സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/പ്രകൃതിയും സ്വപ്‌നവും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും സ്വപ്‌നവും

മേശപ്പുറത്ത് വച്ചിട്ടുള്ള മൊബൈൽ ഫോണിൻറെ ശബ്ദം കേട്ടാണ് മുകുന്ദൻ ഞെട്ടിയുണർന്നത്. ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോൾ നിശബ്ദമായി മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്ന മകളെയാണ് മുകുന്ദൻ കണ്ടത് . കസേരയിൽ നിന്നെഴുന്നേറ്റ് മുഖം കഴുകി ബാൽക്കണിയിലേക്ക് നടന്നു .പുസ്തക വായനയ്ക്കിടയിൽ താൻ എപ്പോഴാണ് ഉറങ്ങിപ്പോയത് എന്ന് അയാൾ ചിന്തിച്ചു .ഉച്ചകഴിഞ്ഞുള്ള ആ ഉറക്കത്തിൽ കാണാൻ കഴിഞ്ഞ സ്വപ്നത്തെ പറ്റി ഒന്നോർത്തു .എത്ര മനോഹരമായ സ്വപ്നം,നാടും വീടുമെല്ലാം ഉപേക്ഷിച്ച് നഗരത്തിലെ ഫ്ലാറ്റിലേക്ക് കുടിയേറിയപ്പോൾ താൻ മറന്നു പോയതൊക്കെ ആ സ്വപ്നത്തിൽ തെളിഞ്ഞിരുന്നു എന്ന് അയാൾ മനസ്സിലാക്കി . ഒരു കൊച്ചു അരുവിയുടെ തീരത്ത് പച്ചപ്പു നിറഞ്ഞ ഒരു ഗ്രാമത്തിലാണ് മുകുന്ദൻ ജനിച്ചുവളർന്നത് . അച്ഛനും അമ്മയും ചേട്ടനും ഒക്കെയുള്ള ഒരു കൊച്ചു കർഷക കുടുംബം . മുകുന്ദൻറെ ചേട്ടൻ നാട്ടിൽ തന്നെ ഒരു ചെറിയ കടയും കൃഷിയും ഒക്കെയായി കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുന്നു. പഠിക്കാൻ വേണ്ടിയാണ് പ്രകൃതിയുടെ മടിത്തട്ടിൽ പിറന്നുവീണ് പറമ്പിലും വീട്ടിലുമൊക്കെ കളിച്ചുവളർന്ന മുകുന്ദൻ ആദ്യമായി നഗരത്തിലേക്ക് വരുന്നത് .പഠനമൊക്കെ പൂർത്തിയാക്കി വീണ്ടും നാട്ടിലേക്ക് മടങ്ങിയപ്പോൾ മുകുന്ദന്റെ മനസ്സിൽ നഗരത്തിലെ പുതിയ ജീവിതമായിരുന്നു മുഴുവനും .പിന്നീട് നഗരത്തിൽ തന്നെ ജോലി ലഭിച്ച അയാളെ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോകുമ്പോൾ ആരും തടഞ്ഞില്ല.വയലും മരങ്ങളും കുരുവികളും നിറഞ്ഞ നാട്ടിൽ നിന്നും ആണ് മുകുന്ദൻ നഗരത്തിലേക്ക് പോയത്. പിന്നീട് നാട്ടിലേക്ക് ഒന്ന് വിളിക്കാൻ പോലും അയാൾ കൂട്ടാക്കിയില്ല. ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കിയപ്പോൾ വാഹനങ്ങൾ ചീറിപ്പായുന്നത് അയാൾ കണ്ടു. ഒന്നു കാതോർത്തപ്പോൾ വാഹനങ്ങളുടെ ശബ്ദവും ഒരു ദീർഘശ്വാസം എടുക്കാനായി ഒരുങ്ങിയ നിമിഷം പുകയും പൊടിയും കാരണമയാൾക്ക് ശ്വാസംമുട്ടി . നഗരത്തിലെ തൻറെ ബിസിനസ് ഏകദേശം തകർച്ചയുടെ വാതിൽക്കൽ എത്തി നിൽക്കുകയാണെന്ന സത്യo അയാളുടെ മനസ്സിനെ വല്ലാതെ അലട്ടി .ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു. ദൂരെ എങ്ങുനിന്നോ സൂര്യൻ തന്റെ ചുവപ്പ് വേഷമണിഞ്ഞു. തെരുവുവിളക്കുകളിലുo സിമൻറ് സൗധങ്ങളിലും വെളിച്ചം വന്നു തുടങ്ങി. ആർഭാടജീവിതം നയിക്കുന്ന ഭാര്യ എന്നുo വൈകിട്ട് പോയിവരാറുള്ള ‘ഇക്കോ-ഫ്രണ്ട്‌ലി’ ക്ലബ്ബിൽ നിന്നുo തിരിച്ചു വന്നു എന്ന സൂചന പോലെ കോളിങ് ബെൽ മുഴങ്ങി. മകൾ സാറ ‘മൊബൈലിൽ’ നിന്നെഴുന്നേറ്റ് വാതിൽ തുറന്നു. “മമ്മീ...” എന്ന വിളി ഉയർന്നു. മുകുന്ദൻ പുതിയ ചില തീരുമാനങ്ങൾ ആ സന്ധ്യക്ക് ബാൽക്കണിയിൽ നിന്നെടുത്ത് അകത്തേക്ക് വന്നു .ഭാര്യയായ രാധികയുടെ കയ്യിൽ ഒരു സമ്മാനപ്പൊതി കണ്ട മുകുന്ദൻ എന്താ അത് എന്ന മട്ടിൽ നിന്നു. ചോദ്യം ഇല്ലാതെതന്നെ അവിടെ ഒരു ഉത്തരം കിട്ടി ,ക്ലബ്ബിൽ നിന്ന് കിട്ടിയ സമ്മാനമാണെന്ന്. സമ്മാന പൊതി തുറന്നപ്പോൾ അതിൽ കണ്ടത് ഒരു അലങ്കാര വസ്തുവാണ് ‘പ്ലാസ്റ്റിക് പൂക്കളൊടെയുള്ള ഒരു ഫ്ലവർ വെയ്സ് ’.രാധിക അത് സന്തോഷത്തോടെ മറ്റ് അലങ്കാര വസ്തുക്കളുടെ കൂടെ വച്ചു. ‘‘ഇക്കോ-ഫ്രണ്ട്‌ലി ക്ലബ്ബിൽ നിന്നും കിട്ടിയ സമ്മാനം പ്ലാസ്റ്റിക് നല്ലതു തന്നെ” എന്ന മുകുന്ദൻറെ വാക്കുകൾ രാധികയുടെ തലകുനിയാൻ ഇടയാക്കി. എല്ലാ സാധനങ്ങളും പെട്ടിയിലാക്കാൻ മുകുന്ദൻ ആവശ്യപ്പെട്ടു . വാടക നൽകുന്ന ആ ഫ്ലാറ്റിൽ അവരുടെതെന്ന് പറയാൻ കുറച്ചു തുണികളും ഭക്ഷണസാധനങ്ങളും പാത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ . സംസാരം വളരെ കുറച്ചു മാത്രം ആയിരുന്നു അവർക്കിടയിലുണ്ടായിരുന്നത്. എവിടെയ്ക്കോ ഒരു ഉല്ലാസ യാത്ര പോവുകയാണ് എന്ന് കരുതി അമ്മയും മകളും എല്ലാം എടുത്തു വച്ചു. അതിനിടയ്ക്ക് ഒരു ടാക്സി ബുക്ക് ചെയ്യുന്നത് അവർ ഇരുവരും ശ്രദ്ധിച്ചു. കുറച്ചു മാറി നിന്ന് കുറേ കാലങ്ങൾക്കു മുമ്പ് ചെയ്ത ഒരു പ്രവർത്തി അയാൾ ചെയ്തു, വീട്ടിലേക്ക് വിളിച്ചു . അന്ന് രാത്രി അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നപ്പോൾ അയാൾ ഭാര്യയോടും മകളോടും ആയി പറഞ്ഞു , “നമ്മൾ നാളെ ഒരു യാത്ര പോവുകയാണ് ഒരു ദൂരയാത്ര .”എങ്ങോട്ടാണെന്ന് പറഞ്ഞില്ല കാലത്ത് അവർ യാത്ര തിരിച്ചു . പകുതി ദൂരം പിന്നിട്ടപ്പോൾ മുകുന്ദൻ പറഞ്ഞു , “ഇന്ന് നമ്മൾ ഈ നഗരം വിടുകയാണ് ഇനി ഒരിക്കലും ഈ നഗരത്തിലേക്കില്ല.” വാഹനത്തിൻറെ മുൻവശത്ത് പിടിപ്പിച്ചിരിക്കുന്ന ‘ഗൂഗിൾ മാപ്പിൽ’ നിന്നും മകൾ തിരിച്ചറിഞ്ഞു തങ്ങളുടെ ‘ഡെസ്റ്റിനേഷൻ’ അച്ഛൻറെ സ്വന്തം നാടാണെന്ന് . വൈകുന്നേരത്തോടെ അവർ നാട്ടിലെത്തി നാടും വീടും വീട്ടുകാരെയും കണ്ടപ്പോൾ നഗരത്തിൽ നിന്നും എത്തിയ ആ മൂന്ന് പേർക്കിടയിലെ മൗനമില്ലാതെയായി .വിശേഷങ്ങളും സന്തോഷവും ദുഃഖവുമെല്ലാം അവർ ആ സായാഹ്നത്തിൽ വീട്ടുകാരുമായി പങ്കുവെച്ചു .അന്ന് രാത്രി മറ്റെല്ലാവരും ഉറങ്ങിയിട്ടും അച്ഛനും മുകുന്ദനും ഉറങ്ങാൻ വൈകി . നാളത്തെ പുത്തൻ പുലരിയിൽ ചെയ്യാനുള്ള ഏതോ ഒരു കാര്യം അവർ ഇരുവരും ചർച്ച ചെയ്തു . നഗരത്തിൽ നിന്നും നാട്ടിൽ എത്തിയ അവർ കുരുവികളുടെയുo അരുവിയിലൂടെ ഒഴുകുന്ന തെളിഞ്ഞ വെള്ളത്തിൻറെയും ശബ്ദവുo ശുദ്ധമായ സുഗന്ധം നിറഞ്ഞ വായു ശ്വസിച്ചു കൊണ്ട് ഉണർന്നു .വീടിൻറെ ഉമ്മറപ്പടിയിൽ ഇരുന്നുകൊണ്ട് രാധികയും മകൾ സാറയും പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് സ്വന്തം അച്ഛൻറെയും ചേട്ടൻറെയും കൂടെ വയലിലേക്ക് പണിയെടുക്കാൻ പോകുന്ന മുകുന്ദനെയാണ് . രാധിക അവിടെയിരുന്നുകൊണ്ട് ഓർക്കുകയായിരുന്നു തന്നോട് അവിടെ നഗരത്തിൽ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉപേക്ഷിച്ചു വരാൻ പറഞ്ഞ പ്ലാസ്റ്റിക് പൂക്കളെയുo മറ്റു നാഗരിക സമൂഹം പിറകെ പായുന്ന സാധനങ്ങളെയും പറ്റി . നഗരത്തിലെ താൻ ചെന്നിരുന്ന ‘ഇക്കോ-ഫ്രണ്ട്‌ലി’ ക്ലബ്ബിനെ പറ്റി ആലോചിച്ചു . അപ്പോൾ രാധികയെന്ന നാട്ടിൽ ജനിച്ചുവളർന്ന് നഗരത്തിൽ ആർഭാടജീവിതം നയിക്കുകയും ചെയ്ത അവളുടെ മനസ്സിലെത്തിയത് ‘ഇക്കോ-ഫ്രണ്ട്‌ലി’ എന്ന ക്ലബ്ബിനോടുള്ള പുച്ഛമായ ചിന്തകളാണ്. നഗരത്തിൽ നടക്കുന്ന പ്രകൃതിക്കെതിരായ ഒന്നിനെയും ആ ക്ലബ് ചോദ്യം ചെയ്യുകയോ പ്രകൃതി സൗഹാർദ്ദപരമായി ഒന്നും ചെയ്യുകയോ ഉണ്ടായിരുന്നില്ല എന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത് . ഒരു സായാഹ്നത്തിൽ മുകുന്ദൻ കണ്ടു പോയ സ്വപ്നം അയാളെ നാട്ടിലേക്ക് എത്തിച്ചു . നാഗരിക ലോകം കെട്ടാനായി പായുന്ന മനുഷ്യരുടെ വിഡ്ഢിത്തരം ആയാൾ തിരിച്ചറിഞ്ഞു. മണ്ണിൽ നിന്നു തന്നെ എല്ലാം പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ വിളയിച്ചെടുക്കാനും ജീവിക്കാനുo പറ്റുമെന്ന് ബോധ്യപ്പെടുത്തി. ‘ഇക്കോ-ഫ്രണ്ട്‌ലി’- യായി എന്തെങ്കിലുമൊക്കെ ചെയ്യണമെങ്കിൽ അത് സ്വയം മനസ്സുവെച്ചാൽ സാധിക്കുമെന്ന് രാധികയെയും പഠിപ്പിച്ചു. മൊബൈലിൽ നിന്നും മാറി മറ്റൊരു ലോകമുണ്ടെന്ന് സാറയെയും പഠിപ്പിച്ചു.പ്രകൃതിയിൽ നിന്നും വളർന്നവരാണ് എല്ലാവരും മനുഷ്യൻ മാത്രമല്ല മൃഗങ്ങളും പക്ഷികളും ചെടികളും മരങ്ങളും എല്ലാം ഈ ഭൂമിയിൽ ജീവിക്കുന്നവരാണ്. പരിസ്ഥിതിയിൽ നിന്നും നേടിയതാണ് എല്ലാം , എന്തു കാര്യമായാലും പ്രകൃതിയുമായി ബന്ധപ്പെടുന്നു. പ്ലാസ്റ്റിക് പൂക്കൾക്ക് പകരം ജീവൻ തുടിക്കുന്ന പൂക്കൾ നട്ടുവളർത്താനായി രാധിക തുടങ്ങി. മുകുന്ദൻ പ്രകൃതിയോടൊത്ത് കൃഷി ചെയ്തു തുടങ്ങി. മൊബൈൽ നിന്ന് എഴുന്നേറ്റ് പ്രകൃതിയുമായുള്ള പുതിയ ലോകം പണിയാൻ തുടങ്ങി. സാറ ഭാവിയിലേക്കുള്ള പുതിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. ആ സ്വപ്നങ്ങളിലെല്ലാം അവളുടെ കൂടെ പ്രകൃതിയും ഉണ്ടായിരുന്നു. മുകുന്ദനുo കുടുംബവും ഒരു ഉദാഹരണം മാത്രം

അഞ്ജലി . സി . എ
10-L സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത