉപാധി ഇത് തന്നെയാണ്.

കോവിഡ് -19 എന്ന മഹാമാരിയെ തുരത്തുവാൻ നമ്മുടെ മുന്നിൽ പല മാർഗങ്ങൾ ഉണ്ട്. ഓരോ 20 മിനിറ്റ് കൂടുമ്പോഴും സോപ്പ്, അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ ശുചിയാക്കണം. സർക്കാർ പറയുന്ന സമയം വരെ നാം വീടിനുള്ളിൽ തന്നെ സമയം ചിലവഴിക്കാൻ ശ്രമിക്കണം. എപ്പോഴെങ്കിലും പുറത്ത് പോവേണ്ടതായി വന്നാൽ തൂവാല അല്ലെങ്കിൽ മാസ്ക് ഉപയോഗിച്ചു മുഖം മറയ്ക്കണം. ഇങ്ങനെ നമ്മളാലാവുംവിധം രോഗപ്രതിരോധം എന്ന മഹായജ്ഞത്തിൽ നമുക്ക് പങ്കെടുക്കാനാവും.

"പ്രതിരോധം ചികിത്സയേക്കാൾ ഭേദം "എന്ന ചൊല്ല് നമുക്ക് അന്വർത്ഥമാക്കാം. സ്വാതന്ത്ര്യം ഇല്ലാതെയുള്ള ജീവിതത്തേക്കാൾ മരണമാണ് നല്ലതെന്നു വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷം മനുഷ്യരും. പ്രത്യേകിച്ച് മലയാളികൾ... എന്നാൽ ഇന്ന് നമ്മെ സ്വന്തം വീടുകളിൽ പൂട്ടിയാൽ നാളെ നമുക്ക് മാത്രമല്ല വരും തലമുറകൾക്കും പാറിപ്പറന്നു നടക്കാം. ഞാൻ കാരണം പത്തു പേർക്കു രോഗം വന്നു എന്നല്ല ഞാൻ കാരണം പത്തു പേർ രക്ഷപ്പെട്ടു എന്നു നമുക്ക് പറയാനാവട്ടെ. ഒരുകാര്യം പ്രത്യേകം ഓർക്കുക ലോക്ഡൗൺ തീരുന്ന അവസാന സെക്കൻഡിൽ കൊറോണ വൈറസ് നാടുവിട്ടു പോകുന്നില്ല. അങ്ങനെ വിശ്വസിക്കുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ ഒന്നോർക്കുക, കൊറോണ വൈറസിന്റെ അവസാന കണികയുടെ മരണം വരെയും നമുക്ക് പോരാടിയെ മതിയാവു.... എന്നാൽ മാത്രമേ ഈ യുദ്ധം നമ്മൾ ജയിച്ചു എന്ന് പറയാനാവൂ. അതുവരെയും "രോഗപ്രതിരോധം" എന്ന പടച്ചട്ട നാം അണിഞ്ഞേ മതിയാവു. അത് അനിവാര്യമാണ്. അതുകൊണ്ട് "STAY SAFE STAY HOME ".

ആനിസ് ടെസ്‍ലിൻ ജോസഫ്
10 A സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം