സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/തോരാമഴ .

Schoolwiki സംരംഭത്തിൽ നിന്ന്
തോരാമഴ


തോരാമഴ അച്ഛന്റെ ബൈക്കിന്റെ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്. നേരം പുലരുന്നതേയുള്ളൂ. സൂര്യ മരച്ചില്ലകളുടെ മറവിൽ ഒളിച്ചിരിപ്പാണ്. കു‍ഞ്ഞിക്കണ്ണുകൾ തിരുമ്മി,കോട്ടുവായിട്ടു കൊണ്ട്അവൾ വാതിൽക്കലേക്ക് വന്നു. അമ്മേ..... ആ ബൈക്കിന്റെ സ്വരം ദൂരേക്കു ദൂരേക്കു മറഞ്ഞുകൊണ്ടിരുന്നു. പിന്നെ അത് കേൾക്കാതായി. അവൾ വാതിൽക്കൽ നിന്ന് കുറേനേരം റോഡിലേക്ക് കണ്ണുംനട്ടിരുന്നു. റോഡ് വിജനമാണ്. ഇടയ്ക്കിടെ കുറച്ച് വണ്ടികൾ ഓടിമറഞ്ഞു. അപ്പോഴേക്കും ദൂരെ മറഞ്ഞിരുന്ന സൂര്യൻ പുറത്തുവന്നു. അത് ഓരോ മുക്കിലും മൂലയിലും തട്ടിത്തെറിച്ചുകൊണ്ടിരുന്നു. എന്തോ തിരയും പോലെ. അച്ഛന്റെ ബൈക്കിന്റെ സ്വരം ദൂരെ നിന്നും കേൾക്കാം. അച്ഛൻ ഗേറ്റ് കടന്നു. പക്ഷെ, പിന്നിൽ അമ്മയില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ഉറക്കെ കരയാ തുടങ്ങി. സൂര്യ മേഘങ്ങൾക്കു പിന്നിൽ ഒളിച്ചു. അച്ഛനവളെ വാരിയെടുത്തു. അമ്മേനേ കാണണം..... ' ' മോളേ, അമ്മ ഉടനെ വരില്ലേ...കരയാതെ... -അച്ഛ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ സങ്കടം കൂടി വന്നു. റോ‍‍ഡിലൂടെ പോയവരെല്ലാം കരച്ചിൽ കേട്ട് അകത്തേക്കു നോക്കാൻ തുടങ്ങി. അവൾ വീടിനുള്ളിലേക്ക് ഓടി. അമ്മയുടെ ഒരു ഫോട്ടോ കയ്യിലെടുത്തു. തേക്കാത്ത ചുവരിൽ ചാരിയിരുന്ന് വീണ്ടും കരഞ്ഞു. അവളുടെ കണ്ണീർത്തുള്ളികൾ ആ ഫോട്ടോയിൽ തട്ടി ചിതറി. അമ്മേനേ കാണണം... നിക്ക് അമ്മേന കാണണം... മ്മാ... ! ഒടുവിൽ അവളുടെ വാശിക്കു മുന്നിൽ അച്ഛൻ തോറ്റു. അച്ഛൻ അവൾക്കൊരു മാസ്ക് കെട്ടിക്കൊടുത്തു. അവളെ ബൈക്കിൽ കയറ്റി ഇരുത്തി. ഗേറ്റിനടുത്ത് എത്തിയപ്പോൾ ,ആകാശത്തേക്ക് അയാൾ ഒന്നു നോക്കി. അത് മുഖം വീർപ്പിച്ചിരുന്നു. എങ്കിലും അയാൾ മുന്നോട്ടു തന്നെ നീങ്ങി. അവൾ അവർക്കിടയിൽ പരതി. അമ്മാ...! ആശുപത്രിയുടെ ഒരു കോണിലായി അവൾ അമ്മയെ കണ്ടു. ഉറക്കെ വിളിച്ചു. അമ്മ അവളെ ഒന്നു നോക്കി.അടുത്തേക്കുവരാനാവില്ല. അവൾ കരയാൻ തുടങ്ങി. അമ്മ എന്തേ ഓടി വരാത്തതെന്ന് അവൾ ആശ്ചര്യപ്പെട്ടു. അവൾ സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു. ഈ കാഴ്ച കണ്ടുനിന്നവരുടെയും കണ്ണ് നിറഞ്ഞിരുന്നു. ഒടുവിൽ അങ്ങേക്കോണിലായി രണ്ട് കണ്ണുകൾ നിറഞ്ഞത് അവൾ കണ്ടു. ആ കണ്ണീർ തുടയ്കുുവാൻ അമ്മ പാടുപെടുന്നതും. അവൾ തന്റെ കുഞ്ഞിക്കണ്ണുകൾ പതിയെ തുടച്ചു. അമ്മയ്ക്കുനേരേ കൈവീശിക്കാണിച്ചു. കുഞ്ഞിപ്പല്ലു കാട്ടി ഒന്നു ചിരിച്ചു. അപ്പോൾ ചെറിയ മഴ തുടങ്ങിയിരുന്നു. പൊട്ടലും ചീറ്റലുമായി അത് തകർത്തു പെയ്തു. പിന്നെ, തോർന്നതുമില്ല....

കാജൽ നോബിൾ
8 C സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ