സത്യമേവ ജയതേ - ഡിജിറ്റൽ സാക്ഷരത ക്യാമ്പയിൻ : മുഖ്യമന്ത്രിയുടെ പത്തിന കർമ്മപരിപാടിയുടെ ഭാഗം.
മുഖ്യമന്തിയുടെ പത്തിന കർമ്മപരിപാടികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും വിദ്യാഭ്യാസ മേഖലയിൽ ആധുനികകാലത്ത് വളരെ ഗൗരവതരമായി പരിഗണിക്കേണ്ടതുമായ ഒരു പദ്ധതിയാണ് 'സത്യമേവ ജയതേ’ എന്ന പേരിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞം. കൊച്ചി സൗദി ലൊരേറ്റോ ആംഗ്ലോ-ഇന്ത്യൻ ഹൈസ്കൂളിൽ അതിന്റെ ഭാഗമായി അദ്ധ്യാപകർക്കും പിന്നീട് കുട്ടികൾക്കുമുള്ള പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടു. 2021 ജനുവരി 3 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.30യ്ക്ക് അദ്ധ്യാപകർക്കും അതേത്തുടർന്ന് പിറ്റേ ദിവസം മുതൽ ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികൾക്കും പ്രസ്തുത വിഷയത്തിൽ അവബോധം നൽകി.
ബഹു. HM ശ്രീമതി. പ്രിയദർശിനി ടീച്ചർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും നമ്മുടെ ജീവിതത്തെ അങ്ങേയറ്റം സ്വാധീനിക്കുന്ന ഈ കോവിഡ് കാലത്ത് ശരിയായ ഡിജിറ്റൽ പരിജ്ഞാനം ആവശ്യമാണ്, പലപ്പോഴും അറില്ലായ്മയും അൽപ്പജ്ഞാനവും നമ്മെ ആപത്തിൽ കൊണ്ടുചെന്ന് എത്തിച്ചേക്കാം. നിത്യജീവിതത്തിലെ അത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ ശരിയായ ഡിജിറ്റൽ അവബോധവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്ന് പ്രിയദർശിനി ടീച്ചർ ഉദ്ഘാടനവേളയിൽ അഭിപ്രായപ്പെട്ടു.
തുടർന്ന് കൈറ്റിന്റെ ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുത്ത റിസോഴ്സ് അദ്ധ്യാപകൻ മെൽസൻ സർ സ്കൂളിലെ മറ്റ് അദ്ധ്യാപകർക്കുള്ള ക്ലാസ്സ് നൽകുകയുണ്ടായി. സത്യമേവ ജയതേ പരിപാടിയുടെ മോഡ്യൂളിനെ ആസ്പദമാക്കി ഇന്റർനെറ്റ് നിത്യജീവിതത്തിൽ, സോഷ്യൽ മീഡിയ, സോഷ്യൽ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം മുതലായ വിഷയങ്ങളിൽ അദ്ദേഹം ക്ലാസ്സ് നൽകുകയുണ്ടായി. പരസ്പര സംവേദനത്തിൽ ഊന്നിയ ഇന്ററാക്ഷൻ രീതിയിലാണ് പരിശീലനം സംഘടിപ്പിച്ചത്.
ആശയങ്ങൾ ഗുണപരമായ രീതിയിൽ കൈമാറ്റം ചെയ്യപ്പെട്ടതിലൂടെ എല്ലാവർക്കും പ്രസ്തുത വിഷയത്തിൽ പുതിയൊരു തിരിച്ചറിവ് രൂപപ്പെടുത്തിയെടുക്കാൻ സാധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കുട്ടികളിലേക്കും ആ തിരിച്ചറിവ് പകരാൻ കഴിഞ്ഞു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിഭാഗം കുട്ടികൾ പ്രത്യേകമായ വിധത്തിൽ ഈ പരിശീലന പരിപാടിയുടെ ഭാഗമായിക്കൊണ്ട് മറ്റു കുട്ടികളിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിന് അദ്ധ്യാപകരെ സഹായിച്ചു. എല്ലാ രീതിയിലും 'സത്യമേവ ജയതേ' എന്ന ഈ പരിശീലന യജ്ഞം അതിന്റെ പ്രതീക്ഷിത ലക്ഷ്യങ്ങളിലേക്ക് ആദ്യ ചുവടുവച്ചു.