സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥന


ഒരു മിന്നൽ വെളിച്ചത്തിന്റെ കടുത്ത പ്രകാശത്തിൽ അദ്ദേഹത്തിന്റെ ചുവരിലെ ചിത്രം തെളിഞ്ഞ് കണ്ടപ്പോളാണ് താൻ ഉറങ്ങിയിട്ടില്ലെന്ന് അവർക്ക് ബോധം വന്നത്.
എത്ര നേരമായി ഇങ്ങനെ കിടക്കുന്നു. ഓരോന്ന് ആലോചിച്ച് കിടന്ന് നേരം പോയത് അറിഞ്ഞില്ല. രാവിലെ നേരത്തെ ഇറങ്ങണം. എന്റെ വീടല്ലല്ലോ ഇത്.
അവൻ അന്നു പറഞ്ഞ ആ സ്ഥലത്തേക്ക് "അമ്മയ്ക്ക് എല്ലാം കിട്ടുന്ന ആ സ്ഥലത്തേക്ക് ".
അങ്ങനെ ഒരു തീരുമാനമെടുക്കാൻ കാരണമുണ്ട്. മരുമകൾ പറയുന്ന കഠിന വാക്കുകൾ കേട്ടപ്പോൾ ഭൂമി പിളർന്ന് താൻ താണുപോയെങ്കിൽ എന്നവർ ആശിച്ചു.
ഭാര്യ പറയുന്നത് ശരിവെച്ചുകൊണ്ട് മകൻ മിണ്ടാതെ നിന്നു. എല്ലാവരും കണക്കാണ്.... മകളും മരുമകളും ഒക്കെ....
സ്ത്രീപുരുഷ സമത്വത്തെ പറ്റി ഘോര ഘോരമായി പ്രസംഗം നടത്തുന്നവർ.... ഇവിടെ വന്നാൽ പറയും അമ്മയെ നോക്കേണ്ട കടമ ആണ്മക്കൾക്കാണെന്ന്.
അവൾക്ക് രണ്ട് പെൺമക്കളാണല്ലോ എന്നാലോചിച്ചപ്പോൾ അവളോട് സഹതാപം തോന്നി....!
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു, വസ്ത്രങ്ങൾക്ക് പുറമേ അദ്ദേഹത്തിന്റെ ചിത്രം മാത്രമേ എടുത്തുള്ളൂ.
ഗേറ്റ് വരേ നിശ്ശബ്ദമായി മരുമക്കളും അനുഗമിച്ചു.
ഓർമ്മകളുടെ മായാലോകത്തുനിന്ന് താൻ യാഥാർത്ഥ്യങ്ങളുടെ ലോകത്തേക്ക് തിരിച്ചെത്തിയപ്പോൾ കടലാസ് പൂരിപ്പിച്ച് പണം അടച്ച് വന്നു.
മകൻ യാത്ര ചോദിക്കുകയാണ്.
ഒരു ചിരി വരുത്തികൊണ്ടവൻ 'അമ്മ ശപിക്കുന്നുണ്ടാകുമല്ലേ ’ ? .
ഒന്നും മിണ്ടാനായില്ല.
ഒരു ക്ഷേത്രത്തിനരികിലാണ് എത്തിച്ചേർന്ന കെട്ടിടം. തന്നെ പോലെ നിരവധി പേർ അവിടെ നിരന്നിരിപ്പുണ്ട്.
മകന്റെ കാർ കണ്മറയുന്നതു വരേ നോക്കി നിന്നു. പിന്നീട് ക്ഷേത്രത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു.
ദൈവമേ....എന്റെ കുഞ്ഞുങ്ങൾക്ക് ഒരാപത്തും വരുത്തല്ലേ...
ആ അമ്മയുടെ പ്രാർത്ഥനയ്ക്കുമുമ്പിൽ ദൈവം പോലും നമസ്കരിച്ചു... !

<
ശംസീന ശംസുദ്ദീൻ
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ