സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അക്ഷരവൃക്ഷം/ഒരു കൊറോണ കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാഴ്ച

റോഡുകളും ചെറു ചേരികളും.. എല്ലാം വിജനമാണ്. മനുഷ്യർ തിങ്ങി പാർക്കുന്ന ഇടങ്ങളിലെല്ലാം കെട്ടിടങ്ങൾ മാത്രം ഉള്ളത് പോലെ. മനുഷ്യരുടെ ശബ്ദവും വാഹനങ്ങളുടെ ശബ്ദവും ഒന്നുമില്ല. അന്തരീക്ഷം വളരെ ശാന്തമായിരുന്നു.

എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഈ കാഴ്ചകൾ കാണുന്നത്. പക്ഷെ.. ഒന്ന് രണ്ടിടങ്ങളിൽ ഒരുപോലെ ഉള്ള കുപ്പായമിട്ട് നിൽക്കുന്ന കുറച്ച് മനുഷ്യരെ കാണാം. അവർ എന്താണ് ചെയ്യുന്നത്? ഒരു വാഹനം വരുന്നുണ്ടല്ലോ ! എന്തായാലും ഒന്ന് നോക്കി കളയാം.
"ആ... നിർത്ത്.. നിർത്ത്
മ്.. എവിടെക്കാ ?”
കുപ്പായക്കാരിൽ ഒരാൾ വാഹനത്തിൽ ഉണ്ടായിരുന്ന ആളോട് ചോദിച്ചു.
"അത് പിന്നെ... സാർ.. പള്ളിയിലേക്ക് പോകാൻ ...”
"കൊള്ളാം... താനെന്താടോ ന്യൂസൊന്നും കാണാറില്ലേ? എടൊ .. ദൈവ വിശ്വാസം വേണം. പക്ഷെ ഈ സാഹചര്യത്തിൽ നമ്മുടെ എല്ലാവരുടെയും ദൈവം ആരോഗ്യ വകുപ്പും ഡോക്ടർമാരും നേഴ്‌സുമാരും ആണ്. നമ്മൾ അവരെയാണ് വിശ്വസിക്കേണ്ടത്. അതിനാൽ അവരും സർക്കാരും നൽകുന്ന ഓരോ നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്. അത് നമ്മുടെ കർത്തവ്യമാണ്. എന്തായാലും ചെറിയ ഒരു ശിക്ഷ.. ഈ വണ്ടി ഇവിടെ ഇരുന്നോട്ടെ. ഇനി ഇത് ആവർത്തിക്കരുത്. കേട്ടോ..?
കോൺസ്റ്റബിൾ, താണിയാളുടെ പേരും അഡ്രസ്സും എഴുതി എടുത്ത് ഈ വണ്ടി സ്റ്റേഷനിൽ കൊണ്ട് പോയി ഇട് .”
"യെസ് സാർ "

ഇവരെന്താ ഈ പറയുന്നത്..! ഈ സാഹചര്യമോ ! അപ്പൊ എന്തോ കാര്യമായിട്ടുണ്ടല്ലോ. ഇതിപ്പോ ആരോടാ ഒന്ന് ചോദിക്കാൻ പറ്റുക .. ആഹ്.. ചിലപ്പോൾ അമ്മു വേഴാമ്പലിനോട് ചോദിച്ചാൽ അറിയാൻ കഴിയുമായിരിക്കും. ചേച്ചി ആവുമ്പൊ സർക്കാരൊക്കെ ആയിട്ട് നല്ല ബന്ധമുള്ള ആളാ.. ഒന്ന് പോയി ചോദിച്ചു നോക്കാം.
"ചേച്ചീ .... ചേച്ചീ "
"ആരിത് ! കാക്കപ്പെണ്ണോ ! "
"എന്താ ഇത്ര രാവിലെ ?”
" ചേച്ചീ ഞാൻ വന്നതേ.. ഒരു കാര്യം അറിയാനാ."
"എന്താ കാര്യം? ചോദിച്ചോളൂ."
"അത് പിന്നെ.. ചേച്ചീ.. ഇവിടെ എന്താ സംഭവിച്ചത്? റോഡുകൾ എല്ലാം വിജനമായിരുന്നു. ആകാശത്തൂടെ പോകുന്ന വിമാനച്ചേട്ടനെയും കാണുന്നില്ല. "
"അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ? ഇവിടെ മാത്രമല്ല. ഇപ്പോൾ നമ്മുടെ ലോകം തന്നെ ഒരു വലിയ മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൊറോണ എന്നാണ് മഹാമാരിയുടെ പേര്. ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതി വേഗം പകർന്നു കൊണ്ടിരിക്കുകയാണ്. കുറെ മനുഷ്യർ ലോകത്താകമാനം മരിച്ചു കഴിഞ്ഞു. അതുകൊണ്ട് ഒരു സ്ഥലത്തും ആരും പുറത്തിറങ്ങാൻ പാടില്ല. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ഇരിക്കണമെന്ന കർശന നിർദ്ദേശമാ ഉള്ളത്.
അത് മാത്രമല്ല. ഈ രോഗത്തെ പ്രതിരോധിക്കുവാനുള്ള മരുന്നുകളും കണ്ടു പിടിക്കപ്പെട്ടിട്ടില്ല. ഏക മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. അത് തെറ്റിക്കുന്നവർക്കെതിരെ കർശന നടപടിയും ഉണ്ടാകും."
"അപ്പൊ ചേച്ചീ നമ്മൾ ഈ രോഗത്തെ തടയുകയില്ലേ?"
" തടയുക തന്നെ ചെയ്യും. അതിനാദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. പിന്നെ പരിസര ശുചിത്വവും. എങ്കിലേ നമുക്ക് ഈ മഹാമാരിയെ തടയാൻ കഴിയു. "
"നന്ദി അമ്മു ചേച്ചീ. എനിക്കിപ്പോഴാ കാര്യങ്ങൾ എല്ലാം മനസ്സിലായത്. "
"കാക്കപ്പെണ്ണിന് ഇപ്പോൾ ജോലിഭാരം കൂടുമല്ലോ.. നീയല്ലേ പരിസരം ശുചിയാക്കുന്ന ആൾ."
"ഇല്ല ചേച്ചീ. ഇപ്പോൾ മനുഷ്യർ തന്നെ അവരുടെ പരിസരവും പരിസ്ഥിതിയും എല്ലാം ശുചിയാക്കുകയാണ്. അതിനാൽ ഇപ്പോൾ എന്റെ ജോലി നഷ്ടപ്പെടുമോ എന്നാ എന്റെ പേടി.. !! ഹ..ഹ..


ദേവിക വിനോദ്
10 A സമൂഹം.എച്ച്.എസ്.എൻ .പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ