സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/ശുചിത്വവൂം രോഗപ്രതിരോധവും
ശുചിത്വവൂം രോഗപ്രതിരോധവും
ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു പകർച്ചവ്യാധികൾ മിക്കവയും കൊതുകിൽ നിന്നും പകരുന്നവയായതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർധനവാണ് നിയന്ത്രണ വിധേയമായിരുന്ന പല വൈറസുകൾ കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ ഇടയായത്.കൂടാതെ മലിനജലം കെട്ടിക്കിടക്കുന്നതിലൂടെയും പരിസര ശുചിത്വമില്ലായ്മയും വ്യക്തിശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നു. മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി, മലമ്പനി തുടങ്ങിയ പകർച്ചവ്യാധികൾ നമ്മുടെ പ്രദേശത്തും പടർന്നു പിടിക്കുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. ഇതിനല്ലാം പുറമെ ഇന്നു നമ്മുടെ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ശക്തിയേറിയ മാറാരോഗമാണ് "കൊറോണ " എന്ന വൈറസ് പരത്തുന്ന COVID 19 എന്ന രോഗം.വ്യക്തികളും അവർ ജീവിക്കുന്ന അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് 'ശുചിത്വം'.ഗൃഹ ശുചിത്വം, പരിസര ശുചിത്വം, പൊതു ശുചിത്വം, സാമൂഹിക ശുചിത്വം എന്നിങ്ങനെ പേരുകളിൽ നാം ഇതിനെ വേർതിരിച്ച് പറയുമെങ്കിലും - ഇവയെല്ലാം ഒന്നു ചേരുന്ന ആകെത്തുകയാണ് "ശുചിത്വം. ഒരുപക്ഷെ ഇന്നു നമ്മുടെ സമൂഹം കടന്നു പോകുന്ന മഹാമാരിയായ COVID 19 ന് അടിസ്ഥാന കാരണം നമ്മുടെ ഇടയിൽ നിലനിൽക്കുന്ന ശുചിത്വ ക്കുറവ് തന്നെയാണ്. മനുഷ്യരിലൂടെ മാത്രം പകരുന്ന ഈ അസുഖത്തിന് മുഖ്യ കാരണം വ്യക്തി ശുചിത്വമില്ലായ്മ തന്നെയാണ്.അതിനാലാണ് ഇതിന് എതിരായി "സാമൂഹിക അകലം" പാലിക്കണം എന്ന് നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും നിഷ്കർഷിക്കുന്നത്. എവിടയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ, അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയും. വീടുകൾ, ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ, ലോഡ്ജുകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുമുണ്ട്. നമ്മുടെ കപടസാംസ്ക്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കിലല്ലേ പരിഹാരത്തിന് ശ്രമിക്കുകയുള്ളൂ... മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു. എന്നിട്ടും പ്രശ്നം പ്രശ്നമായിത്തന്നെ തുടരുന്നു. അധികൃതർ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു. നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. പ്രാചീന കാലം മുതൽ നമ്മുടെ പൂർവ്വീകർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് പുരാതന സംസ്ക്കാരത്തിലെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്ക്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു അവർ. ഒരു വ്യക്തിയായാലും ഒരു സമൂഹം തന്നെ ആയാലും ശുചിത്വം വളരെ പ്രാധാന്യമുള്ളതാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിൽക്കണമെങ്കിൽ ജീവ -അജീവിയ ഘടകങ്ങൾ മിതമായ തോതിൽ ഉണ്ടാവണം. പ്രകൃതിയിലെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്നത് മനുഷ്യ സമൂഹത്തേയാണ്.ഈ സൂക്ഷ്മജീവികൾ ഇന്ന് ജീവ സമൂഹത്തെ കീഴ്പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് നമ്മുടെ സമൂഹത്തിലെ ജനങ്ങൾ പകർച്ചവ്യാധികൾ നിമിത്തം മരണമടയുന്നു.കേരളത്തിൽ പകർച്ചവ്യാധികൾ പടരുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിലാണ് നമ്മുടെ രാജ്യം എന്ന് നാം അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺതുറന്ന് നോക്കുന്ന ഏതൊരുവനും മനസ്സിലാക്കാവുന്നതാണ്.ഇത് എങ്ങനെ? എന്തുകൊണ്ട് സംഭവിക്കുന്നു? ആരും കാണാതെ മാലിന്യം നിരത്തിൽ നിക്ഷേപിക്കുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന മലയാളി തന്റെ കപട സാംസ്ക്കാരികന്റെ ബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ 'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന ബഹുമതിക്കു പകരം "മാലിന്യകേരളം എന്ന ബഹുമതി അണിയേണ്ടി വരുമെന്നതിൽ സംശയമില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ... ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളുമായി പരസ്പരാശ്രയത്തിലും, സഹവർത്തത്തിലുമാണ് ജീവിക്കുന്നത്. ഓരോ പ്രദേശത്തെയും ജൈവ വൈവിധ്യം ആവാസവ്യവസ്ഥ ഇവയ്ക്ക് ഭീഷണിയാകുന്ന ഘടകങ്ങളെപ്പറ്റി വിചിന്തനം ചെയ്യുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിലേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളൂ അത്തരത്തിലുള്ള ഒരു ശുചിത്വ കേരളത്തെ വാർത്തെടുക്കാൻ നമുക്കൊരുമിച്ച് പരിശ്രമിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം