വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/അണഞ്ഞ തിരിനാളം

Schoolwiki സംരംഭത്തിൽ നിന്ന്
അണഞ്ഞ തിരിനാളം

ഇറ്റലിയിലെ ആ ചെറിയ പട്ടണത്തിലുള്ള കൊച്ചു വീട്ടിലേക്ക് ആദിൽ മോൻ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. നേഴ്സായ അവന്റെ അമ്മ താരാട്ടി ന്റെ മധുരം നിറഞ്ഞ കൈകൾകൊണ്ടു അവനെ തലോടുകയായിരുന്നു. കേരളത്തിലെ കൊച്ചു ഗ്രാമത്തിലേക്ക് കുഞ്ഞിനും ഭർത്താവിനുമൊപ്പം പോകാൻ അവളുടെ മനസ്സ് തുടിക്കുന്നുണ്ടായി രുന്നു. ആ സ്പന്ദനം ആദിൽ മോനും അറിഞ്ഞു എന്ന് തോന്നുന്നു.. ഒരു ചെറിയ പുഞ്ചിരി അവന്റെ മുഖത്ത് വിരിയുന്നതു കണ്ട് അവൾ കണ്ണിമക്കാതെ നോക്കി നിന്നു. പുറത്ത് നിറയെ കൊറോണ രോഗം മൂലമുള്ള ആശങ്കകളും ആവലാതികളുമാണ്. മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടായിരുന്നു. താൻ അവധിയിലാണല്ലോ എന്ന അറിവ് അവൾക്ക് ആശ്വാസം പകർന്നു. ദൂരെ കിലോമീറ്ററുകൾ അപ്പുറം താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഭയാനകമായ വർത്തകൾ അവൾ ഫോണിലൂടെ അറിയുന്നുണ്ടായിരുന്നു. താമസിക്കുന്നതിനു സമീപം കുറച്ചുപേർക്ക് രോഗം സ്ഥിരീകരിച്ചതു അവളെ ആശങ്കപ്പെടുത്തി. ഫോൺ ശബ്ദിക്കുന്നതു കേട്ടാണ് അവൾ എണീറ്റത്.ഒരു മെസ്സേജ്. അത് കണ്ട് അവൾ ഞെട്ടി. അടിയന്തിരമായി ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവ്. അവളുടെ മനസ്സിൽ തീയാളി. മനസ്സിലൂടെ കുഞ്ഞിന്റെയും ഭർത്താവിന്റെയും മുഖങ്ങൾ മിന്നിമറഞ്ഞു. എന്തുചെയ്യണം എന്നറിയാതെ അവളുടെ മനസ്സ് അലഞ്ഞു. കുഞ്ഞിനെ വിട്ടിട്ട് എങ്ങനെ..? ജോലി ഉപേക്ഷിക്കാൻ സാധിക്കില്ല... ഒരു വശത്തു ഫോണിലൂടെ കണ്ട സഹായം അഭ്യർത്ഥിക്കുന്ന മുഖങ്ങൾ. മറുവശത്ത്‌ അമ്മയുടെ ലാളനകൾ ഏറ്റു വാങ്ങാൻ വെമ്പുന്ന കുഞ്ഞ്. പെട്ടെന്ന് അവളുടെ മനസ്സിൽ ഉത്തരവാദിത്വബോധത്തിന്റെ പ്രകാശം നിറഞ്ഞു. താനൊരു നേഴ്സാണ്.. മരണം കാത്തുകിടക്കുന്നവർക്ക് സ്വാന്തനമേകി അവരുടെ പ്രത്യാശയായി മാറേണ്ടത് തന്റെ കടമയാണ് എന്നവൾ കരുതി. അടുത്ത ദിവസം തന്നെ അവൾ ആശുപത്രിയിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങി. ഭർത്താവിന്റെയും കുഞ്ഞിന്റെയും നിറമുള്ള ഓർമ്മകൾ മനസ്സിൽ നിറച്ച് അനിശ്ചിതത്വത്തിന്റെ പാതയിലേക്ക് അവൾ കാൽ വച്ചപ്പോൾ ആദിൽ മോന്റെ കണ്ണിൽ നഷ്ടബോധത്തിന്റെ മിഴിനീർ പെയ്തിറങ്ങിയിരുന്നു. ആശുപത്രിയിലെ അവസ്ഥ അവൾ വിചാരിച്ചതിനേക്കാൾ ഭയാനകമായിരുന്നു. ജീവനുവേണ്ടിയുള്ള തേങ്ങലുകൾ... മരണത്തിന്റെ കാലടി ശബ്ദത്തിൽ പതറിപ്പോകുന്ന മുഖങ്ങൾ.. സ്വന്തം സുരക്ഷയും ആരോഗ്യവും മറന്നു രോഗികളുടെ ജീവൻ നിലനിർത്താൻ രാവെന്നോ പകലെന്നോ അറിയാതെ പണിയെടിക്കുന്നവർ. ചുരുങ്ങിയ സമയത്തിനുള്ളിൽ അവളും അവരിലൊരാളായി.. കൊറോണ എന്ന മാരക രോഗത്തിൽ നിന്നും കരകയറാനുള്ള യുദ്ധത്തിൽ അവളും പങ്കാളിയായി. പി. പി. ഇ സ്യൂട്ടിനുള്ളിലെ ചൂടിൽ എരിയുമ്പോഴും മകനെയും പ്രിയതമനെയും കുറിച്ചുള്ള ആവലാതികളിൽ നീറുമ്പോഴും അവളുടെ കണ്ണുകൾ അവയെല്ലാം മറച്ചുവച്ചു പ്രത്യാശയുടെ കിരണങ്ങൾ ചൊരിയാൻ സദാ ജാഗരൂകരായിരുന്നു. വല്ലപ്പോഴും കിട്ടുന്ന കുറച്ചു സമയം അവൾ ഫോണിലൂടെ പ്രിയതമന്റെ ആശ്വാസ വാക്കുകൾക്കും കുഞ്ഞിന്റെ കരച്ചിലുകൾക്കും കാതോർക്കും. അങ്ങനെ കുറെ ദിവസങ്ങൾ.. രോഗികൾക്ക് സ്വാന്തനമേകാൻ അവൾ സംസാരിച്ചപ്പോൾ അവളുടെ ശബ്ദമിടറി.. തൊണ്ടയിൽ നനവ് വറ്റുന്നതുപോലെ.. ആശങ്കയുടെ മിന്നല്പിണരുകൾ മനസ്സിലൂടെ കടന്നുപോയി. ഒടുവിൽ അവളും പരിശോധനക്ക് വിധേയയായി. തനിക്കും കോറോണയാണ് എന്ന വിവരം അവളുടെ മനസ്സിനെ ഉലച്ചു.പക്ഷെ അവൾ ഭർത്താവിനോട് ഇതെല്ലാം മറച്ചുവച്ചു.ആസ്മ രോഗമുള്ള അവളുടെ ശരീരത്തെ കീഴടക്കാൻ വൈറസിനു അധികനാൾ വേണ്ടിവന്നില്ല...വെന്റിലേറ്ററിൽ കിടന്നുകൊണ്ട് അവൾ മരണവുമായിമല്ലിട്ടു.പ്രിയതമയുടെ ഫോൺ കോളുകൾ നിലച്ചപ്പോൾ ജോലിത്തിരക്കായിരിക്കും എന്ന് കരുതി അവൻ വിട്ടുകളഞ്ഞു... അടുത്ത ദിവസം അവൻ അവളുടെ ഫോണിലേക്ക് വിളിച്ചു. കിട്ടില്ല എന്നറിയാമായിരുന്നിട്ടും.... പക്ഷെ മറുവശത്തു ഹലോ എന്ന ശബ്ദം കേട്ടപ്പോൾ അവന്റെ ഹൃദയം തന്റെ പ്രിയതമയുടെ വാക്കുകൾക്കായി ദാഹിച്ചു... എന്നാൽ അവന്റെ കാതുകൾ കേട്ടത് മറ്റൊരു നഴ്സിന്റെ വിറയ്ക്കുന്ന സ്വരമായിരുന്നു... തന്റെ മാലാഖ കോറോണയോട് മല്ലിട്ട് അവസാനം മരണത്തിനു കീഴടങ്ങി എന്ന ദുരന്തവാർത്ത ഉൾക്കൊള്ളാൻ അവനു സാധിച്ചില്ല. അവസാനമായി ഒരു നോക്ക് കാണുവാൻ പോലും സാധിക്കില്ലല്ലോ എന്ന ചിന്ത അവന്റെ മനസ്സിനെ കാർന്നു തിന്നാൻ തുടങ്ങി....അമ്മയുടെ വിയോഗം ആദിൽമോനും അറിഞ്ഞുവെന്ന് തോന്നുന്നു. അവന്റെ കണ്ണുകളാകെ നിറഞ്ഞു തുളുമ്പിയിരിക്കുന്നു... അമ്മിഞ്ഞപ്പാലിനായി അവൻ കൊതിക്കുന്നുണ്ടായിരുന്നു... തന്റെ മാലാഖ തന്നെ വിട്ടു പോയിട്ടില്ല...അവൾ ഇപ്പോഴും തന്റെ കൂടെയുണ്ട് എന്നാശ്വസിച്ചു ആദിൽ മോനെ കൈയിൽ എടുത്ത് ജനാലയുടെ ചില്ലുപാളികൾക്കിടയിലൂടെ അവൻ ആകാശത്തേക്കു നോക്കി. പ്രത്യാശയുടെയും പ്രതീക്ഷയുടെയും പ്രകാശം വിതറി അവൾ പുഞ്ചിരിക്കുന്നതായി അവനു തോന്നി.. നമ്മൾ അതിജീവിക്കും എന്ന് അവൾ തന്നോട് പറയുന്നതുപോലെ.....

രാഖി സുരേഷ്
11 വിമലമാതാ എച്ച്.എസ്സ്.കദളിക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ