സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അക്ഷരവൃക്ഷം/അടച്ചിടലിൽ തുറന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
അടച്ചിടലിൽ തുറന്ന ലോകം


 അമ്മുക്കുട്ടി വലിയ സങ്കടത്തിലാണ്. സ്കൂളും ഓഫീസുമെല്ലാം പൂട്ടിയിരിക്കുകയാണ്. പക്ഷെ അവധിക്കാലം ആകുന്നതേയുള്ളൂ.  പിന്നെയെന്താണ് കാര്യം?  ലോകം മുഴുവനും, മനുഷ്യർക്ക്‌ കാണാൻ പോലും കഴിയാത്ത കുഞ്ഞു വൈറസായ കൊറോണ പരത്തുന്ന കോവിഡ് -19 കാരണം അടഞ്ഞുകിടക്കുകയാണ്!  വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നല്ലേ എല്ലാവരും പറയുന്നത്.  അതുകൊണ്ടിപ്പോൾ കഷ്ടമായി.  എല്ലാവരും വീട്ടിൽ ഉണ്ട്, അമ്മ, അച്ഛൻ, അമ്മമ്മ, അനിയത്തി, അനിയൻ, അമ്മാവൻ, അമ്മായി... എല്ലാവരും ഉണ്ട്. 
അമ്മയും അമ്മമ്മയും അമ്മായിയും മാങ്ങ, തേങ്ങ, ചക്ക തുടങ്ങിയ ഭക്ഷ്യ യോഗ്യമായ എല്ലാ സാധനങ്ങളും കൊണ്ട് രുചികരമായ വിഭവങ്ങൾ ആവശ്യത്തിന് മാത്രം ഉണ്ടാക്കുന്നു. അച്ഛനും അമ്മാവനും അവർക്കു വേണ്ട സാധനങ്ങൾ ഒക്കെ മാവിലും പ്ലാവിലും കയറിയും വല്ലപ്പോഴും കടയിൽ പോയും എത്തിച്ചു നൽകുന്നു.
കുട്ടികൾക്കു മാത്രം വല്ലാത്ത വിഷമം ആയിപ്പോയി. എത്ര നേരമെന്നു വച്ചാണ് ടി വി കണ്ടും മൊബൈൽ ഫോൺ നോക്കിയും പുസ്തകങ്ങൾ വായിച്ചും സമയം കളയുക. അവസാനം കുട്ടികൾ എല്ലാം തീരുമാനിച്ചു. പ്രതിഷേധിക്കണം! വീട്ടിലിങ്ങനെ കുത്തിയിരിക്കുന്നതിനെതിരെ പ്രതിഷേധിക്കണം. അവർ നേരെ വരാന്തയിലേക്ക് ചെന്നു.
അവിടെ നോക്കുമ്പോഴുണ്ട് അച്ഛനമ്മമാരും അമ്മമ്മയും കൊച്ചുവർത്തമാനം പറഞ്ഞിരിക്കുന്നു.
കുട്ടികൾ അവരോട് കാര്യം പറഞ്ഞു. "എത്ര നാളാണ് ഇങ്ങനെ വീട്ടിൽ വെറുതെ കഴിയുക. ഞങ്ങൾക്ക് ഇന്ന് പുറത്തേക്ക് പോകണം. പുറത്തു പോയേ തീരൂ!"
അച്ഛൻ ഉടൻ പറഞ്ഞു:" അതിനെന്താ ഇപ്പോൾതന്നെ പൊയ്ക്കോളൂ. ഈ വീട്ടിൽ ഇരുന്നിട്ടല്ലേ ബോറടിക്കുന്നത്. ആ പറമ്പിലേക്ക് പൊയ്ക്കോളൂ."
അതൊരു നല്ല ആശയമായി കുട്ടികൾക്ക് തോന്നി. അവർ വീടിന്റെ പറമ്പിലേക്ക് പാഞ്ഞു.
കുട്ടികൾ അത്ഭുതപ്പെട്ടു. ഇങ്ങനെ ഒരു ലോകം വീടിന്റെ പരിസരത്തു തന്നെ ഉണ്ടായിരുന്നോ? എന്നിട്ടാണോ ഇത്രയും നാൾ വീട്ടിൽ കുത്തിയിരുന്നത്! പറമ്പിലേക്ക് കയറിയപ്പോഴുണ്ട് തൊട്ടടുത്തു നിൽക്കുന്ന പൂത്ത കണിക്കൊന്ന മരത്തിൽ ഒരു കുയിൽ! അമ്മുക്കുട്ടിയും അനിയത്തിയും അറിയാതെ ചെന്ന് പിടിക്കാൻ നോക്കുമ്പോഴാണ് അനിയൻ ഓടിവന്ന് അതിനെ പേടിപ്പിച്ചു പറത്തി വിട്ടത്. പുളിമരത്തിൽ കുറെ നാൾ മുൻപ് കെട്ടിയ ഊഞ്ഞാൽ കണ്ടപ്പോൾ തന്നെ ആദ്യം അത് കിട്ടാനായി അമ്മുക്കുട്ടി ഓടിയത് വെറുതെ ആയി. ഓട്ടത്തിലും ചാട്ടത്തിലും എല്ലാം മിടുക്കിയായ അനിയത്തി ഊഞ്ഞാലിൽ കയറിയിരുന്നാടാൻ തുടങ്ങി.
അപ്പോൾ കാണുന്നു പറമ്പിലെ വലിയ കുളം! തവളകളും ചെറുമീനുകളും നീർക്കോലി പാമ്പുകളും സുഖമായി വസിക്കുന്ന കുളത്തിലേക്ക് അനിയൻ ചാടാനൊരുങ്ങി. ഉടൻ തന്നെ കുളത്തിലെ അന്തേവാസിയായ തവള കുഞ്ഞ് അവനു നേരെ ചാടിയതോടെ ആ പദ്ധതി ഉപേക്ഷിച്ചു. പറമ്പിന്റെ അതിരിലുള്ള മാവിൽ പഴുത്തതും പഴുക്കാത്തതുമായ നിരവധി മാങ്ങകൾ കണ്ടപ്പോൾ അവർക്ക് വായിൽ വെള്ളമൂറി.
പണ്ടേ പേടിത്തൊണ്ടനായ അനിയനോട് മാവിൽ കയറാൻ പറഞ്ഞപ്പോഴേക്കും പുള്ളി സ്ഥലം കാലിയാക്കി. അമ്മുക്കുട്ടി ഇത്തിരി ഉരുണ്ടിട്ടാണെങ്കിലും കണ്ട മരത്തിലും മതിലിലും കയറി നല്ല മുൻപരിചയം ഉള്ളതുകൊണ്ട് അവൾ തന്നെ മാവിൽ കയറി നല്ല പഴുത്ത മാങ്ങകൾ പറിച്ച് അനിയനും അനിയത്തിക്കും ഇട്ടുകൊടുത്തു. ഒരെണ്ണം അനിയന്റെ തലയ്ക്ക് തന്നെ എറിഞ്ഞു. മാവിൽ കയറാൻ പറഞ്ഞപ്പോൾ മടി കാണിച്ചവൻ മാമ്പഴം വീണപ്പോൾ ഓടി വന്നെടുക്കുന്നു. മാങ്ങയും കൊണ്ട് വീട്ടിലെത്തിയപ്പോഴുണ്ട് പണ്ടേ ചിത്രങ്ങൾ വരയ്ക്കാൻ മിടുക്കുള്ള അമ്മ വീടിന്റെ ചുമരിൽ ആകെ ചിത്രങ്ങൾ വരച്ചിരിക്കുന്നു. ഇത്തിരി മുമ്പേ വിളിച്ചിരുന്നെങ്കിൽ ഞാനും വന്നു കുറച്ചുകൂടി നന്നാക്കിയേനെ എന്ന് അനിയൻ.
അപ്പോൾ അമ്മുക്കുട്ടി ആണ് അത് ആദ്യം കണ്ടത്. വരാന്തയിലെ തൂക്കുവിളക്കിൽ വന്നു കൂട് കൂട്ടിയിരിക്കുന്നു രണ്ട് ഇരട്ടത്തലച്ചികൾ. അനിയത്തി അരമതിലിൽ കയറി നോക്കുമ്പോഴുണ്ട് രണ്ടല്ല മൂന്ന് പേരുണ്ട്. ഒരു കുഞ്ഞിക്കിളിയും കൂടിയുണ്ട് അവിടെ.
എല്ലാവരും കൂടി മാവിൽ നിന്ന് പറിച്ച മാങ്ങ രുചിയോടെ തിന്നു കൊണ്ടിരിക്കുമ്പോൾ അമ്മുക്കുട്ടി ആലോചിച്ചു. ഈ പറമ്പും കിളികളും ശബ്ദവുമെല്ലാം ഇതിനുമുമ്പും ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും കാണാൻ ആർക്കും സമയം ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാവർക്കും വേണ്ടുവോളം സമയം ഉണ്ട്. കോവിഡ് ഭീഷണിയുടെ കാലത്ത് ആണെങ്കിലും നമ്മുടെ വീട്ടുപരിസരത്തെ പ്രകൃതി ആസ്വദിക്കാനും വീട്ടിൽ ഉള്ളവരോട് വിശേഷം പറയാനും രുചികരമായ, വീട്ടു വളപ്പിൽ തന്നെ ഉണ്ടാവുന്ന ഭക്ഷ്യവസ്തുക്കൾ കഴിക്കുവാനും എല്ലാം കഴിയുന്ന മനോഹരമായ ഒരു കാലമായി നമുക്കിതിനെ മാറ്റിക്കൂടെ. സാമൂഹിക അകലം പാലിച്ച് കൊറോണ എന്ന മഹാമാരിയെ ഇവിടെനിന്നും ഓടിക്കാനുമാകും.
മേധാ സ്വാതി ജെ
8 A സമൂഹം.എച്ച്.എസ്.എൻ .പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - DEV തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ