വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്


അതിജീവനത്തിന്റെ നാൾ വഴികൾ

Covid മഹാമാരി താണ്ഡവം ആടുമ്പോഴും ലോകരാഷ്ട്രങ്ങൾ എന്ത്‌ ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ്. ഇത് വരെ വന്നിരിക്കുന്ന കണക്കുകൾ ഇനി വരാനുള്ളത് ഇതിലും ദുഷ്കരമായ നാളുകൾ ആണെന്ന് സാക്ഷ്യപ്പെടുത്തുന്നു.വ്യക്തിശുചിത്വം പാലിക്കുക മാത്രമാണ് കൊറോണയെ പ്രതിരോധിക്കുവാനുള്ള ഏക മാർഗ്ഗമെന്ന് WHO സാക്ഷ്യപ്പെടുത്തുന്നു.കൃത്യമായ രോഗപ്രതിവിധി ഇല്ലാത്തതിനാൽ ഇതിന്റെ തീവ്രത അളന്നറിയാൻ ആവില്ല.യൂറോപ്യൻ സമ്പദ്ഘടന മുഴുവൻ ഈ സൂക്ഷ്മാണുവിൻ്റെ പ്രഹരമേറ്റ് കൂപ്പുകുത്തുകയാണെന്ന സത്യം ഭയത്തോടെ മാത്രമേ നമുക്ക് ഓർക്കാനാകൂ,.ഒരു ജീവിതം കൊണ്ട് ഓടിത്തീർത്ത് ഉണ്ടാക്കിയ സൗധങ്ങളും മണിമാളികകളുമെല്ലാം മറന്ന് സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ ജീവനുവേണ്ടി ദൈവത്തിന് മുന്നിൽ കേഴുകയാണ്. ലോക് ഡൗൺ പ്രഖ്യാപിച്ച് രാജ്യങ്ങൾ മുഴുവൻ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയപ്പോഴും പലയിടങ്ങളിലും കോവിഡ് 19 പടർന്നു കൊണ്ടേയിരുന്നു. ചൈനയിലെ വുഹാനിൽ ഉത്ഭവിെച്ചെന്നു കരുതപ്പെടുന്ന വൈസിൻ്റെ യഥാർത്ഥ പ്രഭവസ്ഥാനം ഇതുവരെ തീർച്ചപ്പെടുത്തിയിട്ടില്ല. നിമിഷ നാളുകൾകൊണ്ട് ലോകമൊട്ടാകെ തൻ്റെ വരുതിയിലാക്കിയ ഈ ഭീകരനെ തളയ്ക്കുവാൻ ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വരുമെന്നതിൽ സംശയം വേണ്ട.ഇങ്ങിനെ യുള്ള സ്ഥിതിഗതികൾ ലോകത്തു മാറിമറിയുമ്പോഴും ഇന്ത്യയിൽ ആദ്യമായി covid 19 റിപ്പോർട്ട്‌ ചെയ്ത കേരളം ഇന്ന് രോഗമുക്തിയിലേക്ക് കുതിക്കുകയാണ്.ആരോഗ്യ. പ്രവർത്തകരും മറ്റു സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളുമൊത്ത്ചേർന്ന് അക്ഷീണം പ്രവർത്തിക്കുന്നതിൻ്റെ ഫലമാണ് നാം ഇവിടെ കാണുന്നത്.ജനങ്ങൾ സർക്കാർ നൽകിയ നിയന്ത്രണങ്ങളോടും നിർദ്ദേശങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചതോടെ നമ്മുടെ കൊച്ചു കേരളം ലോകത്തിന് മുന്നിൽ മാതൃകയായി മാറുകയാണ്. ഇത് ആദ്യമായല്ല കേരളം ഇത്തരം അത്ഭുതപ്രവർത്തനങ്ങൾ നടത്തുന്നത്. മനുഷ്യരാശിയെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന്റെ പ്രസരണവും കഴിഞ്ഞ കാലയളവിൽ കേരളത്തിൽ നമുക്ക് പിടിച്ചു കെട്ടാനായിട്ടുണ്ട്.

ലോക്ക്ഡൌൺ സമയത്തു മലയാളികളുടെ ഭക്ഷണരീതികളിൽ ഉണ്ടായ പ്രകടമായ വ്യത്യാസം എടുത്ത് പറയേണ്ടതാണ്.ഓൺലൈൻ ഫുഡ്‌ ഡെലിവറിയും ഭക്ഷണശാലകളും അടച്ചു പൂട്ടിയതോടെ ഫാസ്റ്റ്ഫുഡും ജങ്ക്ഫുഡും നമ്മുടെ ഉള്ളിലേക്ക് എത്തുന്നത് ഇല്ലാതായി എന്ന് പറയാം.ചക്കയുടെ സീസൺ ആയതിനാൽ എല്ലാ യിടങ്ങളിലും ഇത് വ്യാപകമായി ഭക്ഷണത്തിനായി വിനിയോഗിക്കുന്നു. രോഗപ്രതിരോധശേഷി കൈ വരുത്തുമെന്ന് മാത്രമല്ല മാനസികമായ സുസ്ഥിതി കൂടി ഇത്തരം പാരമ്പര്യ ഭക്ഷണരീതികളിലൂടെ നമുക്ക് കൈവരും. മാത്രമല്ല മാറിക്കൊണ്ടിരിക്കുന്ന മലയാളികളുടെ പുത്തൻ ഭക്ഷണശൈലികളിലേക്കുള്ളരു തിരിഞ്ഞുനോട്ടവും ലോക്ക്ഡൌൺ സമയത്തു സാധ്യമാണ്.സ്ഥല പരിമിതിയും ജനബാഹുല്യവും മറ്റും ഒരു വിഷയമാണെങ്കിൽ കൂടിയും ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഓരോ വീട്ടിലും ഉണ്ടാക്കാൻ ആകുമെന്ന തിരിച്ചറിവിലേക്ക് നാം എത്തേണ്ടതാണ്. വീട്ടിൽ ഇരുന്ന് വ്യായാമ മുറകൾ ചെയ്യാനാകുന്നതിനാൽ അമിതവണ്ണത്തിൻ്റെ പേടിയും വേണ്ട.

ജനങ്ങൾ ലോക്ക് ഡൌൺനോട്‌ സഹകരിച്ചു വീട്ടിൽ ഇരിക്കുമ്പോഴും സുരക്ഷ ഉറപ്പ് വരുത്താൻ പരക്കം പായുന്ന ഉദ്യോഗസ്‌ഥവൃന്ദങ്ങളും സ്വന്തം സുരക്ഷയും കുടുംബവും വെടിഞ്ഞു സദാ സമയം രോഗികളെ പരിപാലിക്കുന്ന ആരോഗ്യപ്രവർത്തകരും അതിഥി തൊഴിലാളികൾക്കും അശരണർക്കും വേണ്ട സേവനങ്ങൾ പ്രദാനം ചെയ്യുന്ന കാരുണ്യപ്രവർത്തകരും ജനങ്ങൾക്കു വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകി കൊണ്ടിരിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളും മതപരമായ ചടങ്ങുകൾക്കു വിലക്ക് കല്പിച്ച മതാചാര്യൻമാരും ഒക്കെ ചേർന്നതാണ് നമ്മുടെ പ്രതിരോധത്തിന്റെ നേടുംതൂൺ. ഇന്നത്തെ സ്ഥിതിഗതികളുടെ ഗൗരവം ഏറെ കണക്കിലെടുത്ത് കൊണ്ട് തന്നെ യാണ് അവർ ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നത്. ലോക്ക്ഡൌൺ ൽ നിന്നു അൽപ മൊന്നു മനസ്സ് തണുപ്പിക്കാൻ പുറത്തിറങ്ങുന്ന ചെറിയ ഒരു വിഭാഗം ജനങ്ങൾ പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ ചെന്ന് പെട്ടാൽ അത്‌ അവരിൽ നീരസം ഉണ്ടാക്കിയേക്കാം എന്നാൽ ചെറിയ അശ്രദ്ധകൾ പോലും പ്രതിരോധത്തെ സാരമായി ബാധിക്കും എന്ന വസ്തുത ഉദിക്കുമ്പോൾ അവിടെ അത്തരം നീരസങ്ങൾക്കു പ്രാധാന്യം ഇല്ല. രണ്ടു മാസത്തിലേറെയായി ഔദ്യോഗിക സംവിധാനങ്ങളും,മാധ്യമങ്ങളും അതീവ ശ്രദ്ധയോടെ,സാമൂഹിക പ്രതിബദ്ധതയോടെ ഒന്നിച്ചു നടത്തിയ പ്രവർത്തനങ്ങളിലൂടെ മാത്രമാണ് രോഗപ്രതിരോധത്തിന്റെ തോത് നിയന്ത്രണവിധേയമാക്കാനായത്. ലോക്ക് ഡൌൺ പൂർണ്ണമായി പിൻവലിക്കണമെങ്കിൽ അതാത് പ്രദേശത്തെ ജനസാന്ദ്രതയും പകർച്ചസാധ്യതയും, രോഗഭീഷണിയും കണക്കിലെടുക്കേണ്ടതാണ്. അത്‌ മൂലമുണ്ടാകുന്ന വൈഷമ്യങ്ങൾ പൊതുജനങ്ങൾ സ്വരക്ഷയേയും, ലോകരക്ഷയേയും കരുതി സഹിച്ചേ മതിയാകൂ..

അതിജീവനത്തിൻ്റെ പാതയിൽ അതിൻ്റെ പാരമ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന നമ്മുടെ ജനതയ്ക്ക് ഈ മഹാമാരിക്ക് ശേഷം നേരിടേണ്ടി വരാവുന്ന പ്രതിസന്ധികൾ എളുപ്പം അവഗണിക്കാനാകില്ല. സ്വന്തം നാടും, വീടും, ബന്ധുക്കളെയും വിട്ടകന്ന് വിദേശങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി ജനതയുടെ കാര്യം നാം എടുത്ത് ചിന്തിക്കേണ്ട വസ്തുതകളിൽ ഒന്നാണ്.

കേരളസ്സർക്കാരിൻ്റെ സമ്പദ്ഘടനയെ വലിയ ഒരു ഭാഗത്തോളം സ്വാധീനിച്ചിരിക്കുന്ന പ്രവാസികൾ ഇന്ന് കടുത്ത പ്രതിസന്ധി ആണ് നേരിടേണ്ടി വരുന്നത്. ഒരാളുടെ അനാസ്ഥ ഒരു നാടിനെ തന്നെ സാരമായി ബാധിക്കുമെന്ന ഭയപ്പെടുത്തുന്ന കാര്യം ഇന്ന് നമുക്കേവർക്കും അറിയാവുന്നതാണ്. അന്യരാജ്യങ്ങളിൽ കിടന്ന് കുടുംബത്തിനായി വേല ചെയ്യുന്നവരും, വിദ്യാർത്ഥികളുമടക്കം ഒരു വിഭാഗം അന്താരാഷ്ട്ര ഗതാഗത സൗകര്യങ്ങൾ നിലച്ചിരിക്കുന്നതിനാൽ അകപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ വച്ച് രോഗം ബാധിച്ച് മരിച്ച മലയാളികളേക്കാൾ, കൂടുതൽ കേരളീയർ വിദേശ രാജ്യങ്ങിൽ വച്ച് മരിച്ചിരിക്കുന്നു.അതു പോലെ വിദേശ രാഷ്ട്രങ്ങളിലെ രോഗത്തിനെതിരെയുള്ള പ്രതിരോധത്തിലെ പിഴവ് ചിലപ്പോൾ നമ്മുടെ പൗരൻമാരെ ബാധിക്കാനുള്ള സാധ്യതയും ഇല്ലാതാവുന്നില്ല.എന്നാൽ ഗതാഗത സർവീസ്കൾ ഉപയോഗിച്ച് ഇവരെ നാട്ടിലെത്തിക്കുക എന്നതും വലിയൊരു വെല്ലുവിളി ആണ്. അവർ താമസിച്ചിരുന്ന പ്രദേശത്തു നിന്ന് ആളുകളുമായുള്ള സമ്പർക്കം വഴി ആർക്കെങ്കിലും അതിൽ രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ സ്ഥിതി വളരെ ഗുരുതരമാകും. ഇപ്പോഴുള്ളതിനു വിപരീതമായി നാട്ടിൽ അരക്ഷിതാവസ്ഥ കടന്നു വരും. ഇതിനുള്ള എക പ്രതിവിധി വിദേശങ്ങളിൽ അവരുടെ പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്താനാകണം എന്നതാണ്‌. ഓരോ ജീവനും വിലപ്പെട്ടതാണെന്ന സാമാന്യ തത്വം അറിഞ്ഞവരാരും ഇതിനു വിപരീതമായി നില ' കൊള്ളില്ല. ഈയൊരു സന്ദർഭത്തിൽ അവരെ കൈയൊഴിയുക എന്നത് തെറ്റായ നടപടിയാണ്.ഇത് ഈ മഹാമാരിക്ക് ശേഷം കടന്നുവരുന്ന അനന്തര സ്ഥിതിഗതികളിൽ പ്രകടമാകാൻ ഇടയുണ്ട്. കോവിഡ് 19 നെ പ്രതിരോധിച്ച് തോൽപ്പിച്ചതിന് ശേഷം നാട്ടിൽ വരുന്ന പ്രവാസികളോട് ജനങ്ങൾ വിവേചനപരമായി പെരുമാറരുത് എന്ന് നാം കണക്കിലെടുക്കേണ്ട ഒന്നാണ്. മുൻപ് അവരോട് പെരുമാറിയിരുന്നത് പോലെ ഇപ്പോഴും നമുക്ക് പെരുമാറാനാകണം. അവരെ അകറ്റി നിർത്തുകയോ അവഗണിക്കുകയോ ചെയ്യരുത്. കാരണം അവരും നമ്മുടെ സഹോദരങ്ങളാണ്.ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ പ്രവാസികളുടെ ബന്ധുജനങ്ങൾക്ക് നവ മാധ്യമങ്ങൾ വഴി ബന്ധപ്പെടാവുന്നതാണ്.നമ്മുടെ അത്തരത്തിലുള്ള ആരായലുകളും കരുതലുകളും അവരിൽ മുന്നേറാനുള്ള ഊർജ്ജം നിറക്കുമെന്നത് ഉറപ്പാണ്.

ഇതിനു ശേഷം ലോക്ക് ഡൗൺ പിൻവലിച്ചാലും ജനങ്ങൾ തമ്മിൽ ഇപ്പോൾ പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യം കെട്ടുപോവാതെ നോക്കണം.ചപലമായ രാഷ്ട്രീയ പോർവിളികൾക്കും നമ്മുടെ സ്വാർത്ഥതയ്ക്കും നാം തുടർന്നും ലോക്ക് ഡൗൺ പ്രഖ്യാപിക്കണം. ഒരാപൽഘട്ടത്തിൽ നമ്മെ താങ്ങി നിർത്തിയ ആരോഗ്യ പ്രവർത്തകരേയും മറ്റ് ഉദ്യോഗസ്ഥരേയും മനസ്സാ നമിച്ചു കൊണ്ട് നെൽസൺ മണ്ടേലയുടെ വാക്കുകൾ നമുക്ക് ഓർക്കാം." ചെയ്തു കഴിയും വരെ ഏത് കാര്യവും അസംഭവ്യം എന്ന് തോന്നാം". ഈമഹാമാരിയെ കടിഞ്ഞാണിടുന്നതിൻ്റെ അവസാന ഘട്ടത്തിലേക്ക് നാം കടക്കുകയാണ്.തളർന്നു പോവാതിരിക്കാൻ....വഴിയിൽ വീണുപോവാതിരിക്കാൻ.... മുന്നോട്ട്....മുന്നോട്ട് എന്ന വാക്കുകൾ ജീവ മന്ത്രം പോലെ ഉരുവിടാം.ഒരു കോവിഡ് മുക്ത കേരളത്തിനായ്...... ലോകത്തിനായ്...

ലോകാ സമസ്താ സുഖിനോ ഭവന്തു,.......

അനന്തകൃഷ്ണൻ
11 A വിവേകോദയം ബോയ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം