സെന്റ്ജോൺസ് യു പി എസ്സ് വേളൂർ/അക്ഷരവൃക്ഷം/ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും

Schoolwiki സംരംഭത്തിൽ നിന്ന്
ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും

രാവിലെ അമ്മയുടെയും അച്ഛന്റെയും ഉറക്കെ ഉള്ള സംസാരം കേട്ടാണ് അനുക്കുട്ടൻ കണ്ണ് തുറന്നത്..
"എന്താ ഇത്ര ചർച്ചചെയ്യുവാൻ?"
അവൻ പുതപ്പ് വലിച്ചു മാറ്റി പുറത്തേക്കിറങ്ങി. അച്ഛൻ അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്.പരീക്ഷകൾ ഒക്കെ മാറ്റി..ലോക്ക്ഡൗൺ ആണ്..പുറത്തേക്കു പോകരുത്...പോകുമ്പോൾ മുഖം മൂടി കെട്ടണം....പെട്ടെന്ന് പകരുന്ന രോഗമാണ്...കൊച്ചിന്റെ സ്കൂൾ അടച്ചു..അവനെ പുറത്തേക്ക് കളിക്കാൻ വിടരുത്... അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി.ചെറിയ ഒരു പേടി ഉണ്ട് മുഖത്ത്. എന്തിനാണാവോ? ഒരു കാര്യം ഉറപ്പായി..സ്കൂൾ അവധിയായി.പരീക്ഷ എഴുതേണ്ട... അവന് സന്തോഷം തോന്നി.അമ്മയുടെ മുഖം കണ്ടപ്പോൾ പതുക്കെ മുറിക്കകത്തേക്ക് കയറി...ഇനി പരീക്ഷ എഴുതേണ്ട..ആശ്വാസമായി. പക്ഷെ കൂട്ടുകാരെ ഇനി എന്ന് കാണാൻ പറ്റും?അമൽ സ്കൂൾ മാറി പോവുകയാണ് .അവന് ഒരു പേന സമ്മാനമായി കൊടുക്കണം എന്നോർത്തതാണ്.അത് നടക്കില്ലല്ലോ?കഷ്ടം.. കൂട്ടുകാരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഒക്കെ ഉണ്ട്..അതിൽ നോക്കിയാൽ അറിയാം എല്ലാവരും എന്തു പറയുന്നു എന്ന്‌. അമ്മയോട് വഴക്കുണ്ടാക്കിയാണ് ഗ്രൂപ്പിൽ ചേർന്നത്.'അമ്മ ഫോൺ കൈയിൽ തരണമെങ്കിൽ ഹോംവർക് മുഴുവൻ ചെയ്തു കാണിക്കണം... ഇനി അമ്മക്ക് ആ വാശി വേണ്ടല്ലോ... അവൻ ഉള്ളിൽ ചിരിച്ചു.. അവൻ അമ്മയോട് പതുക്കെ ഫോൺ ഒന്ന്‌ ചോദിച്ചു...
അമ്മ വേഗം ഫോൺ കയ്യിലേക്ക് തന്നു എന്നിട്ട് പറ‍ഞ്ഞു:"അനുക്കുട്ടാ..ഇന്ന് മുതൽ വെളിയിലേക്കൊന്നും പോകരുത്.കൊറോണ എന്ന അസുഖം പടരാതിരിക്കുവാൻ രാജ്യം മുഴുവൻ ലോക്ക് ഡൗണ് പ്രഖ്യാപിച്ചു.കളിക്കാനും സൈക്കിൾ ഓടിക്കാനും ഒന്നും പുറത്തിറങ്ങേണ്ട.. ഇവിടെ ഇരുന്ന് വായിച്ചോണം..ടി വി കാണുവോ ..ഫോണിൽ ഗെയിം കളിക്കുവോ എന്താണെന്ന് വച്ചാൽ ചെയ്‌തോ..."
'ലോക്ക് ഡൗൺ'... പുതിയ വാക്കണല്ലോ...എല്ലാവരെയും പൂട്ടി ഇടും എന്നാണോ അർത്ഥം? എന്നാൽ സന്തോഷം...ടി വി കാണാം..ഫോണിൽ കൂട്ടുകാരോട് ചാറ്റ് ചെയ്യാം..കൂട്ടിൽ ഇട്ടിരിക്കുന്ന തത്തമ്മയെ സംസാരിക്കാൻ പഠിപ്പിക്കാം..ആരും വഴക്കു പറയില്ല..അവൻ ലോക്ക്ഡൗണിന് മനസ്സ്‌ കൊണ്ട് നന്ദി പറഞ്ഞു.. മൂന്നോ നാലോ ദിവസം കഴിഞ്ഞു.ടി വി യിൽ പരിപാടികളുടെ ആവർത്തനം..ഷൂട്ടിങ് നടക്കുന്നില്ല എന്നു ഓരോ ചാനലിലും ചേച്ചിമാർ വന്നു പറയുന്നുണ്ടായിരുന്നു.. അമ്മയുടെ ഫോൺ എടുത്തപ്പോൾ ഒന്നോ രണ്ടോ പേരുടെ മെസ്സേജ് മാത്രം.അവൻ വായിച്ചു നോക്കി.ഫോണിൽ നെറ്റ് ഇല്ല.ചാർജ് ചെയ്തിട്ടു പിന്നെ കാണാം..ശ്ശെ.. അമ്മയുടെ ഫോണിലെ നെറ്റും ഇന്ന് തീരും.ചാർജ് ചെയ്യാൻ പറയാം..
"അമ്മേ ഫോണിൽ നെറ്റ് ചാർജ് ചെയ്യാറായി..."
അമ്മ രൂക്ഷമായി നോക്കി.അച്ഛൻ പണിക്കു പോയിട്ട് ദിവസം അഞ്ചായി..ചക്കയുടെയും മാങ്ങയുടെയും കാലമായത് കൊണ്ട് പട്ടിണി ഇല്ല എന്നേ ഉള്ളു..ഒന്ന് പോ ചെക്കാ"
ആ പ്രതീക്ഷയും പോയി..പതുക്കെ മുറ്റത്തേക്കിറങ്ങി..ആഹാ..കിളികൾ ഒക്കെ പാട്ട് പാടുന്നുണ്ടല്ലോ.. ഇവരൊക്കെ ഇത്രയും നാൾ എവിടായിയുന്നു? അതോ വണ്ടികളുടെയും മൈക്കിന്റെയും ടി വി യുടെയും ഒക്കെ ശബ്ദത്തിനിടയിൽ ഇവയുടെ പാട്ടുകൾ കേൾക്കാതെ പോയതാണോ? അവൻ വീടിന്റെ ഉമ്മറത്ത് തൂക്കിയിട്ടിരുന്ന തത്തക്കൂടിന്റെ അടുത്തെത്തി. രണ്ടു മാസം മുൻപ് അവന് തെങ്ങു വെട്ടാൻ വന്ന വാസുചേട്ടൻ പിടിച്ച് കൊടുത്തതാണ് ഈ തത്തയെ...തെങ്ങിന്റെ പൊത്തിൽ നിന്നും പതുക്കെ പുറത്തെടുത്തപ്പോൾ അതിൽ രണ്ട്‌ മുട്ടകൾ ഉണ്ടായിരുന്നു. അന്ന് തത്തമ്മ വല്ലാതെ കരഞ്ഞിരുന്നു.അച്ഛനെ കൊണ്ട് അന്ന് തന്നെ ഒരു കൂട് വാങ്ങി.തത്തയെ അതിനുള്ളിൽ ഇട്ടു. തത്ത വല്ലാതെ ചിറകിട്ടടിച്ചു.. തത്തയെ കൂട്ടിനുള്ളിൽ ഇട്ട സീതാദേവിയുടെ കഥ ടീച്ചർ പറഞ്ഞു തന്നത് അവൻ ഓർത്തു.ഈ തത്തയും ശപിക്കുമോ..? ശകലം സങ്കടം തോന്നിയെങ്കിലും കൈയിൽ കിട്ടിയ തത്തയെ പറത്തി വിടുവാൻ അനുക്കുട്ടൻ തയ്യാറായില്ല.. അതിപ്പോൾ നന്നായി എന്ന് അവന് തോന്നി.നേരം പോക്കായല്ലോ? അവൻ തത്തയുടെ അടുത്തേക്ക്‌ നീങ്ങി "തത്തമ്മേ പൂച്ച പൂച്ച"പറയൂ.. അവൻ അതിനെ സംസാരിപ്പിക്കുവാൻ ശ്രമിച്ചു.അത് മൂലയിൽ ചുരുണ്ടു കൂടി ഇരുന്നു. പിന്നെയും നാലഞ്ചു ദിവസങ്ങൾ കഴിഞ്ഞു. അനുക്കുട്ടന് മടുപ്പു തോന്നി.കളിക്കാൻ ആരുമില്ല..ഒന്ന്‌ ഉറക്കെ ചിരിച്ചിട്ടു എത്ര നാളായി.അച്ഛനും അമ്മയും സംസാരിക്കുന്നത് കോവിഡ് മരണത്തിന്റെ കണക്കുകൾ..അച്ഛൻ ടി വി വയ്ക്കുമ്പോളും കേൾക്കുന്നത് പേടി തോന്നിപ്പിക്കുന്ന വാർത്തകൾ മാത്രമാണ്. കൂട്ടുകാരോടൊപ്പം ഒന്ന് ഓടിക്കളിക്കുവാനും ആറ്റിലിറങ്ങി നീന്തിതുടിക്കുവാനും അവന് കൊതി തോന്നി. കാലും കൈയും കൂട്ടിക്കെട്ടി ഇട്ട അവസ്ഥ... പാടത്തും പറമ്പിലും ഒക്കെ ഓടിച്ചാടി നടക്കുവാൻ മനസ്സ് തുടിക്കുന്നുണ്ട്. അവന്റെ കണ്ണുകൾ ഉമ്മറത്ത് തൂങ്ങിക്കിടക്കുന്ന തത്തക്കൂട്ടിലേക്ക് നീണ്ടു... അവൻ പതുക്കെ എണീറ്റു. കൂടിനടുത്തേക്കു ചെന്നു.. പതുക്കെ കൂട് തുറന്ന് തത്തമ്മയെ പുറത്തെടുത്തു..
അതിന്റെ മുഖത്തോട് പതുക്കെ തന്റെ മുഖം ചേർത്ത് പറഞ്ഞു.."എന്നോട് ക്ഷമിക്ക് തത്തമ്മേ..."
അവന്റെ കൈകൾ അയച്ചു.അത് ചിറകടിച്ച് ആകാശത്തേക്ക് പറന്നു. മലയാളം ടീച്ചർ പഠിപ്പിച്ച വരികൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി.
"ബന്ധുര കാഞ്ചനക്കൂട്ടി ലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ"

ഫായിസ് മുഹമ്മദ്‌
6 എ സെന്റ്ജോൺസ് യു പി എസ്സ് വേളൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ