സി.യു.പി.എസ് കാരപ്പുറം/ദേശീയ ഹരിത സേന

Schoolwiki സംരംഭത്തിൽ നിന്ന്
ദേശീയ ഹരിത സേന

കുട്ടികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി ബോധവും വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തിലാണ് സ്കൂളുകളിൽ ദേശീയ ഹരിത സേന അഥവാ NGC ( National Green Corps ) club പ്രവർത്തിക്കുന്നത്. വൈവിധ്യമാർന്ന പരിപാടികൾ ക്ലബിനു കീഴിൽ നടന്നു വരുന്നു.

  • പഠന ക്യാമ്പുകൾ
  • ഫീൽഡ് വിസിറ്റ്
  • പച്ചക്കറി കൃഷി
  • ഗാർഡനിംഗ്
  • ബോധവത്കരണ ക്ലാസ്

തുടങ്ങി വ്യത്യസ്ത മേഖലകളിൽ കുട്ടികൾ പങ്കാളികളാകുന്നു. കൊറോണ കാലം പൊതുവെ കുട്ടികൾക്ക് എല്ലാ രംഗത്തും നഷ്ടങ്ങൾ വരുത്തിയ വർഷമായിരുന്നു. ക്ലാസ്സുകളെല്ലാം ഓൺലൈനിലേക്ക്

മാറിയപ്പോഴും യാത്രകൾ പലതും നിലച്ചുപോയി. പ്രകൃതി യാത്രകൾ മുടങ്ങിയ സാഹചര്യത്തിൽ സ്വന്തം ചുറ്റുപാടും പരിസരവും പഠന വിധേയമാക്കാൻ തീരുമാനിച്ചു. ജൂൺ  -ജൂലൈ മാസങ്ങൾ  സ്കൂൾ കോമ്പൗണ്ട് ഔഷധ സസ്യങ്ങളാൽ നിറയുന്ന കാലമാണ്. ഇത്തവണ കുഞ്ഞുങ്ങളുടെ സ്പർശന മേൽക്കാത്തതു കാരണം സാധാരണ വളർന്നു കാണുന്ന ഇനങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായി.

ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികൾ അവയെ പരിചയപ്പെട്ടു. പൂവാങ്കുറുന്തലും മുക്കുറ്റിയും പുത്തരിച്ചുണ്ടയും കറുകയും കീഴാർ നെല്ലിയും കുറുന്തോട്ടിയും കല്ലുരുക്കിയുമൊക്കെ ഓരോ വർഷ കാലത്തും പറഞ്ഞറിയിക്കാതെയെത്തുന്ന വിരുന്നു കാരാണെന്നവരെ ബോധ്യപ്പെടുത്തി. ആഗസ്റ്റ് മാസത്തിൽ പൂത്തുലഞ്ഞ കാട്ടുകടുകിൻ പൂക്കൾക്കിടയിൽ ഓരോ പൂക്കളെയും തേടിയെത്തി പരിഭവമില്ലാതെ പറന്നകലുന്ന ചെറുതേനീച്ചകളുടെ സംഘബോധം അവർ ദൃശ്യ രൂപത്തിൽ കണ്ടറിഞ്ഞു.

സെപ്റ്റംബർ മാസത്തിൽ സോഷ്യൽ ഫോറസ്ട്രിയുടെ കീഴിൽ സ്കൂളിലെ നാലു സെന്റ് ഭൂമിയിൽ  "മിയാ വാക്കി"  വനം നിർമിച്ചു. വളർച്ചയിൽ മികവു പുലർത്തിയ ഔഷധച്ചെടികൾക്കും വൃക്ഷത്തൈകൾക്കുമിടയിൽ തുലാ തുമ്പികളും പൂമ്പാറ്റകളും ആനന്ദ നൃത്തമാടി. പ്രജനന സസ്യങ്ങളെ അന്യേഷിച്ചെത്തുന്ന ശലഭങ്ങൾക്കിടയിൽ കണിക്കൊന്നയിലെ കുഞ്ഞുമുട്ടകൾ കണ്ണിൽ പതിഞ്ഞു.

അടുത്ത നിമിഷത്തിൽ പറന്നെത്തിയ മഞ്ഞ പാപ്പാത്തികളെ കണ്ടപ്പോൾ മുട്ടയിട്ട മഹതികൾ ആരെന്നു മനസ്സിലായി . അടുത്ത ദിവസങ്ങൾ നിരീക്ഷണത്തിന്റേതായിരുന്നു. മുട്ടയും , ലാർവയും , പുഴുവും

സമാധിയുമൊക്കെ മൊബൈൽ ക്യാമറ ഒപ്പിയെടുത്തു. വാട്ട്സ് ആപ്പിലൂടെ കുട്ടികൾ മിയാ വാക്കി വനത്തിലെ ആദ്യ ശലഭപ്പിറവി ദർശിച്ചു. മിയാ വാക്കി വനത്തോട് ചേർന്ന ഫ്രൂട്ട് ഫോറസ്റ്റിലെ സീതപ്പഴം രണ്ടാം വിളവിനൊരുങ്ങി.

നവംബർ മാസത്തിൽ കുട്ടികൾ സ്കൂളിലെത്തിയതോടെ ഡിജിറ്റൽ സ്ക്രീനിൽ നിന്നും മുക്തരായി കാഴ്ച്ചകൾ നേരിട്ടാസ്വദിക്കാനും അറിവ് നുകരാനും കഴിഞ്ഞത് ഏറെ സന്തോഷകരം.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തണ്ണീർത്തടത്തിലേക്കും വയലിലേക്കുമായി പ്രകൃതി നടത്തം സംഘടിപ്പിച്ചു. ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായിരുന്ന വയലേലകളെ  മൂടികളഞ്ഞ രീതിയിൽ അധിനിവേശ സസ്യങ്ങളുടെ കടന്നാക്രമണം കണ്ട് കുട്ടികൾ സങ്കടപ്പെട്ടു. അത്തപ്പൂക്കളമൊരുക്കാൻ വേണ്ടുവോളം മഞ്ഞപ്പൂക്കൾ സമ്മാനിക്കുന്ന സിംഗപ്പൂർ ഡെയ്സികൾക്കു താഴെ നാമാവശേഷമായിത്തീർന്ന ഔഷധ സസ്യ കലവറയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി. വയലേലകൾക്ക് നഷ്ടമായ കയ്യോനിയുടെയും നിലപ്പനയുടെയും മുത്തിളിന്റെ യും മഹത്വമിപ്പോൾ

അവർക്ക് മനസ്സിലായിരിക്കുന്നു. കുംഭത്തിലും - മീനത്തിലും വറ്റാത്ത തണ്ണീർത്തടങ്ങൾക്ക് സമാന്തരമായി നിർമാണം നടക്കുന്ന പുതിയ റോഡിനെക്കുറിച്ച് അവർ വേവലാതി പൂണ്ടു.

തോട്ടിറമ്പിൽ വെട്ടി വീഴ്ത്തിയ കൈതോലക്കൂട്ടത്തിലെ കുളക്കോഴികൾ എവിടെ മറഞ്ഞിരിക്കുമെന്നവർ ആശങ്കപ്പെട്ടു. വൃത്തിയാക്കലും വികസനവും അടുത്ത തവണ ഈ നീരുറവകളെ തന്നെ

അപ്രത്യക്ഷമാക്കിയേക്കാമെന്ന വിചാരം അവരെ നിരാശരാക്കി... വിശ്രമസമയത്ത് അവർ കണ്ണുകൾ ഇറുകെയടച്ചു..... കാതുകൾ കൂർപ്പിച്ചു. പുതിയ ശബ്ദങ്ങളുടെ ഉടമകളായ ചിറകുള്ള ചങ്ങാതിമാരെക്കുറിച്ച് പഠിക്കാൻ സമയം കണ്ടെത്തി. സ്ഥിരപരിചിത പക്ഷികളുടെ കൂട്ടത്തിലേക്ക് പുതിയ ഇനങ്ങളുടെ പേരുകൾ കൂട്ടിച്ചേർത്തു...

  • മഞ്ഞക്കിളി
  • നാട്ടുബുൾബുൾ
  • ചിന്നക്കുട്ടുറുവൻ
  • തേൻകിളി .....

ലിസ്റ്റിൽ ഇടം പിടിക്കാൻ ഇനിയും പുതിയ കൂട്ടുകാരെത്തും വരെ വയലേലയെ സംരക്ഷിക്കണമെന്നവർ ദൃഢ പ്രതിജ്ഞയെടുത്തു..

അധിനിവേശക്കാരായ കൊങ്ങിണിക്കും ആനത്തൊട്ടാവാടിക്കും നേരെ കണ്ണുരുട്ടി വയലിൽ നിന്നും മടങ്ങുമ്പോഴാണ് അടുത്ത അധിനിവേഷക്കാരനായ ധൃതരാഷ്ട്ര പച്ചയെ അവർക്ക് പരിചയപ്പെടുത്തിയത്.. തോട്ടിറമ്പിലെ വൃക്ഷത്തെ ചുറ്റിമുറുക്കിയ വളളിച്ചെടിയുടെ പേരിന് പിറകിലെ കഥ കണ്ടെത്തുക എന്നതായിരുന്നു അന്നവർക്ക് നൽകിയ ഹോം വർക്ക് .പിറ്റേ ദിവസം

ആദ്യ പിരീഡിൽ തന്നെ ഉത്തരവുമായി ഇഷയെത്തി. ഇതിഹാസ കഥാപാത്രമായ ധൃതരാഷ്ട്രരും ശത്രുസംഹാരവും ധൃതരാഷ്ട്ര ആലിംഗനവുമൊക്കെ അവളുടെ ഉത്തരത്തിൽ നിറഞ്ഞു നിന്ന വരികളായപ്പോൾ വിജയിയായി അവളെത്തന്നെ തിരഞ്ഞെടുത്തു. ഒരു മാസത്തെ ക്ലാസിനു ശേഷം വീണ്ടും സ്കൂളടഞ്ഞു. ഇലകൾ പൊഴിച്ച് വേനലിനെ സ്വീകരിക്കാനൊ രുങ്ങുന്ന കരിയിലകൾക്കിടയിലൂടെ അവർ പുതിയ നിരീക്ഷണങ്ങൾ നടത്തുന്നു... വേനൽ പൂക്കളായ ശീമക്കൊന്നയും ബോഗൻ വില്ലയും അവർക്ക് കാഴ്ച്ചാ വസന്തമൊരുക്കിയപ്പോൾ അതിനിടയിലും

വെളുത്ത കുഞ്ഞു പൂക്കളുമായി നിൽക്കുന്ന മറ്റൊരധിനിവേഷക്കാരനെ അവർ കണ്ടെത്തി. സാക്ഷാൽ കമ്മ്യൂണിസ്റ്റ് പച്ച തന്നെ... മുറ്റത്തെ നീർമരുതിലും താന്നിയിലും പുത്തൻ ഇലകൾ വന്നു തുടങ്ങുമ്പോൾ അവർ പരീക്ഷാ ചൂടിലായിരിക്കും... പരീക്ഷ കഴിഞ്ഞ് വേനലവധി ആഘോഷിക്കാൻ തിരിക്കുമ്പോൾ താന്നിയിൽ പുതിയ പൂക്കൾ വിരുന്നെത്തും... സ്കൂൾ പറമ്പിന് പിറകിലെ അന്യം നിന്ന് പോകുന്ന ഒരേയൊരു ദിവ്യ ജാസ്മിനിൽ അന്നേരം നിറയെ വെളുത്ത പൂക്കൾ വിടർന്നു നിൽക്കും..................