സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം അതിജീവനത്തിന്റെ പാതയിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ പാതയിലൂടെ

കൊറോണ വൈറസ് - ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തിയ 2020-ലെ മഹാമാരി . ലോക രാജ്യങ്ങളിൽ കൊറോണ വൈറസിൻ്റെ താണ്ഡവം തുടരുന്ന വേളയിൽ നമ്മൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ജാഗ്രത എന്ന വാക്ക് ലോകത്തിൻ്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രമായി മാറിക്കഴിഞ്ഞു. രോഗവ്യാപനം തടയുന്നതിനായി അധികൃതർ നൽകുന്ന ലോക് ഡൗൺ ഉൾപ്പെടെയുള്ള നിർദേശങ്ങൾ പാലിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏക മാർഗം. ലോക് ഡൗൺ ഒരു ശാപമായി കാണാതെ അതിൻ്റെ സാധ്യതകൾ ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ആസ്വദിക്കാൻ കഴിയണം. വീട്ടിൽ കഴിഞ്ഞ് കൊണ്ട് കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം വളർത്തുന്നതിനും, കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വീട്ടുവളപ്പിൽ പച്ചക്കറികൾ കൃഷി ചെയ്ത് സ്വയംപര്യാപ്തത നേടുവാനും അതിലൂടെ ആനന്ദം കണ്ടെത്തുവാനും സാധ്യമാണ്.


ഞാൻ ഈ ലോക് ഡൗൺ കാലം കുടുംബാംഗങ്ങളോടൊപ്പം വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വളരെ സന്തോഷപൂർവ്വം കഴിഞ്ഞു വരികയാണ്. ഇതിനോടകം തന്നെ എൻ്റെ വീട്ടുവളപ്പിൽ ചീര, കത്തിരി , വഴുതന, വെണ്ട, തക്കാളി, പാവൽ, മത്തൻ, മുളക്, പയർ എന്നിവ ഉൾപ്പെട്ട ഒരു പച്ചക്കറി തോട്ടം തയാറാക്കുകയും അതിൽ നിന്ന് വിളവെടുക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തുള്ള ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ ലഭിക്കുന്നതിനാൽ പലതരത്തിലുള്ള പുസ്തകങ്ങൾ വായിക്കുവാൻ കഴിയുന്നുണ്ട്. വീട്ടുജോലികളിൽ അമ്മയെ സഹായിക്കുകയും ഓൺലൈൻ മുഖാന്തരം സംഗീത പഠനം നടത്തുകയും അനുജത്തിയുമായി കളികളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇത് പോലെ സമയം വേണ്ട രീതിയിൽ വിനിയോഗിച്ച് ഏതൊരാൾക്കും ഈ ലോക് ഡൗൺ കാലം ആനന്ദകരം ആക്കിത്തീർക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.


അതിജീവനം എന്നത് കേരളത്തിൻ്റെ മറു പേരാണെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ കഷ്ടപ്പാടുകൾ നിറഞ്ഞ ഈയൊരു ഘട്ടം കഴിഞ്ഞ് നല്ലൊരു നാളേയ്ക്കായി നമുക്ക് ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം.


പ്രാർത്ഥന.എം
8 A സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം