സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അക്ഷരവൃക്ഷം/ താൻ പാതി ദൈവം പാതി
താൻ പാതി ദൈവം പാതി
ലോക്‌ഡൗണിന്റെ അഞ്ചാം ദിവസം... ഭാര്യ : നിങ്ങൾ എങ്ങോട്ടാ പോകുന്നത് ? ഭർത്താവ് : ഞാനൊന്നു കവല വരെ പോയിട്ട് വരാം. ആ പോക്ക് വീടിന്റെ ഉമ്മറപ്പടി വരെ ആയപ്പോഴേക്കും ഭാര്യ തടഞ്ഞു. ഭാര്യ: മനുഷ്യാ.. ഇപ്പൊ ലോക്ക്ഡൗൺ ആണ്. പുറത്തിറങ്ങാൻ പാടില്ല. പോലീസു കണ്ടാൽ നല്ല തല്ലു വച്ച് തരും. ഭർത്താവ്: ഒന്ന് പോയേടി.. ഒരു കോറോണയും ലോക്ക്ഡൗണും. എത്ര ദിവസാന്ന് വച്ചാ മനുഷ്യൻ വീട്ടിൽ തന്നെ ഇരിക്കുന്നെ.. ഒരു പരിധിയില്ലേ.. ഭർത്താവ് പരാതിപ്പെട്ടു. ഭാര്യ: ഇനീം ജീവിക്കണമെങ്കിൽ സർക്കാർ പറഞ്ഞത് ചെയ്തേ പറ്റു. W.H.O കോറോണയെ മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ജാഗ്രത വേണം. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും വാദപ്രതിവാദങ്ങളായി.. വഴക്കായി. ഇത് കേട്ട് അവരുടെ മകൾ അവിടേക്ക് വന്നു.
മകൾ: ഈ രാവിലെ തന്നെ നിങ്ങൾ ബഹളം വക്കുന്നതെതിനാ? ഒന്നുറങ്ങാനും സമ്മതിക്കില്ലല്ലോ.. അല്ലാ.. ഈ ലോക്ക്ഡൗൺ ആയിട്ട് അച്ഛൻ ഇതെവിടെക്കാ? അച്ഛൻ: മോളെ, ഞാനൊന്നു പുറത്ത് പോയിട്ട് വരാം. മകൾ: പറ്റില്ല അച്ഛാ. അച്ഛൻ വീട്ടിലേക്ക് കേറിക്കോളു. എവിടേക്കും പോകണ്ട. അത്ര അത്യാവശ്യം ഒന്നും ഇല്ലല്ലോ? അച്ഛൻ: എന്റെ മോളേ.. നമുക്കൊന്നും വരില്ല ഈ കൊറോണ. നീ ടിക് ടോക് ഒക്കെ കാണുന്നതല്ലേ.. ഇത് ആ നിപ പോയപോലെ പൊക്കോളും. ഒന്നും പേടിക്കാനില്ല.
അച്ഛന്റെ മറുപടി കേട്ട് അമ്മയും മകളും തലയിൽ കൈവച്ചു. മകൾ: അച്ഛാ.. ഈ പോലീസുകാർ രാവും പകലും നിന്ന് ജനങ്ങളെ വഴിയിൽ തടയുന്നത് അവരുടെ ശമ്പളം കൂട്ടികൊടുക്കാം എന്ന് പ്രഖ്യാപിച്ചിട്ടൊന്നുമല്ല. നമ്മൾ ജനങ്ങൾക്ക് വേണ്ടിയാണ് അവർ ഈ പെടാപ്പാട് മുഴുവൻ ചെയ്യുന്നത്. അവർക്കും ഇല്ലേ കുടുംബവും കുട്ടികളും. മറ്റുള്ളവർ വീടുകളിൽ ഇരിക്കുമ്പോൾ അവർ മാസ്ക്കും ധരിച്ച് പൊരി വെയിലത്ത് നിന്ന് പുറത്തിറങ്ങിയവരോട് വീട്ടിൽ പോകാൻ അപേക്ഷിക്കുന്നു. അച്ഛൻ: അത് പിന്നെ അവരുടെ ജോലിയല്ലേ ? മകൾ: നമ്മളെക്കാൾ സൗകര്യങ്ങളും സമ്പത്തും എല്ലാം ഉള്ള വികസിത രാജ്യങ്ങൾ പോലും കോറോണയുടെ മുന്നിൽ പകച്ചു നിൽക്കുന്ന കാഴ്ച നമ്മൾ കാണുന്നതല്ലേ.. എന്നിട്ടും.. നമ്മൾ.. "ഗോഡ്സ് ഓൺ കൺട്രി" എന്ന് പറഞ്ഞിട്ട് മാത്രം കാര്യമില്ല. ശ്രദ്ധിച്ചില്ലെങ്കിൽ നമുക്കും വരും. രോഗം പിടിപെട്ടാലുള്ള അവസ്ഥ മനസ്സിലാക്കുന്നില്ല.
മകൾ അല്പം ദേഷ്യത്തോടെ ഇത്രയും പറഞ്ഞ് അകത്തേക്ക് കയറി. അമ്മയും ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അച്ഛൻ തലയും കുമ്പിട്ട് പുറത്തേക്കും നടന്നു. കുറച്ച് ദൂരം ചെന്നപ്പോൾ അച്ഛൻ നിന്നു. ചുറ്റും നോക്കി. വിജനം. മകളുടെ വാക്കുകൾ മനസ്സിൽ മുഴങ്ങി കേൾക്കുന്നു. ഒരു നിമിഷം അയാൾ ചിന്തിച്ചു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ തന്റെ കുടുംബത്തിന്റെ കാര്യം.. മകളുടെ പഠനം.. ചിന്തകൾ ഒന്നിന് മേൽ ഒന്നായി ഉള്ളിൽ നിറഞ്ഞു. ഭിത്തിയിൽ തൂങ്ങിയ തന്റെ ചിത്രം നോക്കി കരയുന്ന ഭാര്യയും മകളും.. പിന്നെ ഒന്നും നോക്കിയില്ല. നേരെ വീട്ടിലേക്ക്. കുളിച്ച് വൃത്തിയായി വസ്ത്രങ്ങളെല്ലാം അലക്കിയിട്ട് മുറിയിൽ കയറി. അമ്മയും മകളും പരസ്പരം നോക്കി. അവർ അച്ഛന്റെ അടുത്ത് ചെന്നിരുന്നു.
മകൾ: എന്താ അച്ഛാ..? ചോദിച്ചു തീരും മുൻപേ അയാൾ ഭാര്യയെയും മകളെയും കെട്ടിപ്പിടിച്ചു. "എന്നോട് നിങ്ങൾ ക്ഷമിക്കണം. തെറ്റാണ് ഞാൻ ചെയ്തത്. ഇനി ലോക്ഡൗൺ കഴിയും വരെ ഞാൻ പുറത്തിറങ്ങില്ല. താൻ പാതി ദൈവം പാതി എന്നാണല്ലോ. ഞാൻ എന്റെ കടമ ചെയ്യാം. ബാക്കി ദൈവം നോക്കും. " അച്ഛന്റെ വാക്കുകൾ അമ്മയും മകളും ഒരു ചിരിയോടെ കേട്ടു .
സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ