സംസ്കാരം
ആമുഖം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. ഈ സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു. നാട്ടു പേരുകളിൽ ഓരോന്നിനും സൂക്ഷ്മപരിശോധനയിൽ ഓരോ കഥയും ചരിത്രവും ആകാം. അതിന്റെ സ്രോതസ്സ് സ്മൃതികളുമായും അനുഷ്ഠാന കർമങ്ങളുമായും കാർഷിക സംസ്കൃതിയുമായും ഫ്യൂഡൽ സംമ്പ്രദായങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. പല നാട്ടു പേരുകളും എന്നപോലെ ഇളമ്പ എന്ന പ്രദേശത്തിന്റെ സ്ഥലനാമങ്ങളുടെ പൊരുൾ അന്വേഷിക്കുമ്പോൾ ചെന്നെത്താനാവുക ഈ നിഗമനത്തിലേക്കാണ്. താഴെ ഇളമ്പ ശിവക്ഷത്രത്തിനു സമീപം ഇളമ്പയിൽ പണ്ടാരം എന്ന ധനിക ബ്രാഹ്മണ കുടുംബം എല്ലാ പ്രതാപൈശ്വര്യത്താലും കഴിഞ്ഞിരുന്നത്രേ. അന്ന് നാടിന്റെ കുലപതികളായിചമഞ്ഞിരുന്ന ആ കുടുംമ്പം താൻപോരിമയിൽ അഹങ്കരിച്ച് മുച്ചൂടും നശിച്ചു. സാമ്പത്തികമായി തകർന്ന് നാമാവശേഷമായിപ്പോയ ഇളമ്പയിൽ പണ്ടാരം എന്ന ഇല്ലത്തിന്റെ പേരിലാണ് പിന്നീട് ഈ പ്രദേശം അറിയപ്പെടുന്നതെന്ന് പഴമക്കാർ പറയുന്നു. അതല്ല ഇളന്നപ്രദേശം അതായത് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കുന്നും മലകളും സാമാന്യം കുറഞ്ഞ് നിരന്നപ്രദേശം എന്ന അർത്ഥത്തിലാവാം ഇളമ്പയ്ക്ക് ആ പേര് സിദ്ധിച്ചതെന്നാണ് മറ്റൊരു പണ്ഡിതവാദം.
ശ്രീപത്മനാഭദാസർ കൈവശം വച്ചിരുന്ന ഈ പ്രദേശത്ത് ശ്രീപാദം, ശ്രീഭണ്ഡാരം, ദേവസ്വം, ബ്രഹ്മസ്വം വക ഭൂമികളാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുത്തമ്പി ദളവ കിളിമാനൂരിലേക്കും മണ്ണടിയിലേക്കും യാത്ര നടത്തിയത് ഇവിടത്തെ രാജപാതയിലൂടെയാണ്. മാർത്താണ്ഡവർമയുടെ അധീനതയിൽ പിന്നീട് ഈ പ്രദേശം എത്തപ്പെട്ടു. ഇളമ്പയുടെ അയൽ പ്രദേശങ്ങളായ അയിലം, ഊരുപൊയ്ക, ചെമ്പൂര് മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവ സാംസ്കാരികമായ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ നാട് മതസൗഹാർദത്തിന് ഉത്തമ മാതൃകയാണ്. സാംസ്കാരികപ്രവർത്തനവും വിദ്യാഭ്യാസ പ്രവർത്തനവും ആ കാലം മുതൽക്കേ ആരംഭിച്ചു. അക്കാലത്ത് ഇളമ്പയിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പ്രൈമറി വിദ്യാലയമായും പിന്നീട് അപ്പർ പ്രൈമറി ഹൈസ്കൂൾ എന്നീ നിലകളിൽ ഉയർന്ന് ഇന്ന് ഹയർ സെക്കൻഡറി തലത്തിൽ വരെ എത്തി നിൽക്കുന്നത്.
ഭൂപ്രകൃതി

കുന്നുകളുടെ മനോഹാരിതയും സമതലങ്ങളുടെ ഐശ്വര്യവും വയലേലകളുടെ പച്ചപ്പു കൊണ്ടും മനോഹരമായ ഒരു കൊച്ചു പ്രദേശമാണ് ഇളമ്പ ഗ്രാമം. കിണറുകളും തോടുകളും കുളങ്ങളും ആണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകൾ. ചെമ്മണ്ണ് വെട്ടുകൽമണ്ണ് ചരൽ മണ്ണ് പശിമരാശി മണ്ണ് മണലും ചരലും ചേർന്ന മണ്ണ് കരിമണ്ണ് എന്നിവയാൽ ഈ പ്രദേശം സമൃദ്ധമാണ്. നാണ്യവിളയായ റബ്ബർ കൃഷിക്ക് പുറമേ നെല്ല്, കുരുമുളക്, തെങ്ങ്, പച്ചക്കറികൾ, വാഴ, കശുമാവ് വെറ്റില എന്നിവ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് അനുകൂലമായ ഭൂപ്രകൃതിയും കാലാവസ്ഥയും ആണ് ഇവിടുത്തേത്. ജലസേചനസൗകര്യം വർദ്ധിപ്പിച്ചും കൃഷിക്ക് പ്രോത്സാഹനം നൽകിയും ഈ പ്രദേശത്തിന്റെ ഫലഭൂയിഷ്ടത പരമാവധി ചൂഷണം ചെയ്യാവുന്നതാണ്. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത, ഉയർന്ന പ്രദേശത്തെ കുടിവെള്ള ക്ഷാമം, വിപണന സംവിധാനത്തിലെ അശാസ്ത്രീയത, മണ്ണൊലിപ്പ് എന്നിവയാണ് ഈ ഭൂമി നേരിടുന്ന പ്രധാന വെല്ലുവിളികൾ.
ചരിത്രസ്മാരകങ്ങൾ

1894 ബ്രിട്ടീഷുകാരുടെ കാലത്ത് കാർഷിക ആവശ്യത്തിനായി നിർമ്മിക്കപ്പെട്ട, അണക്കെട്ടിന്റെ മാതൃകയിലുള്ള അണക്കെട്ട് ഈ പ്രദേശത്തിന്റെ കാഷിക പാരമ്പര്യത്തിന്റെ ശേഷിപ്പുകളാണ്. അണക്കെട്ടുകളിലുള്ള മൂന്ന് ചതുരദ്വാരത്തിലൂടെയാണ് ജലം താഴേക്ക് ഒഴുകുന്നത്. ചതുരദ്വാരങ്ങൾ ചീപ്പുപലകകൊണ്ട് അടച്ചാണ് ജലം കെട്ടിനിർത്തുന്നത്. സിമന്റ് ഉപയോഗിക്കാതെ ആറ് അടി നീളവും ഒന്നര അടി വീതിയുമുള്ള കല്ലുകൾ കൊണ്ട് നിർമ്മിച്ച അണക്കെട്ട് അന്നത്തെ നിർമ്മാണ മികവിന്റെ കാണപ്പെടുന്ന സാക്ഷ്യങ്ങളാണ്. ഇരുമ്പ് പട്ടയും ലോഹക്കൂട്ടും ഉപയോഗിച്ചാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.
-
1894
-
അണക്കെട്ട്
-
ചീർപ്പ് പലക
-
നിർമ്മാണവൈദഗ്ധ്യം

ആനൂപ്പാറ വഴിയമ്പലം
ഇളമ്പ പ്രദേശത്തോട് ചേർന്നാണ് രാജപാത കടന്നുപോയിരുന്നത് ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വേലുത്തമ്പിദളവ മണ്ണടിയിലേക്ക് നടത്തിയ അവസാന യാത്ര ഈ രാജപാതയിൽ കൂടിയായിരുന്നു. യാത്രയിൽ അദ്ദേഹം വി ശ്രമിച്ചതായി പറയപ്പെടുന്ന വഴിയമ്പലം ഈ ഗ്രാമാതിർത്തിയിലാണ്. മനോഹരമായ കൊത്തുപണികൾചെയ് പണിചഴിച്ചിട്ടുള്ള ഒരു കൽമണ്ഡപമാണിത്. ഈ വഴിയമ്പലത്തിന് മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ടും ഒരു ചരിത്രമുണ്ട്. എട്ടുവീട്ടിൽ പിള്ളമാരും മാർത്താണ്ഡവർമ്മയും തമ്മിൽ ഇവിടെവച്ച് സംഘട്ടനമുണ്ടായി എന്ന് പറയപ്പെടുന്നു. പ്രദേശത്തെ വില്ലാശാൻമാരാണ് ഒളിപ്പോരിലൂടെ അദ്ദേഹത്തെ സഹായിച്ചതത്രേ. അതിനവർക്ക് പാരിതോഷികം ലഭിച്ചിട്ടുള്ളതായി പഴമക്കാർ പറയുന്നു. ഇതൊരു ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
കല്ലറ മഠം - ഐതിഹ്യം
എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് മാർത്താണ്ഡവർമ്മ മഹാരാജാവ് കല്ലറ മഠത്തിൽ അഭയം പ്രാപിക്കുകയും ആയതിന് പ്രത്യുപകാരമായി ആ മഠത്തിൽ ഇരുന്ന് നോക്കിയാൽ കാണാവുന്ന പ്രദേശം മുഴുവൻ കരം ഒഴിവാക്കി മഠത്തിന് നൽകുകയും ചെയ്തിരുന്നു എന്നാണ് ഐതിഹ്യം. നാനാജാതി മതസ്ഥരായ ജനങ്ങൾ പരസ്പരം സാഹോദര്യത്തോടെ വസിക്കുന്ന ഭൂപ്രദേശമാണിത് ഇളമ്പ. ഭൂരിഭാഗവും ഹൈന്ദവ വിശ്വാസികളാണ്. മുസ്ലിം ജനവിഭാഗവും വളരെ കൂടുതലുണ്ട്. എന്നാൽ ക്രൈസ്തവർ താരതമ്യേന കുറവാണ്.
സാംസ്കാരിക പൈതൃകം

മഹത്തായ ഒരു സാംസ്കാരിക പൈതൃകം ഉണ്ട് ഈ പ്രദേശത്തിന്. ഇവിടെ പൗരാണിക ക്ഷേത്രങ്ങളുടെ ഒരു നിരതന്നെ ഉണ്ടിവിടെ. ഇളമ്പ ഏറത്ത് പള്ളിയുടെ ഭഗവതി ക്ഷേത്രത്തിൽ നടത്തിവരാറുള്ള കാളിയൂട്ട് മഹോത്സവം തിരുവനന്തപുരത്ത് ഏറെ പ്രസിദ്ധമാണ്. കൂടാതെ മുദാക്കൽ അമുന്തിരത്ത് ക്ഷേത്രം, ഹനുമാൻ ക്ഷേത്രവുമുണ്ട്. അയിലം ശിവക്ഷേത്രത്തിന് സമീപം ഐതിഹ്യങ്ങളുടെ ഭാഗമായ ഒരിക്കലും പറ്റാത്ത ഒരു ജലസ്രോതസുണ്ട്. കൽകണ്ടം എന്നാ അതിനെ വിളിച്ചുവരുന്നത്. അയിലം ശിവക്ഷേത്രത്തിൽ തടിപ്പണിക്കുവന്ന ആശാരിമാർ മാസങ്ങളോളം വ്രതാനുഷ്ഠാനങ്ങളിലൂടെ പണി ചെയ്തുവരികയായിരുന്നു. പണി നിർത്തിവെക്കണമെന്നും കുടുംബത്തിൽ പോയി മത്സ്യം ഭക്ഷിക്കണം എന്നുള്ള ആഗ്രഹം അവർ പൂജാരിയെ അറിയിച്ചു. അദ്ദേഹം വയലിൽ കടൽ സൃഷ്ടിച്ച് അയലമീൻ പ്രത്യക്ഷപ്പെടുത്തിയത്രേ. ആശാരിമാർ മീൻ ഭക്ഷിച്ചതും കടൽ അപ്രത്യക്ഷമായി. വയലിന്റെ കുറച്ചുഭാഗം ഇന്നും ഉപ്പുരസമുള്ള കടൽക്കണ്ടമായി കാണപ്പെടുന്നു. പിൽക്കാലത്ത് ഈ പ്രദേശത്തിന് അയിലം എന്ന പേര് ലഭിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
കലാരൂപങ്ങൾ


കീഴാളരുടെ തനത് കലാരൂപങ്ങൾ ആയ കമ്പടികളി, തേരുവിളക്ക് കളി തുടങ്ങിയ വിയർപ്പിന്റെ ഗന്ധമടങ്ങിയ കലാരൂപങ്ങൾ മേലാളരുടെ ഉത്സവാഘോഷങ്ങളിലും അവതരിപ്പിച്ചിരുന്നു. ഇളമ്പ പള്ളിയറ ക്ഷേത്രത്തിൽ മൂന്നുവർഷത്തിലൊരിക്കൽ മാത്രം നടത്തപ്പെടുന്ന അതിവിശിഷ്ടമായ കാളിയൂട്ട് മഹോത്സവം ഈ പ്രദേശത്തെ ജനങ്ങളെ മാത്രമല്ല കാതങ്ങൾക്കപ്പുറമുള്ളവരെ പോലും ആകർഷിച്ചുകൊണ്ടിരിക്കുന്നു. താഴെ ക്ഷേത്രത്തോട് ചേർന്ന് ഒരു പള്ളിയറ ഉണ്ടായിരുന്നു.

ഇളമ്പ ഏറത്ത് പള്ളിയറ ക്ഷേത്രത്തോടനുബന്ധിച്ച് പ്രമാണിമാരായ ഇളമ്പയിൽ പോറ്റിമാരുടെ ഗ്രാമം സ്ഥിതി ചെയ്തിരുന്നു. എട്ടുവീട്ടിൽ പിള്ളമാരോടു ചേർന്ന് പോറ്റിമാർ മാർത്താണ്ഡവർമ്മയ്ക്കെതിരായി കലാപമുണ്ടാക്കിയതിന്റെ ഫലമായി മാർത്താണ്ഡവർമ്മ അധികാരം ഉറപ്പിച്ച ശേഷം പോറ്റിമാരുടെ വംശം നശിപ്പിച്ചതായും അതോടെ താഴെ ഇളമ്പയുടെ പ്രൗഢി നഷ്ടപ്പെടുകയും തുടർന്ന് പള്ളിയറക്ഷേത്രം കൊട്ടാരത്തിന് സഹായത്തോടെ സ്ഥാപിതമായി എന്നും അനന്തരം കാളിയൂട്ട് മഹോത്സവം ആരംഭിച്ചു എന്നു പറയുന്നു. ആരാധനാലയങ്ങളിൽ ഹൈന്ദവക്ഷേത്രങ്ങളാണ് മുൻനിരയിൽ. അതിൽ തന്നെ സവർണ്ണ അവർണ്ണ ചേരിതിരിവും നിലനിന്നിരുന്നു ക്ഷേത്രങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം മുമ്പുണ്ടായിരുന്ന നാഗമഠം കാവുകളും കുളങ്ങളും പൂർണമായി കുറഞ്ഞു വന്നിരിക്കുന്നു. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ മൂലം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

പഴയ പരമ്പരാഗത കാവുകൾ മാറ്റി പുതിയ ക്ഷേത്രങ്ങൾ പണിതതോടുകൂടി കാവുകളോടനുബന്ധിച്ച് ഉണ്ടായിരുന്നു കുളങ്ങളും അപ്രത്യക്ഷമായി. അത് പരിസ്ഥിതിയെ സാരമായി ബാധിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി കാവുകളും കുളങ്ങളും നിലനിർത്തേണ്ടതുണ്ട്. ഉത്സവങ്ങൾ പ്രധാനമായും ഹൈന്ദവക്ഷേത്രങ്ങളിലാണ് ആഘോഷിക്കപ്പെട്ടിരുന്നത്. ചെറുതും വലുതുമായ അനവധി ഉത്സവങ്ങൾ നടന്നുവരുന്നു. മുഴുവൻ ജനങ്ങളെയും ആകർഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ഉത്സവപറമ്പുകളിൽ അരങ്ങേറുന്നത്. ജാതിമതഭേദമെന്യേ ജനങ്ങൾ അവിടെ സമ്മേളിക്കുന്നു.