സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ
നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളു. ഇവ രണ്ടും സ്വായത്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരായി ഈ ലോകത്തിൽ ആരുമില്ല. പ്രത്യക്ഷമായും പരോക്ഷമായും വ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് ഇവ. മാറ്റത്തിൽ നിന്ന് മാറ്റത്തിലേക്ക് പറന്നു കൊണ്ട് ഇരിക്കുന്ന ഇന്നത്തെ ലോകത്തിൽ ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. ആരോഗ്യമുള്ള മനസ്സും ശരീരവും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ്. പരിസ്ഥിതിയും ശുചിത്വവും ആരോഗ്യപരിപാലനത്തിൽ നിണായക പങ്ക് വഹിക്കുന്നു എന്നതിൽ തർക്കമില്ല. നാം ഇന്ന് ജീവിക്കുന്ന പ്രകൃതി വളരെ മനോഹരിയാണ്. ദൈവം നമുക്ക് നല്കിയ വലിയ ദാനമാണ് നമ്മുടെ ഈ പ്രകൃതി. ധാരാളം കവികളും എഴുത്തുകാരും ഈ പ്രകൃതിയുടെ സൗന്ദര്യവും മനോഹാരിതയും വർണിച്ചു കൊണ്ട് ധാരാളം രചനകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് നമ്മുടെ ഈ പ്രകൃതി വലിയ രീതിയിലുള്ള ഒരു നശീകരണം നേരിടുന്നുണ്ട്. മനുഷ്യൻ തന്റെ സ്വാർത്ഥമായ ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനായി പ്രകൃതിയെ നശിപ്പിക്കുന്നു. ഇന്നത്തെ ലോകം പണത്തിന് പിന്നാലെയാണ്. സഹജീവികളെക്കുറിച്ച് ചിന്തിക്കാനോ മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനോ ഇന്ന് പലർക്കും സമയമില്ല. പത്തൊമ്പതാം നൂറ്റാണ്ട് വരെ മനുഷ്യൻ പ്രകൃതിയെ ഒരു വന്യജീവിയായി കണ്ടിരുന്നു. എങ്ങനെയും പ്രകൃതിയെ കൈയ്യിലൊതുക്കുകയായിരുന്നു മനുഷ്യന്റെ ലക്ഷ്യം. എന്നാൽ ഭാരതത്തിന്റെ പൗരാണിക പണ്ഡിതർ മനുഷ്യനും പ്രകൃതിയും പാരസ്പര്യത്തോടെ പുലരണമെന്ന് വാദിച്ചവരാണ്. "പത്ത് പുത്രൻമാർക്ക് തുല്യമാണ് ഒരു വൃക്ഷം" എന്ന് വാദിച്ച ശാർങ്ഗധരൻ ഭാരതീയനാണല്ലോ. പ്രകൃതിയും മനുഷ്യനും തമ്മിൽ പുലർത്തേണ്ടുന്ന പാരസ്പര്യം തകർന്നാൽ അസന്തുലിതമായ അവസ്ഥ സംജാതമാകുമെന്ന് വൃക്ഷായുർവേദത്തിൽ സൂചനയുണ്ട്. ശാസ്ത്രീയമായ ഒരു വിലയിരുത്തലിന് മനസ്സ് പാകമാകുന്നതിനും പ്രകൃതിയോട് മൈത്രി ഭാവത്തോടെ പെരുമാറണമെന്ന് വാദിക്കുന്നതിനും ലോകം ഇരുപതാം നൂറ്റാണ്ട് വരെ കാത്തിരുന്നു. ഫലം പ്രകൃതിയുടെ തിരിച്ചടി ഏറ്റുവാങ്ങി പരാജയം സമ്മതിക്കുക എന്നതു തന്നെയായിരുന്നു. വാഹനങ്ങളുടെ പുക മുതൽ മിഠായി പൊതിയുന്ന പ്ലാസ്റ്റിക്ക് കവർ വരെ പ്രകൃതിയെ അപകടപ്പെടുത്തുന്നു. പ്രകൃതി ലോകത്തിന്റെ അംബയാണ്. പ്രകൃതിയെ നശിപ്പിക്കുക എന്ന് പറഞ്ഞാൽ അമ്മയെ നശിപ്പിക്കുക എന്നതാണർത്ഥം. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ പുലരാൻ ആവില്ല. ഇന്നത്തെ മാനവനും പ്രകൃതിയെ സ്നേഹിക്കുന്നില്ല. പ്രകൃതിയോട് അടുക്കാതെ അകലാനുള്ള തത്രപ്പാടിലാണവൻ. കൃത്രിമസുഖം അനുഭവിക്കുന്നതിലൂടെ ആയുസ്സ് കൂടുകയല്ല കുറയുകയാണെന്ന് അവർ അറിയുന്നില്ല. കാടു കരിയുമ്പോൾ, കാട്ടുമരങ്ങൾ നാടുനീങ്ങുമ്പോൾ, ചോലകൾ വറ്റിക്കുമ്പോൾ, ചോലയിലെ മണലൂറ്റി കോൺക്രീറ്റ് സൗധങ്ങൾ പണിയുമ്പോൾ ഒരു തുള്ളി ദാഹജലത്തിന് വേണ്ടി പരക്കം പായേണ്ടിവരുമെന്ന് മനുഷ്യൻ അറിയുന്നില്ല. മനുഷ്യൻ അവന്റെ സുഖത്തിനും ആഹ്ലാദത്തിനും വേണ്ടി ഉപയോഗിക്കുന്ന എല്ലാ കൃത്രിമ വസ്തുക്കളും പരസ്ഥിതിക്കാണ് കോട്ടം നല്കിയത്. നദിയിൽ കുറുകെ കെട്ടി ഒരുക്കിയ അണക്കെട്ടുകൾ, വെള്ളത്തിലും കരയിലും അന്തരീക്ഷത്തിലും മത്സരിക്കുന്ന വാഹനങ്ങളും; അവ പുറത്തു വിടുന്ന വിസർജ്യങ്ങളും കൃഷി ഉല്പാദനം വർധിക്കാൻ നാം ഉപയോഗിക്കുന്ന കൃത്രിമവളങ്ങളും, ഡി ഡി റ്റി തുടങ്ങിയ കീടനാശിനികളും, കൊണ്ടുനടക്കാനും ഉപയോഗിക്കാനും ഭദ്രമായ പ്ലാസ്റ്റിക്ക് എന്ന വസ്തുവും, അമിതമായ ശബ്ദങ്ങളും തുടങ്ങി പരിസ്ഥിതിക്ക് ഹാനി പരത്തുന്ന എന്തെല്ലാം വഴികളാണ് ഈ നൂറ്റാണ്ടിൽ മനുഷ്യൻ തുറന്നിട്ടത്. മനുഷ്യന്റെ നിത്യസുഹൃത്തായ രാസകീടനാശിനി അമ്മയുടെ മുലപ്പാലിൽ വരെ എത്തിച്ചേരുമെന്ന കണ്ടെത്തൽ ആധുനിക ലോകത്തെ ആരോഗ്യരംഗത്തെ വരെ ഞെട്ടിച്ചിരിക്കുന്നു. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം അവന്റെ ആരോഗ്യമാണ്. അവന്റെ സന്തോഷവും സൗഖ്യവുമെല്ലാം ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു. മറ്റ് സൗഭാഗ്യങ്ങൾ എന്തെല്ലാം ഉണ്ടായാലും ആരോഗ്യം നഷ്ടമായാൽ അതെല്ലാം വ്യർഥമായിപ്പോകും. രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആരോഗ്യമുള്ള ജനത കൂടുതൽ കാലം ജീവിക്കുകയും കൂടുതൽ മേഖലകളിൽ കൂടുതൽ സംഭാവനകൾ നല്കുകയും ചെയ്യുന്നു. ആരോഗ്യപരിപാലന രംഗത്ത് മനുഷ്യൻ വൻ മുന്നേറ്റംതന്നെ സൃഷ്ടിച്ച് കഴിഞ്ഞു. പുത്തൻ സാങ്കേതിക വിദ്യകളും നവീന മരുന്നുകളുമൊക്കെ ചേർത്ത് മാരകമായിരുന്ന പല രോഗങ്ങളെയും അവൻ കീഴടക്കിക്കഴിഞ്ഞു. ചില രോഗങ്ങൾ പാടേ നിർമാർജനം ചെയ്യപ്പെട്ടു. പലതിന്റെയും ചികിത്സാ മാർഗങ്ങൾ വേദനയും ആയാസവും ഇല്ലാതായി. അവയവമാറ്റവും ശരീര കലകളുടെ നിർമാണവും ജനിതക വ്യതിയാനം സൃഷ്ടിക്കലുമൊക്കെ എല്ലാ രാജ്യങ്ങളും ഇന്ന് എത്തിക്കഴിഞ്ഞു. ഇതിന് ക്രൂരമായ മറുവശമുണ്ട്. ഒരു വശത്ത് പഞ്ചനക്ഷത്ര ആശുപത്രികളും മെഡിക്കൽ ടൂറിസവും അരങ്ങ് തകർക്കുമ്പോൾ തലവേദനയ്ക്കുള്ള മരുന്ന് പോലും ഇല്ലാത്ത പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുള്ള രാജ്യങ്ങൾ ധാരാളമാണ്. ആധുനിക ജീവിതശൈലിയുടെ ഭാഗമായി ഒട്ടേറെ രോഗങ്ങൾ സമൂഹത്തിൽ വർധിച്ച് വരുന്നുണ്ട്. പൊണ്ണത്തടി അസ്ഥികളുടെ തെയ്‍മാനം അമിതമായ മാനസിക സമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ലൈഫ് സ്റ്റയിൽ ഡിസീസസ് എന്നാണ് അറിയപ്പെടുക. ഇത്തരം രോഗങ്ങൾ സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നമാണ്. എല്ലാ ഗ്രാമങ്ങളിലും വ്യായായമത്തിനും വിനോദത്തിനും യോഗയ്ക്കും സൗകര്യമൊരുക്കിയാൽ ഇത്തരം രോഗങ്ങൾ തടയാം. എയ്ഡ്സ് എന്ന കൊലപാതകി ലോകമെമ്പാടുമുള്ള പതിനായിരങ്ങളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുന്നു. ഈ യമദൂതനെ ശാന്തനാക്കാൻ ഇനിയും വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. സാർസ്, പക്ഷിപ്പനി, ചിക്കൻ ഗുനിയ, കോവിഡ് - 19 തുടങ്ങിയ പുത്തൻ വൈറസ് രോഗങ്ങൾ ആരോഗ്യത്തെ പ്രതിസ്സന്ധിയിലാക്കി. പൊതു സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ അതിലെ അംഗങ്ങളായ ഓരോ വ്യക്തിക്കും പങ്കുണ്ട്. വിദൂര പ്രദേശങ്ങളിൽ നിന്നും ആശുപത്രികളിലേക്ക് യാത്രാ സൗകര്യം എർപ്പെടുത്തുന്നതു മുതൽ ശുചിയായ പരിസരം സൃഷ്ടിക്കുന്നത് വരെ വിവിധ തലങ്ങൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനം ഇതിനാവശ്യമാണ്. വൃത്തിയും വെടിപ്പും ഉള്ള പരിസരം നമ്മുടെ മനസ്സിന് ഉണർവും സുഖവും നല്കുന്നു. വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതുവഴി വ്യക്തിത്വം ആകർഷകവും സ്വഭാവം നന്മയുള്ളതുമാകും. പുരാതന സംസ്കാരങ്ങൾ ശുചിത്വത്തിന് കൊടുത്തിരുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. വീട്, ശരീരം, ഭക്ഷ്യവസ്തുക്കൾ, വസ്ത്രം തുടങ്ങിയവ ശുദ്ധമായിരിക്കേണ്ടതിനെപ്പറ്റി നാം ശ്രദ്ധാലുവായിരിക്കേണ്ടതാണ്. ശുചിത്വം ഒരു ശീലമായി മാറണം. ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് തൊണ്ണൂറു ശതമാനം രോഗങ്ങൾക്കും കാരണം. മലിനജലം കെട്ടിക്കിടക്കുന്നതും പരിസര ശുചിത്വമില്ലായ്മയും വ്യക്തി ശുചിത്വക്കുറവും പല രോഗങ്ങൾക്കും കാരണമാകുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ പരിസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടേ മാറിക്കഴിഞ്ഞിരിക്കുന്നു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. നാമോരോരുത്തരും വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതോടൊപ്പം പൊതു സ്ഥലങ്ങളും ജല ശ്രോതസ്സുകളും മലിനമാക്കാതെ സംരക്ഷിക്കുകയും വേണം. നമ്മുടെ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന വൈറസ് രോഗങ്ങളുടെ വ്യാപനത്തിന് ആഗോളതാപനവുമായും കാലാവസ്ഥാ വ്യതിയാനവുമായും ബന്ധമുണ്ടോയെന്ന് പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. ഭൂമി നേരിടുന്ന ഓരോ ഭീഷണിയും ജീവന് നേരെയുള്ള ഭീഷണി തന്നെയാണ്. ആ ഭീഷണികൾ ആണവായുധങ്ങളുടെ രൂപത്തിലായാലും ആഗോളതാപനത്തിന്റെ പേരിലായാലും വൈറസ് വ്യാപനത്തിന്റെ രൂപത്തിലായാലും .......... സംഭവിക്കാൻ പോകുന്നത് ഒന്ന് തന്നെയാണ് - ജീവന്റെ നാശം. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ വെള്ളപ്പൊക്കങ്ങളും, കൊടിയ വരൾച്ചയും, ചുഴലി കൊടുങ്കാറ്റുകളും, ഉരുൾപ്പൊട്ടലുകളും, ധ്രുവങ്ങളിലെ ഹിമപാളികൾ ചുരുങ്ങുന്നതിനും ഇടയാക്കും. ഇതിനു പുറമെ ഭൂമിയെ സംരക്ഷിച്ചു കൊണ്ട് വെൺകൊറ്റക്കുട നിവർത്തി നില്ക്കുന്ന ഓസോൺ പാളിയുടെ ശോഷണവും. ഭൂമിയുടെ ഈ രക്ഷാകവചത്തെ കാർന്നുതിന്നുന്നത് മനുഷ്യന്റെ ചെയ്തികളും. ഭൂമിയെ ചൂഷണം ചെയ്തും നശിപ്പിച്ചും മതിവരാത്ത മനുഷ്യർ ഇനി എന്നാണാവോ തിരിച്ചറിവിനെ മാനസികാവസ്ഥയിലേക്ക് എത്തുക. തത്വദീക്ഷയില്ലാത്ത, ദുര പൂണ്ട മനുഷ്യന്റെ ചെയ്തികൾ ഇനി എത്ര നാൾ കൂടി?..... ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ആഡംബര കപ്പലായിരുന്ന ടൈറ്റാനിക്ക് ആഴങ്ങളിലേക്ക് അകപ്പെടുന്നതിന് മുൻപ് അപകട സൂചനകൾ ഉണ്ടായെങ്കിലും അത് തങ്ങളെ ബാധിക്കില്ലെന്ന് അതിന്റെ നിയന്താക്കൾ വിചാരിച്ചു. അതു പോലെയാണ് ആധുനിക തലമുറയുടെ മിഥ്യാ ധാരണ. സ്വാർത്ഥലാഭത്തിനായി മാനുഷിക മൂല്യങ്ങൾ കാറ്റിൽ പറത്തി, പരിസ്ഥിതിയെ നിർദ്ദയം ഹനിച്ച്, ഭൂമി മാതാവിനെ വികലമാക്കുന്ന, സുഖലോലുപതയ്‌ക്ക് പിന്നാലെ പരക്കം പായുന്ന ആധുനിക തലമുറ അവനവനുള്ള കുഴി കുഴിക്കുകയാണെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആറടിയുള്ള കുഴിയിൽ അകപ്പെടുന്നതിന് മുൻപ് അവന്റെ കണ്ണ് തുറന്നെങ്കിൽ എത്ര നന്നായിരുന്നു!.
സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പിറവം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം