സി.എം.എം.യു.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതിയുടെ പരിതസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
 പരിസ്ഥിതിയുടെ പരിതസ്ഥിതി     


നാം ജീവിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസ്ഥിതി എന്ന് ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ട്. അതിനുശേഷം ഞാൻ എപ്പോഴും എന്റെ വീടും പരിസരവും വീക്ഷിക്കാറുണ്ട്. മുമ്പുണ്ടായിരുന്നതിനേക്കാളും എത്രയെത്ര മാറ്റങ്ങളാണ് നമ്മുടെ പരിസ്ഥിതിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് !. എല്ലാ വർഷവും വേനലവധിക്ക് മാധുര്യമൂറുന്ന നല്ല ഞാവൽ പഴങ്ങൾ ഞങ്ങൾ കഴിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞാൻ സ്കൂളിൽ നിന്നും വരുന്ന സമയത്തു ഞങ്ങളുടെ പ്രിയപ്പെട്ട ഞാവൽ മരം നിലം പതിച്ചിരിക്കുന്നു. എല്ലാവർക്കും വലിയ വിഷമമുണ്ടായിരുന്നു. ഞാൻ ചോദിച്ചു :'ഇത്ര വിഷമമുണ്ടായിരുന്നിട്ടും എന്തിനാണ് നിങ്ങൾ അത് മുറിച്ചു കളഞ്ഞത്?' അപ്പോഴാണ് ഞാനറിഞ്ഞത് ആ മരം എല്ലാവർക്കും ഭീഷണിയായിരുന്നു എന്ന്. അതെങ്ങാനും ഒടിഞ്ഞു വീഴുമോ എന്ന ആധി മറ്റുള്ളവരുടെ സ്വസ്ഥത നശിപ്പിക്കുമായിരുന്നു. എത്രയെത്ര ദിവസങ്ങളാണ് ഞാനും കൂട്ടുകാരും ഞാവൽ മരത്തിന്റെ ചുവട്ടിൽ അവധിക്കാലം ആഘോഷമാക്കിയിരുന്നത്. അപ്പോഴെല്ലാം അതിൽ എറിയാൻ കൈകൾ ഉയർത്തുമ്പോൾ എന്റെ ഉമ്മമ്മ പറയുമായിരുന്നു "ആരും അതിൽ എറിയരുത് .അത് അല്ലാതെ തന്നെ നിങ്ങൾക്ക് കഴിക്കാനുള്ളത്രയും പഴം തരുന്നുണ്ടല്ലോ? അത് മരമാണേലും ജീവനുള്ളത് തന്നെയാണ്." അതെല്ലാം ഇനി ഓർമ്മകൾ മാത്രം..... അങ്ങനെ അങ്ങനെ എത്രയെത്ര മരങ്ങൾ; അവയുടെ എല്ലാം ഓർമക്കായി അവിടങ്ങളിൽ എല്ലാം വലിയ വലിയ കെട്ടിടങ്ങൾ മാത്രം. വലിയ പ്രകൃതി സ്നേഹിയും യാത്രികനും ആണ് എന്റെ ഉപ്പച്ചി. അദ്ദേഹം എപ്പോഴും യാത്ര പോയിരുന്നത് പ്രകൃതിയെ തൊട്ടറിയാനായിരുന്നു. അദ്ദേഹത്തിന്റെ വിലപ്പെട്ട ഉപദേശങ്ങൾ എനിക്കെന്നും ആനന്ദകരമായിരുന്നു. ഉപ്പച്ചി എപ്പോഴും പറയുമായിരുന്നു കാടുകൾക്കെല്ലാം നമ്മെ പോലെ തന്നെ ഒരു ആത്മാവുണ്ടെന്ന്, അതിനെ നശിപ്പിക്കരുതെന്ന്. വേനല്ക്കാലമായതിനാൽ ജലാശയങ്ങളെല്ലാം വരളാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ധാരാളം പറവകൾ വരാറുള്ള ഞങ്ങളുടെ വീട്ടിൽ ഞാനും ഉപ്പച്ചിയും കൂടി തണ്ണീർ തടങ്ങൾ ഒരുക്കിവെച്ചിട്ടുണ്ട് അതിൽ നിന്ന് വെള്ളം കുടിക്കാൻ ധാരാളം കിളികൾ എത്താറുണ്ട്. അത് കൺകുളിർക്കുന്ന ഒരു കാഴ്ച തന്നെയാണ്. ഓരോരോ വൃക്ഷങ്ങളായി അപ്രത്യക്ഷമാവുന്ന ഈ സാഹചര്യത്തിൽ ഈ കാഴ്ചകൾ എത്രകാലം അനുഭവിക്കാൻ കഴിയുമെന്നറിയില്ല. കാലം തെറ്റിവരുന്ന കാലാവസ്ഥയും പ്രകൃതി ദുരന്തങ്ങളും എല്ലാം മനുഷ്യരുടെ മ്ലേച്ഛമായ ചെയ്തികളുടെ ഫലമാണെന്നു പണ്ടുള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ പതിവില്ലാതെ വീടിന്റെ മുറ്റമെല്ലാം നിറഞ്ഞു കവിഞ്ഞപ്പോൾ എന്റെ ഉമ്മമ്മ പറയുന്നത് കേട്ടു. "സ്കൂൾ പറമ്പിലെ ആ വലിയ കുളം നികത്തിയില്ലേ ! അപ്പൊ പിന്നെ വെള്ളം കയറിയതി ൽ അതിശയമില്ല." അവിടെയും ഇപ്പോൾ ഉയർന്നിരിക്കുന്നു കോൺക്രീറ്റ് കെട്ടിടങ്ങൾ. അവിടങ്ങളിൽ ഞങ്ങൾ കയറി കളിക്കാറുണ്ടായിരുന്ന, മാങ്ങാ പറിച്ചു കഴിക്കാറുണ്ടായിരുന്ന മൂവാണ്ടൻ മരങ്ങളെല്ലാം ഇപ്പോൾ കോൺക്രീറ്റ് കെട്ടിടങ്ങൾക്കടിയിൽ ഞെരിഞ്ഞമർന്ന് കിടക്കുന്നു. യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്ന നമ്മുടെ ജീവിതം ഇപ്പോൾ എഞ്ചിൻ പണി മുടക്കിയ യന്ത്രം പോലെ ആയി ത്തീർന്നിരിക്കുകയാണ്. ഉറ്റവരെയും ഉടയവരെയും ഒന്നു കാണാൻ പോലും കഴിയുന്നില്ല ആകെക്കൂടി ഒരു ശൂന്യത. അപ്പോഴും ഞാൻ ചിന്തിച്ചു .നമ്മുടെ കണ്ണുകൾ കൊണ്ടു കാണാൻ പോലും കഴിയാത്ത ഈ സൂക്ഷ്മ ജീവിയുടെ ആവിർഭാവവും മനുഷ്യരുടെ ചെയ്തികൾ മൂലമാണോ? ഒരു പക്ഷേ ആയിരിക്കാം . മനുഷ്യർ അവരുടെ ചേഷ്ടകൾ വളർത്തുമ്പോൾ ഒരു സൂക്ഷ്മാണു എന്തിനു നോക്കുകുത്തിയാവണം. പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർക്കുകയും വാചാലരാകുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ഇവയെല്ലാം ഇന്ന് പ്രാവർത്തികമാക്കുന്നുണ്ടോ? ഐക്യ രാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു വരുന്നു. വായു മലിനീകരണവുമായി ബന്ധപ്പെട്ട ചില വാർത്തകൾ ഞാൻ വായിച്ചിരുന്നു .നമ്മുടെ പരിസ്ഥിതി ഏറ്റവും കൂടുതൽ നശിക്കുന്നത് വായു മലിനീകരണം മൂലമാണ് എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ കാര്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാൻ 2019 ൽ ചൈന മുന്നിട്ടിറങ്ങിയിരുന്നു. എന്നാൽ അതേ ചൈന തന്നെയാണ് ഇന്ന് കണ്ണിൽ കാണാനാവാത്ത ഒരു വൈറസ് മൂലം കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും. ഇതെല്ലാം അന്താരാഷ്ട്ര കാര്യങ്ങൾ. എന്നാൽ നമ്മുടെ നാട്ടിൽ പ്രകൃതി സംരക്ഷണത്തിന് ആരാണ് പ്രയത്നിക്കുന്നത്.? ഇതെല്ലാം പറയുന്ന എനിക്ക് പോലും ഒന്നിനും സാധിച്ചില്ല -സാധിക്കുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരേ ഒരു മാർഗം. നമുക്കൊന്നായി നേരിടാം എല്ലാ വിപത്തിനെയും..... ഞാൻ എഴുതി തലയുയർത്തിയപ്പോഴാണ് മുറ്റത്തെ മാവിൻ ചോട്ടിൽ ഒരു മാങ്ങ വീഴുന്നത് കണ്ടത്. അനിയത്തി അതെടുക്കാൻ ഓടി. അതെടുത്തു കൊണ്ടു വന്നു .നല്ല മധുരമുള്ള മാങ്ങ. എത്രകാലം അതവിടെ ഉണ്ടാവുമെന്നറിയില്ല. എങ്കിലും ഞങ്ങളത് ആസ്വദിച്ചു കഴിച്ചു..... നൽകിയിരിക്കുന്ന ഫലകം അതുപോലെ പകർത്തുക

ഫാത്തിമ ജിൻഷ
6 A സി.എം.എം.യു.പി.എസ്. എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം