സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കാഴ്ച്ച

Schoolwiki സംരംഭത്തിൽ നിന്ന്
കാഴ്ച്ച സൃഷ്ടിക്കുന്നു

നഗരത്തിലെ പ്രധാന റെയിൽവേ സ്‌റ്റേഷനിലേക്കാണ് ഇന്ന് എന്റെ യാത്ര. ഇന്ന് ഞാൻ ഉണർന്നതും പതിവിലും നേരത്തെയായിരുന്നു...
നാല് മണിക്കുള്ള ഉണരൽ ഒരു നേരിയ ക്ഷീണം എന്നിലുണർത്തി. ശക്തൻ സ്റ്റാൻഡിൽ നിന്ന് പത്ത് മിനിറ്റ് ഓട്ടോ സഞ്ചാരം.
സ്റ്റേഷനിലേക്ക് ഞാനും, പാറ്റ്ന എക്സ്പ്രസ്സും ഒരുമിച്ചെത്തി. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്കുളള പടികൾ കയറുന്നതിലേക്കിടയിൽ ഞാനൊന്ന് ഓർത്തുനോക്കി, സമയം ഏഴ് മണിയാവുന്നു. നാല് മണി മുതൽ ഏഴ് മണി വരെ എന്റെ ജീവിതത്തിൽ എന്തൊക്കെ നടന്നു….
കണ്ണടച്ച് ഓർക്കാൻ ശ്രമിച്ചപ്പോൾ മൊബൈലിന്റെ ശക്തമായ വെളിച്ചമൊന്ന് കണ്ണിൽ തുളച്ച് കയറിയത്. അത് എനിക്കൊരു സാധാരണ പ്രക്രിയ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. എത്രയോ കാഴ്ചകൾ എന്റെ മുന്നിലൂടെ നടന്നു പോയി, ഞാനൊന്നുമറിഞ്ഞില്ല...
ട്രെയിൻ കുയിൽ നാദം മുഴക്കി ചലിക്കാൻ തുടങ്ങി. എന്റെ അപ്പുറത്തും ഇപ്പുറത്തും ആയി പലരും ഇരിക്കുന്നു. എനിക്കതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല.
ഓൺലൈനിൽ വന്നു സുഹൃത്ത് ഓൺലൈനിൽ വന്നു.
എന്റെ ശ്രദ്ധയെ തിരിച്ചത് അപക്വമായ ചില ചോദ്യങ്ങളുടെ മുഴക്കങ്ങൾ ആണ്. ഞാൻ തല ചരിച്ചു നോക്കിയപ്പോഴാണ് അവനെ കണ്ടത്.
അച്ഛാ എന്താ മേഘങ്ങൾ നമ്മുടെ കൂടെ വരുന്നത്?
ഒരു പുഞ്ചിരി മാത്രം ആണ് അവന്റെ ചോദ്യത്തിന് അച്ഛന്റെ ഉത്തരം.
ഉടൻതന്നെ അടുത്ത ചോദ്യമുയർത്തി ആകാംക്ഷയോടെ അവൻ -
അച്ഛാ നമുക്ക് ചുറ്റുമുള്ള സ്ഥലങ്ങൾ എന്താ പിന്നോട്ടു പോകുന്നേ?
അടുത്തിരുന്ന ഒരു സ്ത്രീ അവന്റെ അമ്മയുടെ അടുത്തേക്ക് ചേർന്നിരുന്ന് അന്ന് താഴ്ന്ന സ്വരത്തിൽ തിരക്കി.
” മകനെ നമുക്ക് നല്ലൊരു ഡോക്ടറെ കാണിക്കണ്ടേ”?
ഞാനും അതുതന്നെയാണ് മനസ്സിൽ ഓർത്തത്.
എന്നാൽ അവന്റെ അമ്മയുടെ മറുപടി ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ഉൾക്കാഴ്ചയാണ് എനിക്ക് നൽകിയത്.
” ഡോക്ടറെ കാണിച്ചതിനുള്ള ശേഷമുള്ള വരവാണ്. ഇന്നലെ രാത്രി ആണ് അവന് കാഴ്ച കിട്ടിയത്”.
ഒരുപക്ഷേ ഈ മറുപടി ആയിരിക്കാം എന്നെ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാൻ പഠിപ്പിച്ചത്.
ഒരു കൊച്ചു മൊബൈലിൽ ഒതുങ്ങിയ ലോകത്തെ പടർന്നുപന്തലിപ്പിച്ചത്……..
മൊബൈലിനെ വിറക്കുന്ന ഒരു പെട്ടി മാത്രം ആക്കി തീർത്തത്……

രേവതി പി
9 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ