സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ശുചിത്വം: മാറേണ്ട മലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവ‍‍ും മാറേണ്ട മലയാളികളും

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും, അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം , സാമൂഹ്യ ശുചിത്വം  എന്നിങ്ങനെയെല്ലാം ശുചിത്വത്തെക്കുറിച്ച് നാം വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവ എല്ലാം കൂടിച്ചേർന്ന ആകെത്തുകയാണ് ശുചിത്വം. 

       പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു.ശുചിത്വം ഒരു സംസ്കാരമാണെന്ന്  തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികർ. ആരോഗ്യം പോലെ തന്നെ വ്യക്തിക്ക്  ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്‌ഥ ശുചിത്വ അവസ്ഥ യുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. 
    ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണ് എന്ന് കൺ തുറന്നു നോക്കുന്ന ആർക്കും മനസ്സിലാകുന്നതാണ്.എന്തുകൊണ്ട്  ഇങ്ങനെ സംഭവിക്കുന്നു? വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി, പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കുന്നതിൽ നിന്നും വ്യതിചലിക്കുന്നത്? ഇതിനു കാരണം നമ്മുടെ ബോധ നിലവാരത്തിന്റെയും  കാഴ്ചപ്പാടിന്റെ യും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്തു വക്കിലിടുന്ന, സ്വന്തം വീട്ടിലെ മാലിന്യം  അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യ മായി ഓടയിലേക്ക്  ഒഴുക്കുന്ന മലയാളി തന്റെ കപട സാംസ്‌കാരിക മൂല്യ ബോധത്തിന്റെ തെളിവ് പ്രകടമാക്കുകയല്ലേ ചെയ്യുന്നത് !ഈ അവസ്ഥ തുടർന്നാൽ 'മാലിന്യ കേരളം ' എന്ന ബഹുമതിക്ക്  നാം അർഹരാവുകയല്ലേ? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ.

  ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ നഗര വ്യത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും  ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.നല്ല നാളെക്കായി പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ... ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും  ഉത്തരവാദിത്ത്വമുണ്ട്. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളി സംസ്കാരത്തിന്റെ  മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും ഉയർത്തി കാണിക്കാൻ നമുക്കു കഴിയട്ടെ. 

                                                           ജയ് ഹിന്ദ് 
സതീഷ് ബാബ‍ു
10 സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്.മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം