ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/അക്ഷരവൃക്ഷം/പാഠം ഒന്ന് - പരിസ്ഥിതി

പാഠം ഒന്ന് - പരിസ്ഥിതി      


പ്രകൃതി മനുഷ്യരാശിയുടെ പരമപ്രധാനവും അവിഭാജ്യവുമായ ഭാവമാണ്. മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണിത്. എന്നിരുന്നാലും ഇപ്പോൾ മനുഷ്യരൊന്നടങ്കം ഈ സത്യത്തെ അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്നു. നിരവധി കവികൾക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും നല്ലവരായ മനുഷ്യർക്കും പ്രകൃതി ഒരു പ്രചോദനമാണ്. ഈ സൃഷ്ടപ്രകൃതി അതിന്റെ മഹത്വത്തിൽ കവിതകളും കഥകളും എഴുതാനും വരകളും വർണ്ണങ്ങളും തീർക്കാനും ജീവലോകത്തെ വളർത്താനും അവരെ പ്രചോദിപ്പിച്ചു. അവരുടെ സൃഷ്ടികളിൽ പ്രതിഫലിക്കുന്ന പ്രകൃതിയെ അവർ ശരിക്കും വിലമതിച്ചു. അടിസ്ഥാനപരമായി നാം കുടിക്കുന്ന വെള്ളം, ശ്വസിക്കുന്ന വായു, ചൂടു തരുന്ന സൂര്യൻ, നിലാവു നൽകുന്ന ചന്ദ്രൻ, പറക്കുന്ന പക്ഷികൾ, ചലിക്കുന്ന മൃഗങ്ങൾ എന്നിവയും അതിലേറെയും പ്രകൃതിയുടെ വിവിധ ഭാവഭേദങ്ങളാണ്. എല്ലാറ്റിനും ഉപരിയായി അത് സമ്പന്നവും ഊർജ്ജസ്വലവുമാണ്, കൂടാതെ ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കൾ അതിലടങ്ങിയിരിക്കുന്നു. അതിനാൽ ആധുനിക യുഗത്തിലെ മനുഷ്യർ തങ്ങളുടെ പൂർവീകർ, പഴയ മനുഷ്യർ എന്നിവരിൽ നിന്നെല്ലാം പ്രകൃതിയെക്കുറിച്ചു പഠിക്കുകയും ഏറെ വൈകുന്നതിനു മുൻപുതന്നെ അവയെ വിലമതിക്കുകയും വേണം.
മനുഷ്യർക്കു വളരെ മുൻപ് തന്നെ പ്രകൃതി അതിന്റെ പൂർണ്ണ തനിമയോടെ നിലനിൽക്കുന്നുണ്ട്. അത് മനുഷ്യരാശിയെ പരിപാലിക്കുകയും എന്നന്നേയ്ക്കുമായി പോഷിപ്പിക്കുകയും ചെയ്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് എല്ലാത്തരം നാശനഷ്ടങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ഒരു സുരക്ഷാപാളി വാഗ്ദാനം ചെയ്യുന്നു. പ്രകൃതിയില്ലാതെ മാനവരാശിയുടെ നിലനിൽപ്പ് അസാധ്യമാണെന്നുള്ള വലിയ യാഥാർത്ഥ്യബോധം നമുക്കുണ്ടാവേണ്ടത് അനിവാര്യമാണ്. മനുഷ്യൻ തന്റെ നശീകരണ മനോഭാവത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ആ പ്രപഞ്ചം തന്നെ ഇല്ലാതായെന്നു വരാം. അതിന്റെയെല്ലാം മുന്നറിയിപ്പെന്ന രീതിയിലാണ് ഓരോ ദുരന്തവും സംഭവിക്കുന്നത്. മനുഷ്യന് രക്ഷപ്പെടാനുള്ള വഴികൾ ഇനിയും അടഞ്ഞുപോയിട്ടില്ല. നാം നമ്മുടെ പരിസ്ഥിതിയെ സ്നേഹത്തോടെ പരിപാലിക്കുക, അപ്പോൾ അവ നമ്മെയും സ്നേഹിക്കും.

ആൽഡ്രിൻ ഇഗ്നേഷ്യസ്
10A ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം