വിദ്യലയം പ്രതിഭകളോടൊപ്പം 2019-20/ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം
വിദ്യാലയം പ്രതിഭകളോടൊപ്പം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മികവുകൾ പ്രതിഭകളിലെത്തിക്കുന്നതിനും അവരുടെ അറിവും അനുഭവങ്ങളും വിദ്യാലയങ്ങൾക്ക് പ്രയോജനപ്പെടുന്നതിനുമാണ് ഈ പരിപാടി നടത്തുന്നത്. സ്കൂൾ പ്രവർത്തനങ്ങൾ അവരിലെത്തിക്കുന്നതിനും നമ്മുടെ കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയും.ഇതിന്റെ ഭാഗമായി നവംബർ 14-ാം തീയതി രാവിലെ ഹൈസ്കൂളിലെയും ഹയർ സെക്കൻഡറിയിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും കൂടി പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ ശ്രീ.കേശവൻ നായർ സാറിനേയും ഉച്ചതിരിഞ്ഞ് യു.പി.വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കൂടി പൂർവ്വ വിദ്യാർത്ഥിയും ആർട്ടിസ്റ്റ് രാധാകൃഷ്ണൻ സാറിനെയും ആദരിച്ചു.
പി.കേശവൻ നായർ - പ്രപഞ്ചത്തിന്റെ ചരിത്രകാരൻ
വിദ്യാലയം പ്രതിഭകൾക്കൊപ്പം പദ്ധതിയുടെ ഭാഗമായി കൊല്ലം ഗവ.മോഡൽ ബോയ്സ് എച്ച് എസ് എസിൽ നിന്ന് ഹൈസ്കൂളിലെയും ഹയർ സെക്കൻഡറിയിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും കൂടി എത്തിച്ചേർന്നത് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഭൗതികശാസ്ത്ര എഴുത്തുകാരനുമായ ശ്രീ. പി.കേശവൻ നായരുടെ വീട്ടിലാണ്. ഏഴു പതിറ്റാണ്ടുകാലത്തെ ആത്മബന്ധം വിദ്യാലയവുമായി അദ്ദേഹത്തിനുണ്ട്. അഞ്ചാം വയസ്സു മുതൽ സ്കൂൾ മൈതാനത്ത് കളിച്ചു വളർന്ന ശ്രീ കേശവൻ നായർ മലയാളിസഭ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിനാണ് മോഡൽ ബോയ്സ് സ്കൂളിലെത്തുന്നത്. ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ സ്കൂളിന്റെ പൂർവകാല ചരിത്രം അയവിറക്കിക്കൊണ്ട് അത് പുത്തൻ തലമുറയ്ക്കായി അദ്ദേഹം പകർന്നു നൽകി. സി.കേശവന്റെ 'ജീവിതസമരം ' എ.ശ്രീധരമേനോന്റെ ' A Survey of Kerala History' , ഭാസ്കരനുണ്ണിയുടെ 'കൊല്ലത്തിന്റെ ചരിത്രം ' തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ സ്കൂളിനെ കുറിച്ചുള്ള പരാമർശങ്ങൾ കുട്ടികൾക്ക് വിശദമാക്കി.
1836ൽ സ്ഥാപിതമായ ഹിസ് ഹൈനസ് മഹാരാജാ ഇംഗ്ലീഷ് മീഡിയം സ്കൂൾ - പിൽക്കാലത്ത് ഗവ.മോഡൽ ബോയ്സ് സ്കൂളായി മാറിയ കഥ പറയുമ്പോൾ പ്രഗത്ഭരായ അദ്ധ്യാപകരെയും പിൽക്കാലത്ത് ശ്രദ്ധേയരായ വിദ്യാർത്ഥികളേയും കേശവൻ നായർ സാർ ഓർത്തെടുത്തു. സി.വി.കുഞ്ഞിരാമൻ ( കേരളകൗമുദി) എ.പി.ഗോപാലപിള്ള , ഭരതൻ എന്നീ അദ്ധ്യാപകർക്കൊപ്പം സി.കേശവൻ, അടൂർ ഭാസി, അബു എബ്രഹാം , മലയാറ്റൂർ രാമകൃഷ്ണൻ, ഡോ.കെ.എൻ.പൈ, മേജർ ശങ്കരൻ നായർ , കെ.പി.എസ്.മേനോൻ ,ടി.കെ.ദിവാകരൻ, എ.എ.റഹിം , കെ.എം.മാത്യു. ആർ.ബാലകൃഷ്ണപിള്ള തുടങ്ങി വിവിധ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി. ആദ്യകാലത്ത് പ്രഥമാധ്യാപകർ കുതിരപ്പുറത്ത് വന്നിരുന്നുവെന്നത് കുട്ടികൾക്ക് കൗതുകമുള്ള കേൾവിയായിരുന്നു.
ശ്രീ. കേശവൻ നായർ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് ഊർജതന്ത്രത്തിൽ ബിരുദവും മധ്യപ്രദേശിലെ രവിശങ്കർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. ജൂനിയർ കോളേജ് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. സി.പി.ഐ.എം ട്രേഡ് യൂണിയൻ ആക്ടിവിസ്റ്റായ അദ്ദേഹം 2005ൽ രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ചു.1980- 82 കാലത്ത് സ്കൂൾ പി.ടി.എ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നപ്പോൾ അദ്ധ്യാപകനായ ശ്രീ.ബ്രഹ്മാനന്ദനുമായി ചേർന്ന് ദാരിദ്ര്യമനുഭവിച്ചിരുന്ന കുട്ടികൾക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തിരുന്നു. പൂർവ വിദ്യാർത്ഥി സംഘടനയുടെ അധ്യക്ഷനായി 15 വർഷം പ്രവർത്തിച്ചു, ശ്രീ. കേശവൻ നായർ .
സ്കൂളിന്റെ ചരിത്രകാരൻ മാത്രമായല്ല അദ്ദേഹം കുട്ടികൾക്ക് മുന്നിൽ പകർന്നാടിയത്.പ്രപഞ്ചത്തിന്റെ ചരിത്രകാരൻ കൂടിയായി ശ്രീ.കേശവൻ നായർ . കോസ്മോളജിയിൽ ഗവേഷണാത്മക പഠനം നടത്തി 'പ്രപഞ്ചം' എന്ന കൃതി രചിച്ച അദ്ദേഹം , സ്റ്റീഫൻ ഹോക്കിങിനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുകയും ചെയ്തു. 'സ്റ്റീഫൻ ഹോക്കിങിന്റെ പ്രപഞ്ചം ' അങ്ങനെ എഴുതിയതാണ്. 'ചുവപ്പിനപ്പുറം' അദ്ദഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ആണ്. മാതൃഭൂമി ഡിസംബറിൽ അദ്ദേഹത്തിന്റെ 'കാലം' എന്ന കൃതി പ്രസിദ്ധീകരിക്കുന്നുണ്ട് .
കോസ് മോളജിയിലും അസ് ട്രോഫിസിക്സിലും അവഗാഹം നേടിയിട്ടുള്ള കേശവൻ നായർ സ്റ്റെല്ലാ റെവല്യൂഷൻ, മെറ്റമോർഫിസ് തുടങ്ങിയവയിൽ കുട്ടികൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. ശ്രീ. കേശവൻ നായർ സാറുമായുള്ള ഈ കൂടിക്കാഴ്ച ബോയ്സ് സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും എക്കാലത്തും സൂക്ഷിക്കാനുള്ള ഒരവിസ്മരണീയ അനുഭവം തന്നെയാണ്.
-
പ്രതിഭയോടൊപ്പം
-
അനുഭവങ്ങൾ പങ്കുവയ് കുന്നു
-
അനുഭവങ്ങൾ പങ്കുവയ് കുന്നു
-
അനുഭവങ്ങൾ പങ്കുവയ് കുന്നു
-
സാറിനോടൊപ്പം
ആർട്ടിസ്റ്റ് രാധാകൃഷ്ണൻ
പ്രതിഭകളിലേക്ക് ..... എന്ന പരിപാടിയുടെ ഭാഗമായി യു.പി.വിഭാഗം കുട്ടികളും അധ്യാപകരും ചെന്നെത്തിയത് കൊല്ലം ഗവ.മോഡൽ ബോയ്സ് .എച്ച്.എസിലെ പൂർവ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീ. രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ അടുത്താണ്. പ്രശസ്തനാകേണ്ട വ്യക്തിയായിരുന്നിട്ടും പ്രശസ്തി നേടാൻ കഴിയാതെ പോയ ആൾ. കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരച്ചിരുന്നെങ്കിലും അധികമായ താൽപര്യം കാട്ടിയില്ല. 1977 ൽ മോഡൽ ബോയ്സിലെ വിദ്യാർത്ഥിയായി വന്നപ്പോഴാണ് അദ്ദേഹത്തിലെ പ്രതിഭ ശ്രദ്ധിക്കപ്പെട്ടത്. അന്ന് ചിത്രകലാധ്യാപകനായ എ.ഹമീദ് സാർ ഒരു പാട് പ്രോത്സാഹിപ്പിച്ചു. നിർബന്ധിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. ജീവിതം പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ കലാകാരന്റെ ജീവിതം. ചിത്രകാരൻ പിന്നെത്തിച്ചേർന്നത് ഐ.ടി.ഐയിൽ പ്ലംബിങ്ങ് പഠനത്തിനാണ്. അതാകട്ടെ താൽപര്യമില്ലാത്ത പഠനവും. 13, 14 വയസ്സിൽ ധാരാളം ചിത്രങ്ങൾ വരച്ചു തുടങ്ങി. പല പ്രദർശനങ്ങൾ . പത്രവാർത്തകളിൽ നിറഞ്ഞു നിന്ന കലാജീവിതം. പക്ഷേ, ജീവിതാവസ്ഥകൾ കൊണ്ട് മുരടിച്ചു പോയി. സന്ദർഭങ്ങൾക്കനുസരിച്ചുള്ള നിറഭേദങ്ങൾ ആണ് ശ്രീ.രാധാകൃഷ്ണന്റെ ചിത്രരചനാശൈലിയുടെ സവിശേഷത. " ചിത്രങ്ങൾ പകർത്തിയെഴുത്താകരുത്, അത് സാഹിത്യം പോലെ ഭാവനാംശം നിറഞ്ഞതാ കണ"മെന്ന് രാധാകൃഷ്ണൻ സാർ പറയുന്നു. 'ധാരാളം വായിക്കണം വായനയിലൂടെയേ നല്ല ആശയങ്ങൾ ലഭിക്കൂ' - ശ്രീ. രാധാകൃഷ്ണൻ സാർ കുട്ടികൾക്ക് നൽകിയ സന്ദേശം ഇതായിരുന്നു. കൂട്ടുകുടുബത്തിലെ പരിമിതികളിൽ കഴിയമ്പോഴും ചിത്രങ്ങൾ വരക്കാൻ സമയം കണ്ടെത്തുന്നു. വൈവിധ്യമാർന്ന ചിത്രശേഖരങ്ങൾ അദ്ദേഹത്തിന്റ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ചിത്രങ്ങൾ വരച്ചുനൽകും. രാജാ രവിവർമ്മ ചിത്രങ്ങളുടെ ആരാധകനായ ഈ കലാകാരൻ ഇന്ന് ഒരു പെട്ടിക്കട നടത്തിയാണ് ഉപജീവനം കഴിക്കുന്നത്.
-
പ്രതിഭ വരച്ച ചിത്രങ്ങൾ
-
പ്രതിഭ വരച്ച ചിത്രങ്ങൾ
-
പ്രതിഭ വരച്ച ചിത്രങ്ങൾ
-
പ്രതിഭ വരച്ച ചിത്രങ്ങൾ
-
പ്രതിഭ വരച്ച ചിത്രങ്ങൾ
-
പ്രതിഭ വരച്ച ചിത്രങ്ങൾ
-
പ്രതിഭ വരച്ച ചിത്രങ്ങൾ
-
പ്രതിഭ വരച്ച ചിത്രങ്ങൾ
-
പ്രതിഭ വരച്ച ചിത്രങ്ങൾ
-
പ്രതിഭ വരച്ച ചിത്രങ്ങൾ